- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപി മടക്കിയ നിവേദനം വീട്ടിലെത്തി സ്വീകരിച്ച് സിസി മുകുന്ദന്‍ എംഎല്‍എ; വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സിപിഎമ്മിന്റെ വാഗ്ദാനം; സുരേഷ്ഗോപിയുടെ നിവേദനം നിരസിക്കല്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എല്‍ഡിഎഫ്
സുരേഷ് ഗോപി മടക്കിയ നിവേദനം വീട്ടിലെത്തി സ്വീകരിച്ച് സിസി മുകുന്ദന്‍ എംഎല്‍എ
തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിക്കാതെ മടക്കിയ കൊച്ചു വേലായുധന്റെ നിവേദനം വീട്ടിലെത്തി കൈപ്പറ്റി നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍. വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം. ഞായറാഴ്ചയാണ് സി സി മുകുന്ദന്‍ എംഎല്‍എ കൊച്ചു വേലായുധന്റെ വീട്ടിലെത്തിയത്. വീടിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇടപെടണം എന്നായിരുന്നു കൊച്ചു വേലായുധന്റെ നിവേദനത്തിലെ ആവശ്യം.
കൊച്ചു വേലായുധന്റെ വീടിന്റെ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും എംഎല്‍എ അറിയിച്ചു. എംഎല്‍എ യോടൊപ്പം സിപിഐ ചേര്‍പ്പ് മണ്ഡലം സെക്രട്ടറി കെ കെ ജോബി , ഗ്രാമപഞ്ചായത്ത് അംഗം ഷില്ലി ജിജുമോന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു. അതേസമയം, കൊച്ചുവേലായുധന് വീട് നിര്‍മിച്ചു നല്‍കുമെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ വീട്ടിലെത്തി വേലായുധന് ഉറപ്പ് നല്‍കി. ഉടന്‍ വീട് നിര്‍മാണം തുടങ്ങുമെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
കഴിഞ്ഞ കാലവര്‍ഷ കെടുതിയില്‍ വീടിനു മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കുര തകര്‍ന്ന വേലായുധന്റെ വീട് സി സി മുകുന്ദന്‍ എംഎല്‍എ സന്ദര്‍ശിക്കുകയും 1.20 ലക്ഷം റവന്യൂ - ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവിലെ വീടിന്റെ ശോചനീയവസ്ഥ മൂലമാണ് സുരേഷ് ഗോപി എംപിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കൊച്ചു വേലായുധന്‍ നിവേദനം നല്‍കിയത്. എന്നാല്‍ സുരേഷ് ഗോപി നിവേദനം വാങ്ങാതെ നിരസിച്ചിരുന്നു.
പുള്ളില്‍ സംഘടിപ്പിച്ച 'കലുങ്ക് വികസന സംവാദ'ത്തിലായിരുന്നു കൊച്ചു വേലായുധന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നല്‍കാന്‍ ശ്രമിച്ചത്. നിവേദനം നീട്ടിയപ്പോള്‍ വാങ്ങാന്‍ വിസമ്മതിച്ച സുരേഷ് ഗോപി 'അതൊന്നും ഒരു എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയ്' എന്നായിരുന്നു പ്രതികരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാത്ത സംഭവം വലിയ വേദന ഉണ്ടാക്കിയെന്ന് പുള്ള് സ്വദേശി കൊച്ചു വേലായുധന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിവേദനം വായിക്കാതെ, വാങ്ങാതെ മടക്കി വിടുമെന്ന് കരുതിയില്ലെന്നും കൊച്ചു വേലായുധന്‍ പറഞ്ഞിരുന്നു.