തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ വിലയിരുത്തലുകള്‍ തള്ളി ഘടകകക്ഷിയായ സിപിഐ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ വസ്തുതകള്‍ സിപിഎം മറച്ചുവയ്ക്കുകയാണെന്ന് സിപിഐ എക്‌സിക്യൂട്ടീവ് വിമര്‍ശിച്ചു. ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണ്ണക്കൊള്ളയുമാണ് തിരിച്ചടിക്ക് പ്രധാന കാരണങ്ങളായതെന്നും സിപിഐ ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പത്മകുമാറിനെ സിപിഎം സംരക്ഷിക്കാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഒരു എംഎല്‍എ ആയിട്ടുപോലും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചപ്പോള്‍, സിപിഎം ന്യായീകരണങ്ങള്‍ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ശബരിമല വിഷയത്തില്‍ കൃത്യമായ വിലയിരുത്തല്‍ നടത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് അമിത ആത്മവിശ്വാസം, സംഘടനാ ദൗര്‍ബല്യം, പ്രാദേശിക തലത്തിലെ പ്രവര്‍ത്തന വീഴ്ച എന്നിവയാണ് കാരണമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും കള്ളപ്രചാരവേല നടത്തിയെങ്കിലും അവര്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.

ഭരണവിരുദ്ധ വികാരവും സ്വര്‍ണ്ണക്കൊള്ളയും തിരിച്ചടിക്ക് കാരണമായോ എന്ന് വിശദമായി പരിശോധിച്ചശേഷമേ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് ഘടകകക്ഷികള്‍ക്കിടയില്‍ത്തന്നെ വ്യത്യസ്ത നിലപാടുകള്‍ ഉയരുന്നത് മുന്നണിക്കുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.