പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് സിപിഐ എക്‌സിക്യൂട്ടീവിന്റെ ശുപാര്‍ശ. സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു.

പി രാജുവിന്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയില്‍ നല്‍കിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. പി രാജുവിന് പാര്‍ട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്.

എന്നാല്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി നടപടി പിന്‍വലിച്ചല്ല. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നല്‍കിയ പ്രതികരണത്തില്‍ കെ ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഇസ്മയില്‍ നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്. പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഇസ്മായില്‍ പറഞ്ഞു.

കുറച്ചുകാലമായി പാര്‍ട്ടിക്കുള്ളില്‍ അത്രയ്ക്ക് സജീവമല്ല ഇസ്മായില്‍. സേവ് സി.പി.െഎ. ഫോറത്തെ അനുകൂലിക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തിയ മുന്‍ ദേശീയകൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ കെ.ഇ. ഇസ്മയിലിനെതിരേ നടപടിക്ക് നീക്കം നേരത്തെ നടന്നിരുന്നു. നിലവില്‍ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാവായ കെ.ഇ. ഇസ്മയിലിനെതിരേ ശക്തമായ നടപടിവേണമെന്ന ആവശ്യം ശനിയാഴ്ചനടന്ന ജില്ലാകൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു.

ഒരുകാലത്ത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലെ കരുത്തനായിരുന്ന കെ.ഇ. ഇസ്മയില്‍ പട്ടാമ്പിയില്‍നിന്നുള്ള എം.എല്‍.എ.യും റവന്യൂമന്ത്രിയുമായിരുന്നു. നിലവില്‍ ഇസ്മയില്‍ പ്രവര്‍ത്തിക്കുന്ന ഘടകം ജില്ലാകൗണ്‍സില്‍ ആയതിനാല്‍ ഇവിടെനിന്നുതന്നെ കര്‍ശന നടപടി വേണമെന്നും സ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ നീക്കംചെയ്യണമെന്നുമുള്ള ആവശ്യമാണ് കൗണ്‍സില്‍യോഗത്തില്‍ ഉയര്‍ന്നത്.

വിമതപക്ഷത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാടാണ് മുതിര്‍ന്ന നേതാവായ ഇസ്മയില്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇസ്മയിലിനെപ്പോലുള്ള മുതിര്‍ന്ന നേതാവിനെതിരേ ജില്ലാതലത്തില്‍ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും നടപടി സംസ്ഥാനനേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിടാമെന്നുമുള്ള നിലപാടായിരുന്നു ജില്ലാ നേതൃത്വം സ്വീകരിച്ചത്.