കോഴിക്കോട്: പിഎസ്‌സി കോഴയാരോപണത്തില്‍ സിപിഎം നടപടിയെടുത്ത് പുറത്താക്കിയ ടൗണ്‍ ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളി പാര്‍ട്ടിയിലെ ചിലരെ ഉന്നം വെച്ചു നീങ്ങുന്നു. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുകയും കോഴ കൊടുത്തുവെന്ന് പറയപ്പെടുന്ന ശ്രീജിത്ത് ആര്‍ക്കെങ്കിലും പണം കൊടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കാനാണ് പ്രമോദ് ഒരുങ്ങുന്നത്.

സിപിഎം നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രമോദ് കോട്ടൂളിയുടെ കഴിഞ്ഞ ദിവസത്തെ വൈകാരികമായ നീക്കങ്ങള്‍. പുറത്താക്കിയ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മയെയും മകനെയും കൂട്ടി കോഴയാരോപണത്തിലെ പരാതിക്കാരന്‍ എന്ന് പ്രമോദ് തന്നെ ആരോപിക്കുന്ന ശ്രീജിത്തിന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയ ചേവായൂര്‍ സ്വദേശി ശ്രീജിത്തിന്റെ വീടിന്റെ മുന്നിലാണ് സമരം നടത്തിയത്. തെളിവില്ലാതെയാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടിലെന്നും റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രമോദ് പറഞ്ഞിരുന്നു.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ സത്യാവസ്ഥ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതു പുറത്തുകൊണ്ടുവരണമെന്നുമാണ് പ്രമോദിന്റെ ആവശ്യം.

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ഇതു പരിശോധിച്ച ജില്ലാ കമ്മിറ്റി ഇയാളെ പുറത്താക്കുകയായിരുന്നു. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങള്‍ നേരത്തെ ജില്ലാ കമ്മിറ്റിയെ അറിയിച്ചത്.

അതേസമയം പ്രമോദ് കോട്ടൂളിയുടെ മിന്നല്‍ പ്രതിഷേധം പാര്‍ട്ടിക്ക് അപ്രതീക്ഷിതമാണ്. പുറത്താക്കിയത് അറിഞ്ഞയുടന്‍ പണം കൊടുത്തതാര്, ആര്‍ക്കെന്ന് പറയണം എന്നാവശ്യപ്പെട്ട പ്രമോദ് ആദ്യം അമ്മയേയും കൂട്ടി പരാതിക്കാരന്‍ ശ്രീജിത്തിന്റെ ചേവായൂര്‍ വില്ലിക്കല്‍ കോട്ടക്കുന്നിലെ വീട്ടിലേക്കാണ് പോയത്. എന്തിനുവേണ്ടിയാണ് തനിക്ക് കോഴ മേല്‍വിലാസം നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രമോദ് പരാതിക്കാരനുമായുള്ള ബന്ധവും പരസ്യമാക്കിയിട്ടുണ്ട്.

ഭാര്യയുടെ ബന്ധുവായ ശ്രീജിത്തുമായി സൗഹൃദ ബന്ധമുണ്ട്. ഒന്നിലേറെ തവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പ്രമോദ് പറഞ്ഞു. പൊലീസിലടക്കം പരാതി നല്‍കുമെന്ന പ്രമോദിന്റെ പ്രസ്താവനയും മറ്റാരെയൊക്കെയോ ലക്ഷ്യമിട്ടാണെന്നാണ് സൂചനകള്‍. സി.പി.എമ്മില്‍ ഇതുവരെ കാണാത്തതരത്തിലുള്ള സ്ഥിതിവിശേഷമാണ് ശനിയാഴ്ച കോഴിക്കോട്ട് കണ്ടത്.

കോഴ ആരോപണത്തില്‍ ജില്ല കമ്മിറ്റി പുറത്താക്കി പ്രമോദ് ഉള്‍പ്പെടുന്ന ടൗണ്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പ്രമോദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല ഉടനടി പോസ്റ്ററുകള്‍ അടക്കം തയാറാക്കിയാണ് പ്രമോദ് പ്രതിഷേധത്തിനിറങ്ങിയത് എന്നതും പലതും മുന്‍കൂട്ടി കണ്ടാണെന്നത് വ്യക്തമാണ്.

പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയതിനാല്‍ കോഴ ആരോപണത്തില്‍ മറ്റു നേതാക്കള്‍ക്കാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അത് വെളിപ്പെടുത്തുന്നതിന് പ്രമോദിന് ഇനി തടസ്സങ്ങളും വിലക്കുകളുമില്ല. ഇത് മുന്‍നിര്‍ത്തിയും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ വരാതിരിക്കാനുമാണ് പുറത്താക്കല്‍ മാത്രം പ്രഖ്യാപിച്ച് വിഷയം അവസാനിക്കാന്‍ പാര്‍ട്ടി തിടുക്കപ്പെട്ടതെന്നാണ് വിലയിരുത്തല്‍.