- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി; ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പാര്‍ട്ടി സ്വാധീനം ജമാഅത്തും എസ്.ഡി.പി.ഐയും ഇല്ലാതാക്കുന്നു; ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തിന് പ്രോത്സാഹനമാകുന്നു; കേരളാ സിപിഎമ്മിന്റെ പ്രതിസന്ധികള്‍ അടിവരയിട്ട് കരട് രാഷ്ട്രീയപ്രമേയം
കേരളത്തില്‍ ബിജെപിയെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച;
ന്യൂഡല്‍ഹി: കേരളത്തില്‍ സിപിഎം നേരിടുന്ന പ്രതിസന്ധികള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടുന്നതാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയം. കേരളത്തിലെ മത സാമുദയിക ശക്തികള്‍ക്കിടയില്‍ സിപിഎമ്മിന് സ്വാധീനം പോകുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രമേയം. ആനുകാലിക രാഷ്ട്രീയത്തില്‍ സിപിഎമ്മിന് അടിതെറ്റുന്നത് എവിടെയാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളത്തില്‍ ബി.ജെ.പി.യെ നേരിടുന്നതില്‍ പാര്‍ട്ടിക്ക് ആശയപരമായ വീഴ്ചയുണ്ടായെന്നും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായെന്നും സി.പി.എം.കേരളത്തില്‍ ന്യൂനപക്ഷ സമുദായത്തിനിടയിലുള്ള പാര്‍ട്ടിയുടെ സ്വാധീനം തടയാന്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ.യും ശ്രമിക്കുന്നതായും സി.പി.എം. വിലയിരുത്തുന്നു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ സ്വാധീനം തിരിച്ചു പിടിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
ഹിന്ദുത്വശക്തികളുടെ നിരന്തര ആക്രമണത്തിനിരയാകുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ ഒറ്റപ്പെടലും ആശങ്കകളും മുതലെടുക്കാന്‍ ഇരുസംഘടനകളും ശ്രമിക്കുന്നു. രാജ്യത്ത് മുസ്ലിം ജനസാമാന്യത്തിനിടയില്‍ തങ്ങളുടെ സ്വാധീനം വികസിപ്പിക്കാനാണ് ഇരുസംഘടനകളുടെയും ശ്രമമെന്നും 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയത്തില്‍ സി.പി.എം. ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തുന്നു.
ന്യൂനപക്ഷ തീവ്രവാദത്തെ അധികാരത്തിലുള്ള ഹിന്ദുത്വ വര്‍ഗീയ ശക്തികളുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഭൂരിപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് അവഗണിക്കാനാകില്ല. അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഒറ്റപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയില്ലെന്ന് ഹിന്ദുത്വത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദീകരിച്ചിട്ടുള്ള ഭാഗത്തില്‍ പറയുന്നു.
കേരളത്തില്‍ ബി.ജെ.പി.യെ എതിരിടുന്നതില്‍ പാര്‍ട്ടിക്ക് ആശയപരമായ വീഴ്ചയുണ്ടായെന്നും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായെന്നും സി.പി.എം. വിലയിരുത്തുന്നു. ന്യൂനപക്ഷവര്‍ഗീയത വളരുന്നത് ഭൂരിപക്ഷവര്‍ഗീയതയെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിലും യാഥാസ്ഥിതിക ശക്തികളെ ചെറുത്ത് അവരെ മതേതരധാരയില്‍ അണിനിരത്തുന്നതിലും ഇടത്-ജനാധിപത്യ കക്ഷികള്‍ നിലകൊള്ളണം.
കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധശക്തികളുടെ യോജിച്ചുള്ള പ്രചാരണത്തെയും കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനത്തെയും ഒറ്റയ്ക്ക് എതിരിട്ടാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിജയകരമായി രണ്ടാം തവണ മുന്നോട്ടുപോകുന്നത്. അതിദാരിദ്ര്യം ഇല്ലാതാക്കാനും എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനും കേരളസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പാവപ്പെട്ടവരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ക്ഷേമത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.
ഹിന്ദുത്വവര്‍ഗീയതയ്ക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള മതേതരശക്തികളുടെ വിശാല ഐക്യനിര കെട്ടിപ്പടുക്കുകയെന്ന രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമില്ലെന്നാണ് സി.പി.എമ്മിന്റെ കരട് രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കുന്നത്. 2022-ല്‍ കണ്ണൂരില്‍ ചേര്‍ന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയത്തില്‍ പാര്‍ട്ടി മാറ്റംവരുത്തിയിട്ടില്ല. മാറ്റംവരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരടുപ്രമേയം കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് അംഗീകരിച്ചത്. ഭേദഗതികള്‍സഹിതമാകും പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുക. മൂന്ന് ഘടകങ്ങളാണ് കരട് രാഷ്ട്രീയപ്രമേയത്തില്‍. 1. പാര്‍ട്ടിയുടെ സ്വതന്ത്രശക്തി വളര്‍ത്തിയെടുക്കുകവഴി ഇടതുപക്ഷസ്വാധീനം ശക്തിപ്പെടുത്തുക. 2. ബി.ജെ.പി.യുടെ നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരേ എല്ലാ ജനാധിപത്യശക്തികളെയും അണിനിരത്തുക. 3. ബി.ജെ.പി.വിരുദ്ധ വോട്ടുകളുടെ ഏകോപനത്തിന് മതേതരശക്തികളുടെ വിശാല ഐക്യനിര.
ബി.ജെ.പി.ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷിയെന്നനിലയില്‍ കോണ്‍ഗ്രസിനെ ഒഴിച്ചുനിര്‍ത്താനാവില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. മതേതര, ജനാധിപത്യ കക്ഷികളുടെ വിശാല ഐക്യനിരയുടെ ഭാഗമായാണ് കോണ്‍ഗ്രസിനോടുള്ള സമീപനത്തെ പാര്‍ട്ടി വിലയിരുത്തുന്നത്.
പശ്ചിമബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടിക്കരുത്തില്‍ വര്‍ധന ആവശ്യമാണെന്ന് കരടുപ്രമേയം ചൂണ്ടിക്കാട്ടി. ത്രിപുരയില്‍ പാര്‍ട്ടിയുടെ താഴെത്തട്ടില്‍ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. ബംഗാളില്‍ ക്രിമിനല്‍-അഴിമതി-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഉത്പന്നമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യസര്‍ക്കാര്‍. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യാണ് ഇവരുടെ എതിരാളി. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും ഒതുക്കുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം.
ബി.ജെ.പി.യെ എതിര്‍ക്കുന്നവര്‍, ബി.ജെ.പി.യുടെ സഖ്യകക്ഷികള്‍, സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബി.ജെ.പി.യെ എതിര്‍ക്കാതിരിക്കുന്നവര്‍ എന്നിങ്ങനെ പ്രാദേശികപാര്‍ട്ടികളെ മൂന്നായി വിഭജിച്ചിക്കുന്നു സി.പി.എം. ബി.ജെ.ഡി., എ.ഐ.എ.ഡി.എം.കെ., വൈ.എസ്.ആര്‍.സി.പി. പാര്‍ട്ടികളാണ് മൂന്നാമത്തെ ഗണത്തില്‍. ഇവരില്‍ ആദ്യവിഭാഗത്തോടാണ് പാര്‍ട്ടിയുടെ സഹകരണം.