തൃശ്ശൂര്‍: ജില്ലയിലെ സിപിഐയിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന ഭീഷണി മുഴക്കി നട്ടിക എംഎല്‍എ സി സി മുകുന്ദന്‍. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും തനിക്ക് ക്ഷണമുണ്ടെന്ന് മുകുന്ദന്‍ വെളിപ്പെടുത്തി. താന്‍ തല്‍ക്കാലം അത്തരം ക്ഷണങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.

അതേസമയം സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയതല്ലെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. ചില ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പോന്നത്. മരണം വരെ പാര്‍ട്ടിയില്‍ തുടരുമെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു. കഴിഞ്ഞദിവമാണ് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ എംഎല്‍എയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. അതേസമയം, കളവ് ചെയ്ത തന്റെ പിഎയെ പാര്‍ട്ടി സംരക്ഷിക്കുകയാണൈന്നും മുന്‍ പിഎ മസൂദ് കള്ള ഒപ്പിട്ട് സര്‍ക്കാരില്‍ നിന്നും പണം തട്ടിയെന്നും എംഎല്‍എ ആരോപിച്ചു. ഇക്കാര്യം പാര്‍ട്ടി അറിഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു.

'എന്റെ ആദ്യ പിഎ ലെറ്റര്‍ പാഡുകള്‍ ദുരുപയോഗം ചെയ്തു. തന്റെ വ്യാജ ഒപ്പിട്ട് അനുകൂല്യങ്ങള്‍ പറ്റി. ഇതിനെതിരെ അന്വേഷണം നടക്കുകയാണ്. പാര്‍ട്ടിയെ അറിയിച്ചു. പക്ഷെ പരിഹാരം ഉണ്ടായില്ല. കളവ് ചെയ്ത പിഎയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. മസൂദ് കെ. വിനോദിന് പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. തനിക്കെതിരെ ടാര്‍ജറ്റ് ചെയ്തു സമ്മേളനത്തില്‍ വ്യക്തിപരമായ ചര്‍ച്ച നടന്നു', സി.സി. മുകുന്ദന്‍.

പാര്‍ട്ടി സ്ഥാനം നഷ്ടമായതല്ല ഇപ്പോഴത്തെ വലിയ പ്രശ്‌നം വീടിന്റെ ജപ്തി ഭീഷണിയാണെന്നും എംഎല്‍എ പറഞ്ഞു. വീട് കടംകേറി ജപ്തിയിലായി. സാമ്പത്തിക പ്രതിസന്ധി മൂലം ലോണ്‍ അടക്കാന്‍ കഴിയുന്നില്ല. എംഎല്‍എ ആയതുകൊണ്ട് മാത്രമായിരിക്കാം വീട് ജപ്തി ചെയ്യാത്തത്. എംഎല്‍എ സ്ഥാനത്തേക്കാള്‍ വീട് ജപ്തിയിലായതാണ് തന്റെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

2021-ല്‍ എംഎല്‍എ ആയതുമുതല്‍ പേഴ്സണല്‍ അസിസ്റ്റന്റായ മസൂദ് കെ. വിനോദിനെ മാറ്റിത്തരണമെന്ന് മുകുന്ദന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിഗണിക്കാതിരുന്നത് എംഎല്‍എയെ ചൊടിപ്പിച്ചു. വി .എസ്. സുനില്‍കുമാര്‍ മന്ത്രിയായിരിക്കുമ്പോഴും എംഎല്‍എയായിരിക്കുമ്പോഴും പിഎ ആയിരുന്നു മസൂദ്. പിഎയായി പാര്‍ട്ടി നിയമിച്ച വ്യക്തി ലെറ്റര്‍ ഹെഡ്ഡുകള്‍ ദുരുപയോഗം ചെയ്തെന്ന എംഎല്‍എയുടെ പരാതി കേസിലേക്കെത്തി.

ഇതിനിടെ പാര്‍ട്ടി നിയോഗിച്ച പേഴ്സണല്‍ അസിസ്റ്റന്റും എംഎല്‍എ കണ്ടെത്തി നിയോഗിച്ച ഓഫീസ് അസിസ്റ്റന്റും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായി. പേഴ്സണല്‍ അസിസ്റ്റന്റിനെ മാറ്റണമെന്നും ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുകുന്ദന്‍ നിയമസഭയ്ക്ക് കത്തയച്ചു.

അതോടെ പേഴ്സണല്‍ അസിസ്റ്റന്റ് രാജിവെച്ചു. തുടര്‍ന്ന് നടപടിയുണ്ടാകാതിരുന്നതോടെ മുകുന്ദന്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു. ജനുവരി 28-ന് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എംഎല്‍എയുടെ മൊഴിയെടുത്തു. മൊഴിയില്‍ ഉറച്ചുനിന്നതോടെ, പേഴ്സണല്‍ അസിസ്റ്റന്റിനെതിരേ കര്‍ശനവകുപ്പുകളില്‍ കേസെടുത്തു. ഇത് പാര്‍ട്ടിക്ക് ക്ഷീണമായി.

കേസ് കോടതിയിലെത്തുമ്പോള്‍ മൊഴി മാറ്റണമെന്ന് എംഎല്‍എയ്ക്കുമേല്‍ പാര്‍ട്ടി ഉന്നതതലത്തില്‍നിന്ന് സമ്മര്‍ദമുണ്ടായി. ഇതിനായി പാര്‍ട്ടിയുടെ ജില്ലാ സെന്റര്‍ ചേര്‍ന്നു. കണ്‍ട്രോള്‍ കമ്മിഷനും ഇടപെട്ടു. എന്നാല്‍ എംഎല്‍എ പ്രതികരിച്ചില്ല. എംഎല്‍എയുടെ നീക്കത്തിനു കാരണം ഓഫീസ് അസിസ്റ്റന്റ് ആണെന്ന് വിലയിരുത്തി അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഇത് ജില്ലാ എക്സിക്യുട്ടീവ് അംഗീകരിച്ചു. എന്നാല്‍, നടപ്പാക്കാന്‍ എംഎല്‍എ തയ്യാറായില്ല. അതിനിടെ സംഭവം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിലെത്തുകയും എംഎല്‍എയ്ക്ക് താക്കീത് കിട്ടുകയും ചെയ്തു.

അതോടെ ഓഫീസ് അസിസ്റ്റന്റിനെ മാറ്റി. പിന്നീട് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഇതിനെത്തുടര്‍ന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പല തലങ്ങളിലായി ഉയര്‍ന്നു. ഇതിനിടെ എംഎല്‍എയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ തര്‍ക്കവും തലവേദനയായി. ഇദ്ദേഹത്തെ സ്ഥലംമാറ്റിയാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്.

ജില്ലാസമ്മേളനം അവസാനിച്ചപ്പോള്‍ ജില്ലയിലെ സിപിഐ എംഎല്‍എമാരെല്ലാം ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സി.സി. മുകുന്ദന്‍ മാത്രം പുറത്ത്. നാട്ടിക മണ്ഡലത്തിലെ എംഎല്‍എയും അന്തിക്കാട്ടുനിന്നുള്ള മുതിര്‍ന്ന നേതാവുമായ മുകുന്ദനെ ഒഴിവാക്കിയതിന് വ്യക്തമായ കാരണങ്ങളും പറഞ്ഞിട്ടില്ല. പി. ബാലചന്ദ്രന്‍, ഇ.ടി. ടൈസണ്‍, വി.ആര്‍. സുനില്‍കുമാര്‍ എന്നീ എംഎല്‍എമാരെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിപിഐയുടെ കര്‍ഷകബഹുജന സംഘടനയായ ബികെഎംയുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് മുകുന്ദന്‍. പാര്‍ട്ടി മാനദണ്ഡപ്രകാരം എഴുപത്തിയഞ്ചാണ് ഒഴിയേണ്ട പ്രായപരിധി. അറുപത്തിയേഴുകാരനാണ് മുകുന്ദന്‍. കള്ള ഒപ്പിട്ട് പറ്റിച്ച് പണം തട്ടിയ മുന്‍ പിഎ മസൂദ് കെ. വിനോദിനെതിരേ പരാതി ഇല്ലെന്ന് പറയാന്‍ നേതൃത്വം പ്രേരിപ്പിച്ചുവെന്നാണ് മുകുന്ദന്‍ ആവര്‍ത്തിക്കുന്നത്. ഒപ്പിട്ടത് താനാണെന്ന് പറയണമെന്നും പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നും മസൂദിനെ വിളിച്ച് അന്വേഷിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മസൂദിനെതിരേ വ്യാജരേഖ ചമയ്ക്കല്‍ കേസ് തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്തിട്ടുണ്ട്.

നേരത്തെ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മുകുന്ദനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും ഒഴിവാക്കിയിരുന്നു. കെ.ഇ. ഇസ്മായിലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുകുന്ദന്‍ ഇസ്മായില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നവകേരള സദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയും മുകുന്ദന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എംഎല്‍എയുമായി ബന്ധപ്പെട്ട നിരന്തര പരാതികളെ തുടര്‍ന്നാണ് നടപടി.