ചേലക്കര: കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് വെച്ചു. ഒരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞു. മതനിരപേക്ഷമാണെന്ന് അവകാശപ്പെട്ടതുകൊണ്ട് കാര്യമില്ല. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ സാധിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ചേലക്കര എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വര്‍ഗീയതയില്ലാത്ത നാടല്ല, വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാണ്. വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണങ്ങള്‍ എടുത്തണിയുകയാണ്. കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്കെതിരെ നിലപാടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് വര്‍ഗീയ സംഘര്‍ഷം ഇല്ലാത്തത്. അവിടെയാണ് എല്‍ഡിഎഫ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത്. ബിജെപിക്ക് അന്യമത വിരോധമുണ്ട്. അതിന്റെ ഭാഗമായ അക്രമം അവര്‍ നടപ്പാക്കുന്നുണ്ട്. മതനിരപേക്ഷത അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ 87000 വോട്ട് ചോര്‍ന്നു. ആ വോട്ട് ബിജെപിയുടെ ജയത്തിന് വഴിയൊരുക്കി.

ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതയോട് എല്‍ഡിഎഫിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ്. കോണ്‍ഗ്രസിനും ബിജെപിക്കും അത്രകണ്ട് ഈ രീതി സമീപിക്കാന്‍ സാധിക്കില്ല. വര്‍ഗീയതയുടെ ഭാഗമായി കടുത്ത അന്യമത വിരോധവും അക്രമവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കാണാം.

കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെ പ്രീണിപ്പിച്ചു. തത്കാലം വോട്ട് പോരട്ടെയെന്നാണ് യുഡിഎഫ് നിലപാട്. ഇതിനായി ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേര്‍ത്ത് പിടിച്ചു. മുസ്ലിം ലീഗ് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ചേര്‍ത്തു പിടിക്കുന്നത് അവരുടെ തന്നെ ശോഷണത്തിന് വഴിവയ്ക്കും. നാടിന്റെ സൈ്വര്യവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ കഴിയുന്നത് എല്‍ഡിഎഫിന് കീഴില്‍ മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. കേന്ദ്ര വിരുദ്ധ സമരത്തില്‍ യുഡിഎഫ് പങ്കെടുത്തില്ല. അവര്‍ കേന്ദ്ര സമീപനത്തിന് ഒപ്പം നിന്നു. മുണ്ടക്കൈ ദുരന്തമുണ്ടായപ്പോള്‍ പ്രധാനമന്ത്രി വന്നുപോയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ന്യായമായ സഹായം ഇതുവരെ ലഭിച്ചില്ല. ദുരന്തമുണ്ടായ മറ്റിടങ്ങളില്‍ സഹായം നല്‍കി. കേരളം നശിക്കട്ടെയെന്ന സമീപനമാണ് കേന്ദ്രത്തിന്. മുണ്ടക്കൈയില്‍ മനോഹരമായ ടൗണ്‍ഷിപ്പ് ഒരുക്കും. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.