തൃശൂര്‍: കിഫ്ബി മസാലാ ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ' എന്ന് മുഖ്യമന്ത്രി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. മസാലാ ബോണ്ട് വിഷയത്തില്‍ ഇ.ഡി. നോട്ടീസ് ലഭിച്ചശേഷം മുഖ്യമന്ത്രി ആദ്യമായിട്ടാണ് പരസ്യ പ്രതികരണം നടത്തുന്നത്.

കിഫ്ബി മുഖേനയുള്ള പശ്ചാത്തല വികസന പദ്ധതികള്‍ക്ക് വേണ്ടിയാണ് പണം ചെലവഴിക്കുന്നതെന്നും, ഇത് റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'കിഫ്ബി പ്രവര്‍ത്തിക്കുന്നതില്‍ റിസര്‍വ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ല,' അദ്ദേഹം പറഞ്ഞു. കിഫ്ബി പദ്ധതികള്‍ക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളില്ലെന്നും ഭൂമി ഏറ്റെടുക്കലും വിലയ്ക്ക് വാങ്ങലും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്ന 4 വന്‍കിട പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 20,000 കോടി രൂപ ആവശ്യമാണ്. ഈ തുക കിഫ്ബി വഴിയാണ് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇ.ഡിയുടെ നീക്കമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

മസാലാ ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്ന ഇ.ഡിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (ഗകകഎആ) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാലാ ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ നടപടി.

മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയാണ് നിലവില്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. നോട്ടീസ് ലഭിച്ചവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന്‍ വഴിയോ നിയമപരമായി മറുപടി നല്‍കാന്‍ അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ഇ.ഡി. റിപ്പോര്‍ട്ട് അതോറിറ്റി വിശദമായി പരിശോധിക്കുകയും, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നാല് എതിര്‍കക്ഷികളുടെ വാദം കേള്‍ക്കുകയും ചെയ്യും. ഫെമ നിയമലംഘനം നടന്നുവെന്ന് തെളിഞ്ഞാല്‍ കിഫ്ബിയില്‍ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ചുമത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. ഈ നീക്കങ്ങള്‍ സംസ്ഥാനത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും സാമ്പത്തിക നയങ്ങള്‍ക്കുംമേല്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.