ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ സിപിഐയും, സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസും. സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്‍രെ ശ്രമം. നാളെ കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. 32 സ്ഥാനാര്‍ത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാം പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കാനാണ് നീക്കം. തര്‍ക്കങ്ങള്‍ തീര്‍ത്തു വേണം കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍.

26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജി സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കും. കെ സുധാകരനുമായി സംസാരിക്കും. മുസ്ലിം ലീഗുമായി പ്രശ്‌നമില്ല. സീറ്റ് ധാരണയില്‍ അവസാനവട്ട മിനുക്ക് പണി നടക്കുന്നു. എംപിമാര്‍ മല്‍സരിക്കുമോ എന്നതിനും ഉത്തരമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം അവസാന നിമിഷം ചില എംപിമാര്‍ക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവു നല്‍കുന്നതിനെ കുറിച്ചും ആലോചനകളുണ്ട്. ഇക്കാര്യത്തല്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട് നിര്‍ണായകമാണ്. ചുരുങ്ങിയ സമയമേ പ്രചരണത്തിന് ഉള്ളൂ എന്നതു കൊണ്ട് തന്നെ കൈവിട്ടുപോയ സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ എംപിമാരെ കളത്തിലിറക്കണെന്നാണ് കനുഗോലു റിപ്പോര്‍ട്ടു നല്‍കിയത്. ഇതോടെ ഹൈക്കമാന്‍ഡ് മുന്‍തീരുമാനം പുനപരിശോധിക്കാനും സാധ്യതയുണ്ട്.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുന്നണി വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും പ്രചാരണ സമിതി ചെയര്‍മാനുമായ രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ടീം യുഡിഎഫ് ഇത്തവണ ചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എല്ലാവരും ഒരൊറ്റ മനസ്സോടെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ആത്മാര്‍ഥമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭരണപക്ഷമായ സിപിഎം വലിയ പ്രതിസന്ധിയും തകര്‍ച്ചയും നേരിടുകയാണെന്ന് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മന്ത്രിസഭ കേരളത്തിലെ അവസാനത്തെ സിപിഎം മന്ത്രിസഭയായി ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നതാണ് പ്രധാന പ്രശ്‌നം. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റുമായി ബന്ധപ്പെട്ട് തകിടംമറിഞ്ഞ ജില്ലയിലെ സ്ഥാനാര്‍ഥി ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും സംബന്ധിച്ച ഒരു വിവരങ്ങളും അറിയിക്കുന്നില്ല എന്ന പരാതിയുമായി ശശി തരൂര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു.

കൊല്ലം ചാത്തന്നൂര്‍ ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയതിലും ചടയമംഗലത്ത് ആര്‍.ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കുന്നതിലും പ്രതിഷേധമുണ്ട്. പത്തനംതിട്ടയില്‍ ഘടകകക്ഷിക്ക് നല്‍കിയ തിരുവല്ല ഒഴികെ ബാക്കി നാലിടത്തും പ്രതിസന്ധി. ആലപ്പുഴ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സീറ്റുറപ്പിച്ചു. 70 വയസ്സിന് മുകളിലുള്ളവരെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പ് ശക്തമാണ്.

ഈഴവരെ വിജയസാധ്യയുള്ള സീറ്റുകളില്‍ നിന്നു മാറ്റി നിര്‍ത്തുന്നു എന്നാണ് എംപിമാര്‍ അടക്കമുള്ളവര്‍ ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുള്ള പരാതി. മലപ്പുറം ജില്ലയിലെ സമുദായിക സമവാക്യത്തിലും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. തവനൂര്‍ ലീഗിന് വിട്ടുകൊടുക്കുന്നതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത വിയോജിപ്പുണ്ട്.

അതേസമയം മറുവശത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണ്ഡലങ്ങളില്‍ റോഡ് ഷോ ആരംഭിച്ച് സിപിഎം സ്ഥാനാര്‍ഥികള്‍ കളംനിറഞ്ഞിട്ടുണ്ട്. പാര്‍ട്ടി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞൈടുപ്പ് പ്രഖ്യാപനത്തിന് തൊട്ടപിറകെ റോഡ് ഷോകള്‍ നടന്നു. നേമത്ത് വി. ശിവന്‍കുട്ടിയും വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തും, ബേപ്പൂരില്‍ മുഹമ്മദ് റിയാസും മാനന്തവാടിയില്‍ ഒ.ആര്‍. കേളുവും ഉള്‍പ്പെടെയുള്ള മിക്ക സ്ഥാനാര്‍ഥികളും റോഡ് ഷോ നടത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിപിഐയാണ് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി പാര്‍ട്ടിയുടെ 25 സ്ഥാനാര്‍ഥികളുടെ സമ്പൂര്‍ണ പട്ടിക പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ സിപിഎമ്മും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി.

സ്വതന്ത്രരടക്കം നിലവില്‍ 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ സിപിഎം സ്ഥാനാര്‍ഥികള്‍ പ്രചാരണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണ്ഡലങ്ങളില്‍ റോഡ് ഷോകള്‍ ആരംഭിച്ചത്.