തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാവിട്ട വാക്കുകള്‍ സിപിഎമ്മിന് തുടര്‍ച്ചയായി പ്രഹരമാകുകയാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പു കാലത്ത് നടത്തിയ ആര്‍എസ്എസ് സഹകരണ പ്രസ്താവന ഏറെ വിവാദ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവന പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുകയും ചെയ്തു. മുഖ്യമന്ത്രി അടക്കം ഗോവിന്ദനെ തിരുത്തിയെങ്കിലും അദ്ദേഹം സൃഷ്ടിച്ച വിവാദങ്ങള്‍ സിപിഎമ്മിന് വലിയ തലവേദന ആകുകയാണ് ഉണ്ടായത്. ഇപ്പോഴിതാ വീണ്ടും ഗോവിന്ദന്റെ പ്രസ്താവനകള്‍ സിപിഎമ്മിനെ വെട്ടിലാക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത കാലത്ത് എല്‍ഡിഎഫിലേ കേരളാ കോണ്‍ഗ്രസിന്റെ മുഖ്യവോട്ടുബാങ്ക് കൂടിയായ കത്തോലിക്കാ വിഭാഗത്തെ പിണക്കുന്ന വിധത്തിലാണ് പ്രസ്താവന. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ചത് പരിധിവിട്ട് വിമര്‍ശിച്ചത്. ഇതാണ് പുതിയ വിവാദത്തിനും വഴിവെച്ചത്. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ശക്തമായാണ് കത്തോലിക്ക സംഘടനകള്‍ രംഗത്തുവന്നത്. കത്തോലിക്കാ കോണ്‍ഗ്രസ് നിശിദമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു.

എം.വി. ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍ മറക്കരുത്. പ്രസ്താവന തിരുത്തണോയെന്ന് എം.വി ഗോവിന്ദന്‍ തീരുമാനിക്കട്ടെ. മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രി തന്നെ നേരത്തെ ശാസിച്ചു. ഗോവിന്ദന്‍ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എം.വി. ഗോവിന്ദന്‍ ഉന്നയിച്ചത്. ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് പറഞ്ഞ അദ്ദേഹം ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ ബി.ജെ.പിക്കെതിരെ പറഞ്ഞ പാംപ്ലാനി, ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷായെ സ്തുതിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരായാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതികരണം.

നേരത്തെ തലശേരി അതിരൂപത തന്നെ എം.വി. ഗോവിന്ദനെതിരെ രംഗത്തുവന്നിരുന്നു. എം.വി ഗോവിന്ദന്റെ പരാമര്‍ശം ഫാഷിസ്റ്റ് ശക്തികളുടേതിന് സമാനമെന്നാണ് തലശ്ശേരി അതിരൂപത കുറ്റപ്പെടുത്തിയത്. എ.കെ.ജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങിയതിനു ശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്താന്‍ പാടുള്ളൂ എന്ന സമീപനം ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ ശക്തിയുക്തം എതിര്‍ത്ത മാര്‍ ജോസഫ് പാംപ്ലാനി നിലപാടുകളില്‍ മാറ്റം വരുത്തി എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയല്ല എന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഇടപെടണമെന്ന സഭാ നേതൃത്വത്തിന്റെ ആവശ്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതില്‍ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. വര്‍ഗ്ഗീയ ധ്രുവീകരണം ഒഴിവാക്കാനുള്ള നിലപാടാണ് പിതാവ് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എടുക്കുന്ന ഏതൊരു നിലപാടിനെയും എക്കാലവും എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് മാര്‍ ജോസഫ് പാംപ്ലാനി പിതാവ്. സി.പി.എം പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് തികച്ചും അപലപനീയമാണ്.

യുവജന സംഘടനയുടെ ചില നേതാക്കള്‍ വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി നടത്തിയ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ് തന്നെ ഇതിന് കുടപിടിക്കുന്നത് തികച്ചും അപലപനീയമാണ്. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാര്‍ട്ടി സെക്രട്ടറി തന്നെയാണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകളെ നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാവും. ഏതെങ്കിലും പ്രസ്താവനയില്‍ ഒരാഴ്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദന്‍ മാഷിന് ഇല്ലായെന്നതിന് മലയാളികള്‍ സാക്ഷികളാണ്. സ്വന്തം പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിയെ തന്നെയും വെട്ടിലാക്കുന്ന എത്രയോ പ്രസ്താവനകള്‍ ഇദ്ദേഹത്തിന്റെ അവസരവാദത്തിന് സാക്ഷ്യങ്ങളായി മലയാളികള്‍ക്ക് മുമ്പിലുണ്ട്.

ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്വര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി കത്തെഴുതിയതിന് പാംപ്ലാനി പിതാവ് പ്രശംസിച്ചിരുന്നു. ഇതിനെയാണോ ഗോവിന്ദന്‍ മാഷ് അവസരവാദമായി ചിത്രീകരിച്ചിരിക്കുന്നതെന്നും അതിരൂപത പ്രസ്താവനയിലൂടെ ചോദിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ദേശീയ നേതൃതങ്ങള്‍ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുള്ള ഇടതു നേതാക്കള്‍ പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലിനെയും പിതാവ് പ്രശംസിച്ചിരുന്നു. ഇതൊക്കെ അവസരവാദപരം ആണെന്നാണോ ഗോവിന്ദന്‍ മാഷ് ഉദ്ദേശിക്കുന്നത്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്തുവാനുള്ള അളവുകോലായി ഉപയോഗിക്കരുതെന്നും അതിരൂപത കുറ്റപ്പെടുത്തി.

ഗോവിന്ദന്റെ വാവിട്ട വാക്കില്‍ സിപിഎം മുമ്പ് വെട്ടിലായത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു സമയത്താണ്. തിരഞ്ഞെടുപ്പ് കാലത്ത് വായില്‍ തോന്നിയത് വിളിച്ച് പറയരുതെന്നും വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ താക്കീത് നല്‍കിയത്. എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ പാര്‍ട്ടിക്കകത്തു നിന്നു പോലും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ടായിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വിവാദ പ്രസ്താവന.

വിവാദം കത്തിപ്പടര്‍ന്നതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കാന്‍ ശ്രമിച്ചെന്നും ചരിത്രത്തെ ചരിത്രമായി കാണണമെന്നും എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഎം ജനതാ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് ധാരണയിലായിരുന്നു, ആര്‍എസ്എസുമായി ഒരു ബന്ധവുമില്ല,' അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ഈ വിശദീകരണം വിവാദം തണുപ്പിക്കുന്നതിന് പകരം കൂടുതല്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നിരുന്നാലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ഗോവിന്ദന്റെ പരാമര്‍ശം സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് അന്ന് നേരിട്ടത്.