ചേലക്കര: കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളില്‍ അഞ്ചിലും നിയമസഭയിലെത്തിയ കെ രാധാകൃഷ്ണന്‍ ലോക്‌സഭാംഗമായതോടെ ചേലക്കരയിലും അനിവാര്യമായ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. കെ രാധാകൃഷ്ണന്‍ ഇഫക്റ്റ് 'ഇക്കുറിയും ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ ദൃശ്യമാകുമോ. അതോ ആറുതവണ സിപിഎമ്മിനെ പിന്തുണച്ചപ്പോഴും 4 തവണ യുഡിഎഫിനും വിജയമധുരം സമ്മാനിച്ച മണ്ഡലം നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുമോയെന്നും തൃശ്ശുരിലെ മാജിക്ക് ചേലക്കരയിലും ആവര്‍ത്തിക്കുമെന്ന ബിജെപിയുടെ വിശ്വാസത്തെ പിന്താങ്ങുമോ..ഇങ്ങനെ സസ്പെന്‍സ് ഉയര്‍ത്തി ഈ ഉപതിരഞ്ഞടുപ്പിലെ തന്നെ ശ്രദ്ധേയ മണ്ഡലമാകുന്നുണ്ട് ചേലക്കര.

സിപിഎമ്മും യുഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കെ ചേലക്കരയിലെ സാധ്യതകള്‍ എങ്ങനെയാണെന്ന് പരിശോധിക്കാം. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയായി രണ്ടുപേരുകള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അന്തിമപ്രഖ്യാപനം വരാനിരിക്കുന്നതെയുള്ളു.

മണ്ഡലത്തെ അറിയാം..

പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കര 1965ലാണ് രൂപീകൃതമായത്.ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂര്‍, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ദേശമംഗലം, വരവൂര്‍ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ആദ്യമായാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്.

അതിര്‍ത്തി പുനര്‍നിര്‍ണയം നടന്നിട്ടും മാറ്റങ്ങളൊന്നുമില്ലാത്ത ജില്ലയിലെ ഏക മണ്ഡലമാണ് ചേലക്കര.2009-ല്‍ ജില്ലയില്‍ 14 മണ്ഡലം എന്നത് 13 ആക്കി ചുരുക്കിയിരുന്നു.അതിന്റെ ഭാഗമായി മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചു.എന്നാല്‍ ചേലക്കരയുടെ അതിര്‍ത്തികളില്‍ മാറ്റമുണ്ടായില്ല.ഭാരതപ്പുഴയേയും വടക്കന്‍ മലനിരകളേയും കിഴക്കുപടിഞ്ഞാറ് ഭാഗങ്ങള്‍ പാലക്കാട് ജില്ലയേയും മണ്ഡലം അതിരിടുന്നു.കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശപോരാട്ടങ്ങളാല്‍ ഇളകിമറിഞ്ഞ ചേലക്കരയുടെ മണ്ണ് ഇടതുപക്ഷത്തിന് അടിത്തറയുള്ള പ്രദേശങ്ങളാണ്.

നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 2.11 ലക്ഷം കടന്നു.തെരഞ്ഞെടുപ്പ് വിഭാഗത്തിലെ 29 വരെയുള്ള കണക്ക് പ്രകാരം 2,11,211 വോട്ടാണുള്ളത്.ഇതില്‍ പുരുഷന്മാര്‍ 1,01,068, സ്ത്രീകള്‍ 1,10,140, ട്രാന്‍സ്‌ജെന്‍ഡര്‍ മൂന്ന് പേരുമാണ്.ഇതില്‍ 315 ജീവനക്കാരുടെ വോട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്ക് പ്രകാരം മണ്ഡലത്തില്‍ 2,02,283 വോട്ടാണുള്ളത്. ഇതില്‍ 97,303 പുരുഷന്മാരും 1,04,980 സ്ത്രീകളുമുണ്ട്.പുതുതായി വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഒക്ടോബര്‍ 15വരെയായിരുന്നു സമയം.അതുവരെ ലഭിച്ച അപേക്ഷകള്‍ 25നകം പരിശോധിച്ച് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

യുഡിഎഫ് തരംഗത്തിലും ഇടതിനെ കൈവിടാത്ത കോട്ട

1996 മുതല്‍ കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും സിപിഎം സ്ഥാനാര്‍ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. അതില്‍ അഞ്ച് തവണയും ചേലക്കരയുടെ എംഎല്‍എ കെ രാധാകൃഷ്ണനായിരുന്നു.ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്ന മണ്ഡലം പതിയെ സിപിഎമ്മിനൊപ്പം ചേരുകയായിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചേലക്കര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി.

ആറുതവണത്തെ തുടര്‍വിജയം ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷിയിലാണ് സിപിഎം.ചേലക്കര മുന്‍ എംഎല്‍എ കൂടിയായ യു ആര്‍ പ്രദീപാണ് ഇത്തവണ എല്‍ഡിഎഫിനായി വോട്ട് നേടുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും ഗുണഫലങ്ങള്‍ നേരിട്ടറിഞ്ഞ ചേലക്കരയിലെ ജനങ്ങള്‍ ഇത്തവണയും എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് വിലയിരുത്തുന്നു.


1996ല്‍ കെ രാധാകൃഷ്ണന്‍ ജയിച്ച ശേഷം എല്‍ഡിഎഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2001ലും 2006ലും 2011ലും രാധാകൃഷ്ണന്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി. 2016ല്‍ എല്‍ഡിഎഫിലെ യു ആര്‍ പ്രദീപ് കന്നി മത്സരത്തില്‍ ഉജ്വല വിജയം നേടി. 2021ല്‍ വീണ്ടും കെ രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ജയിച്ചു.എല്‍ഡിഎഫിന് 83,415 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 44,015. പോള്‍ ചെയ്ത 54.41 ശതമാനം വോട്ടും എല്‍ഡിഎഫ് നേടി.

1996ല്‍ കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തപ്പോള്‍ രാധാകൃഷ്ണന്റെ ജയം 2323 വോട്ടിനായിരുന്നു.2001 ല്‍ 1475 വോട്ടിന് ജയം ആവര്‍ത്തിച്ചു.2006 ല്‍ 14629 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നേടി. 2011 ല്‍ അത് 24676 വോട്ട് ഭൂരിപക്ഷമാക്കി ഉയര്‍ത്തി. 2016 ല്‍ കെ രാധാകൃഷ്ണന്‍ മല്‍സരത്തിനുണ്ടായിരുന്നില്ല. സിപിഎം സ്ഥാനാര്‍ഥിയായി വന്ന യു ആര്‍ പ്രദീപ് 10200 വോട്ട് ഭൂരിപക്ഷത്തിനാണ് നിയമസഭയിലേക്ക് പോയത്. 2021 ല്‍ വീണ്ടും കെ രാധാകൃഷ്ണന്‍ എത്തിയപ്പോള്‍ ഭൂരിപക്ഷം വീണ്ടും ഉയര്‍ന്ന് 39400 ലെത്തി.

ഭൂരിപക്ഷക്കണക്ക് നോക്കിയാല്‍ 2006 മുതല്‍ കെ രാധാകൃഷ്ണന്‍ മല്‍സരിച്ചപ്പോഴൊക്കെ ചേലക്കരയില്‍ ഇടതു മുന്നണിക്ക് നേടാനായ വന്‍ ലീഡ് മണ്ഡലത്തിലെ കെ രാധാകൃഷ്ണന്‍ ഇഫക്റ്റിന്റെ സൂചനയാണെന്ന് പറയേണ്ടി വരും.വോട്ട് കണക്ക് നോക്കിയാല്‍ 132942 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട 2011 ല്‍ സിപിഎമ്മിന് നേടാനായത് 73683 വോട്ടായിരുന്നു, 2016 ല്‍ 151225 വോട്ടര്‍മാര്‍ ബൂത്തിലെത്തിയപ്പോള്‍ സിപിഎം നേടിയത് 67771 വോട്ടായിരുന്നു. 2021 ല്‍ 153315 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ സി പിഎം നേടിയത് 83415 വോട്ടുകള്‍.വെറും 2110 വോട്ടര്‍മാര്‍ കൂടിയപ്പോള്‍ സി പിഎം നേടിയത് 15644 അധിക വോട്ടുകളാണ്.

എന്നാല്‍ ഈ വിജയത്തിന് മറ്റൊരു കഥ കൂടിയുണ്ട് പറയാന്‍.കെ രാധാകൃഷ്ണന്‍ മല്‍സരത്തിനില്ലാതിരുന്ന 2016 ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ കുറഞ്ഞിരുന്നു.5912 വോട്ടുകളാണ് അന്ന് കുറവ് വന്നത്.18283 വോട്ടുകള്‍ കൂടിയപ്പോഴാണ് ഇടതുമുന്നണിക്ക് ചേലക്കരയില്‍ തൊട്ടു മുന്‍ വര്‍ഷം നേടിയതിലും ആറായിരത്തോളം വോട്ടുകള്‍ കുറഞ്ഞത്.ചേലക്കരയില്‍ കെ രാധാകൃഷ്ണനുള്ള വ്യക്തിഗത സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ കണക്ക്.അതിനാല്‍ തന്നെ വിജയം പ്രതീക്ഷിക്കുമ്പോഴും രാധാകൃഷ്ണന്റെ സാന്നിദ്ധ്യം പ്രസക്തമാകും.

തുടക്കകാലത്തെ വിജയ പ്രതാപം..രമ്യക്കും പ്രതീക്ഷ നല്‍കുന്ന ചേലക്കര

കോണ്‍ഗ്രസിനും ചേലക്കര ബാലികേറാമലയൊന്നുമല്ലെന്നതാണ് ചരിത്രം.1965ലാണ് രൂപീകൃതമായതിന് ശേഷം പ്രഥമ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ 1965, 70, 77, 80 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ കെ കെ ബാലകൃഷ്ണനാണ് വിജയിച്ചത്.1967ല്‍ പി കുഞ്ഞനും (സിപിഐ എം), 82 ല്‍ സി കെ ചക്രപാണിയും (സിപിഐ എം) വിജയിച്ചപ്പോള്‍ 87ല്‍ വീണ്ടും ഡോ. എം എ കുട്ടപ്പനിലൂടെയും 91ല്‍ എം പി താമിയിലൂടെയും കോണ്‍ഗ്രസ്സ് മണ്ഡലത്തിലെ തങ്ങളുടെ കരുത്ത് തെളിയിച്ചു.

സിപിഎമ്മിന് തുടര്‍ച്ചയായ 6 വിജയം അവകാശപ്പെടാനുള്ളപ്പോള്‍ ഇടവേളകള്‍ ഉണ്ടായെങ്കിലും 6 വിജയത്തിന്റെ മധുരം യുഡിഎഫിനും അവകാശപ്പെടാനുണ്ട്.ഇതില്‍ നിന്ന് തന്നെ മണ്ഡലത്തിലെ കോണ്‍ഗ്രസ്-സിപിഎം ബലാബലം വ്യക്തമാണ്.എങ്കിലും കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ അവരുടെ പ്രകടനം ആശാവഹമായിരുന്നില്ല. കോണ്‍ഗ്രസിന് 2011ല്‍ 49007 വോട്ടും 2016 ല്‍ 57571 വോട്ടും 2021ല്‍ 44015 വോട്ടുമാണ് ലഭിച്ചത്. കെ രാധാകൃഷ്ണന്‍ മല്‍സര രംഗത്തില്ലാതിരുന്ന 2016 ല്‍ കോണ്‍ഗ്രസിന് 8500 ല്‍പ്പരം വോട്ടിന്റെ വളര്‍ച്ച മണ്ഡലത്തിലുണ്ടായി.

പക്ഷേ 2021 ലെത്തുമ്പോള്‍ അത് ദയനീയമായി 2011ലേതിലും താഴേക്ക് പോവുന്നതും കണ്ടു.പക്ഷെ ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യുഡിഎഫും.ആലത്തൂരില്‍ കെ രാധാകൃഷ്ണനോട് ലോക്‌സഭാ മണ്ഡലം നഷ്ടപ്പെട്ട രമ്യ ഹരിദാസിനെയാണ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം തട്ടകത്തില്‍ പരീക്ഷിക്കുന്നത്.ആലത്തൂര്‍ എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതയാണ് രമ്യ എന്നതാണ് ഇതിന് പ്രധാന കാരണം.

കൂടാതെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് ചേലക്കരയില്‍ 23695 വോട്ട് ലീഡ് നേടാനായിരുന്നു.അത് 2021 ല്‍ കെ രാധാകൃഷ്ണന്‍ മറികടക്കുകയും 39400 വോട്ടിന്റെ വന്‍ ഭൂരിപക്ഷം സ്ഥാപിക്കുകയും ചെയ്തു.പക്ഷെ കെ രാധാകൃഷ്ണന്‍ എഫക്ട് ഇല്ലെങ്കില്‍ ഇക്കുറി രമ്യ ചേലക്കരയില്‍ വിജയം സ്വപ്നം കാണുന്നുണ്ട്.

എല്‍.ഡി.എഫ് 83,415,യു.ഡി.എഫ് 44,015,എന്‍.ഡി.എ 24,045 എന്നിങ്ങനെയായിരുന്നു 2021 ലെ വോട്ടിംഗ് നില.


തൃശ്ശൂരിലെ അടവ് പയറ്റാന്‍ ബിജെപി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്.മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലെങ്കില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ നിര്‍ണയിച്ചേക്കും.ചേലക്കരയില്‍ ഇത്തവണ മൂന്നു പേരുകളാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.മുന്‍പ് ഇവിടെ നിന്നു മത്സരിച്ച ഷാജുമോന്‍ വട്ടേക്കാട്, ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ടി.എന്‍.സരസു ടീച്ചര്‍,തിരുവില്വാമല മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.

തൃശ്ശുരില്‍ നടപ്പാക്കിയ സ്ട്രാറ്റജി ആവര്‍ത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പറയുന്നതിനൊപ്പം കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ വോട്ട് ഉയര്‍ത്താനായത് ബിജെപി പ്രതീക്ഷ നല്‍കുന്നുണ്ട്.ബിജെപിക്ക് ചേലക്കരയില്‍ 2016 മുതല്‍ വോട്ടില്‍ വന്‍ വളര്‍ച്ച ഉണ്ടാക്കാനായിട്ടുണ്ട്. 2011ല്‍ 7056 ഉം 2016 ല്‍ 23845 ഉം 2021 ല്‍ 24045 ഉം വോട്ടുകളാണ് ബിജെപിക്ക് നേടാനായത്.

കഴിഞ തെരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തോളം വോട്ട് നേടിയ ബിജെപി തികഞ്ഞ ആത്മവിസ്വാസത്തോടെയാണ് ഉപതെരഞ്ഞെുപ്പിനെ നേരിടുന്നത്.ഒരോ തെരഞ്ഞെടുപ്പിലും വലിയ തോതില്‍ വോട്ട് വര്‍ദ്ധനയുണ്ടാക്കാന്‍ കഴിഞത് ബിജെപിയുടെ ആത്മവിശ്വാസത്തിന് കരുത്തേകുന്നു.