- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം - ബിജെപി ഡീല്‍'; കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ച്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വാങ്ങി ജയിക്കാനുള്ള ഡീലാണ് കടകംപള്ളി സുരേന്ദ്രന്‍ നടത്തിയത്; ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മറ്റിയംഗം
'തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം - ബിജെപി ഡീല്‍
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ അതിശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം- ബിജെപി ഡീലെന്ന ആരോപണം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ആരോപണം കടുപ്പിച്ചു കൊണ്ട് രംഗത്തുവന്നത്. ഡീലിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആണെന്നാണ് ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വോട്ട് കിട്ടാനാണ് കടകംപള്ളി സുരേന്ദ്രന്റെ നീക്കമെന്ന് ആനി അശോകന്‍ പറയുന്നു.
'മുന്‍പും ഇപ്പോഴും കടകംപള്ളി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത് ബിജെപിക്ക് അനുകൂലമായിട്ടാണ്. ജയ സാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. കടകംപള്ളിക്ക് എംഎല്‍എ ആയി മത്സരിക്കുമ്പോള്‍ തിരിച്ച് വോട്ട് കിട്ടാന്‍ വേണ്ടിയാണ് നീക്കം. തിരുവനന്തപുരം ജില്ലയ്ക്കകത്ത്, പ്രത്യേകിച്ചും കഴക്കൂട്ടത്ത് ഒരു ജാതി സമവാക്യം ഉണ്ട്. കടകംപള്ളിയുടെ ഭയങ്കരമായിട്ടുള്ള അപ്രമാദിത്വമാണ്. ഒരു വര്‍ഗ ബഹുജന സംഘടനയുടെയും പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ആള്‍ക്കാരെയാണ് ഈ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വച്ചിരിക്കുന്നത്' - ആനി അശോക് ആരോപിച്ചു.
25 വര്‍ഷമായി ഒരേ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു. പണവും ജാതിയും വലിയ ഘടകം. മൂന്നര പതിറ്റാണ്ടായി താന്‍ പാര്‍ട്ടിയില്‍ സജീവമാണ്. തന്റെ പേര് പോലും പരിഗണിച്ചില്ല. നേതൃത്വത്തിന് നല്‍കിയ പരാതികള്‍ അവഗണിച്ചു. കമ്മറ്റികളില്‍ അനുഭവിക്കുന്ന പീഡനത്തിനെതിരെ നല്‍കിയ പരാതികള്‍ പൂഴ്ത്തി. ഒരു പുല്ലിന്റെ വില പോലും തരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ആനി അശോകന്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ ചെമ്പഴന്തി വാര്‍ഡില്‍ ആരും തന്നെ അറിയാത്ത ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത്. അന്ന് നേതാക്കള്‍ എതിര്‍ത്തിരുന്നു. ചെല്ലമംഗലത്തെ പൗഡികോണത്തും സമാനമാണ് സാഹചര്യം. അവിടെയും സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. അവിടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതെന്നും ആനി അശോകന്‍ പറഞ്ഞു. ആ പാറ്റേണാണ് ഇത്തവണയെന്നും ആനി അശോകന്‍ വ്യക്തമാക്കി.
കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് താന്‍. അന്ന് പൗഡി കോണത്തുനിന്നായിരുന്നു മത്സരിച്ചത്. അഞ്ച് വര്‍ഷം ഏറെ ബുദ്ധിമുട്ടിയാണ് താന്‍ ഭരണം നടത്തിയത്. തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കടകംപള്ളി അനുവദിച്ചിരുന്നില്ല. അന്ന് വിഭാഗീയത രൂക്ഷമായിരുന്നു. താന്‍ ഇരിക്കുന്ന കസേരയില്‍ നായ്ക്കുരണപ്പൊടിവരെ വിതറിയിട്ടുണ്ട്. അന്ന് താന്‍ മറ്റൊരു കസേരയിലാണ് ഇരുന്നത്. ഇത് പരസ്യമായ രഹസ്യമാണ്. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയുണ്ടായില്ല. ബിജെപിയുമായുള്ള കടകംപള്ളിയുള്ള അന്തര്‍ധാര എല്ലാവര്‍ക്കും അറിയാമെന്നും ആനി അശോകന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎം അംഗം തന്നെ ഉയര്‍ത്തിയ ആരോപണം കോണ്‍ഗ്രസ് ഏറ്റുപിടിച്ചു രംഗത്തുവന്നു. സിപിഎം -ബിജെപി ഡീല്‍ ഇതോടെ വ്യക്തമായന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.




