- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗവര്‍ണര്‍ രണ്ടുതവണ ഫോണില്‍ വിളിച്ചു, കുളിക്കുന്ന നേരമായതുകൊണ്ട് എടുക്കാന്‍ പറ്റിയില്ല; സമവായത്തിന് മുന്‍കൈ എടുത്തത് രാജ്ഭവന്; മുട്ടാപ്പോക്ക് വേണ്ടെന്ന് വെച്ചു': മാസങ്ങളായുള്ള കൊമ്പുകോര്‍ക്കലിന് അന്ത്യം കുറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി
കൊമ്പുകോര്‍ക്കലിന് അന്ത്യം കുറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍വകലാശാലാ വിസി നിയമനത്തെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ മാസങ്ങളായി നിലനിന്നിരുന്ന കൊമ്പുകോര്‍ക്കലിന് അന്ത്യം കുറിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി. ഗവര്‍ണര്‍ നേരിട്ട് വിളിച്ച് ഒത്തുതീര്‍പ്പിന് മുന്‍കൈ എടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി അദ്ദേഹം വെളിപ്പെടുത്തി. ഗവര്‍ണര്‍ തന്നെ ഫോണില്‍ വിളിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യം ഉന്നയിച്ചു. സമവായ നിര്‍ദേശം മുന്നോട്ടുവെച്ചത് ഗവര്‍ണറാണ്. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ചാണ് ഇത്തരമൊരു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോണ്‍ വിളിയില്‍ തുടങ്ങിയ ഒത്തുതീര്‍പ്പ്
'മുഖ്യമന്ത്രി നല്‍കുന്ന പാനലില്‍ നിന്ന് ഗവര്‍ണര്‍ ഒരാളെ വൈസ് ചാന്‍സലറായി തിരഞ്ഞെടുക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് പേരുകള്‍ നല്‍കി. എന്നാല്‍, ഗവര്‍ണര്‍ അതില്‍ തീരുമാനം എടുത്തില്ല, പകരം ചില പേരുകള്‍ നിര്‍ദേശിച്ച് കോടതിയെ സമീപിച്ചു. അതിനോട് ഞങ്ങള്‍ യോജിച്ചില്ല. സുപ്രീം കോടതി കര്‍ക്കശമായ നിലപാട് എടുത്തു. ഗവര്‍ണറും മുഖ്യമന്ത്രിയും സമവായം ഉണ്ടാക്കാന്‍ ശ്രമിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ കോടതി നിര്‍ദേശത്തോട് ഞങ്ങള്‍ അനുകൂലമായി പ്രതികരിച്ചു.
ഞാന്‍ ചില പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്തിന് പുറത്തായതിനാല്‍ സര്‍ക്കാരിനുവേണ്ടി ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമമന്ത്രിയും ഗവര്‍ണറെ കാണാന്‍ ഉദ്ദേശിക്കുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. സമവായത്തിന്റെ ശ്രമമാണ് ഞങ്ങള്‍ നടത്തിയത്. ആ ഘട്ടത്തില്‍ യോജിപ്പ് ഉണ്ടായില്ല.
ഒരുദിവസം രാവിലെ ഗവര്‍ണര്‍ രണ്ടുതവണ എന്നെ വിളിച്ചു. കുളിക്കുന്ന സമയം ആയതുകൊണ്ട് ഫോണ്‍ എടുക്കാന്‍ പറ്റിയില്ല. അത് കഴിഞ്ഞ് ഗവര്‍ണറെ തിരിച്ചു വിളിച്ചു. സര്‍വകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിങ്ങളുമായി സംസാരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിക്കുമ്പോള്‍ മുട്ടാപ്പോക്ക് നയം സ്വീകരിക്കുന്നത് ശരിയാണോ? വരാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ അദ്ദേഹം ഒരു സമവായ നിര്‍ദേശം മുന്നോട്ടുവെച്ചു. നേരത്തെയുള്ള നിലപാടില്‍നിന്നുള്ള മാറ്റമായിരുന്നു അത്.
യൂണിവേഴ്‌സിറ്റികളെ സംഘര്‍ഷമേഖലയല്ലാതായി കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ മഹാഭൂരിപക്ഷം ആളുകളുണ്ട്. യൂണിവേഴ്‌സിറ്റികളിലെ സംഘര്‍ഷം കുറേക്കാലമായി തുടരുകയാണ്. അത് തത്കാലം അവസാനിപ്പിക്കാനും ശാന്തമായ അന്തരീക്ഷം കൊണ്ടുവരാനും സാധിക്കുമെങ്കില്‍ അതല്ലേ നല്ലത് എന്നാണ് ആലോചിച്ചത്. ഞാന്‍ പെട്ടെന്ന് മറുപടി പറഞ്ഞില്ല. നമ്മുടെ കൈയില്‍ നിന്ന് പോയില്ലേ, ഇപ്പോള്‍ സുപ്രീം കോടതിയുടെ കൈയില്‍ അല്ലേ എന്ന് ഞാന്‍ തിരിച്ചു പറഞ്ഞു. സുപ്രീം കോടതിയുടെ കൈയില്‍ ഇരിക്കുന്ന കാര്യത്തില്‍ നമുക്കൊരു നിലപാട് എടുക്കാന്‍ പറ്റുമോ എന്ന് അഡ്വക്കേറ്റ് ജനറലുമായി അന്വേഷിച്ച് പറയാം. അതിന് ശേഷം ഗവര്‍ണറുടെ അടുത്ത് വരാം, ശേഷം എന്റെ പ്രതികരണം പറയാം എന്ന് മറുപടി പറഞ്ഞു.
അഡ്വക്കറ്റ് ജനറല്‍ അതിന്റെ വശങ്ങള്‍ എല്ലാം പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാം എന്ന് പറഞ്ഞു. അങ്ങനെ ഗവര്‍ണറുടെ സമവായ നിര്‍ദേശം അംഗീകരിച്ചു. ഇതാണ് ഉണ്ടായത്. അത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമായ കാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാഗമായി യൂണിവേഴ്‌സിറ്റികള്‍ ശാന്തമായ അന്തരീക്ഷത്തില്‍ പോകണം. അതിന് ഈ നില തന്നെ തുടര്‍ന്നു സ്വീകരിച്ചു പോകണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് അംഗീകരിച്ചു. അങ്ങനെയാണ് അത് അവസാനിച്ചത്', മുഖ്യമന്ത്രി പറഞ്ഞു.




