- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരേയും റാലിക്ക് ക്ഷണിക്കും; ലീഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്ന് എം വി ഗോവിന്ദൻ; ഫലസ്തീന് പിന്തുണയുമായി കൂടുതൽ പ്രചാരണ പരിപാടികൾക്ക് സിപിഎം
തിരുവനന്തപുരം: മുസ്ലിം സമൂഹത്തിലെ ഫലസ്തീൻ വൈകാരികത മുതലെടുക്കാൻ ശ്രമം തുടർന്ന് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം വോട്ടു ബാങ്കിൽ നുഴഞ്ഞു കയറാനാണ് സിപിഎമ്മിന്റെ ശ്രമം. ഈ ലക്ഷ്യത്തോടെ വിശാലമായി പരിപാടികളാണ് സിപിഎം ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികളുമായി സിപിഎ മുന്നോട്ടു പോകുകയാണ്. മുസ്ലിംലീഗിനെ ഉന്നമിട്ട് നടത്തിയ നീക്കങ്ങൾ പാളിയെങ്കിലും ലീഗ് അണികളെ നോട്ടമിട്ടാണ് സിപിഎമ്മിന്റെ നീക്കങ്ങൾ. ഇക്കാര്യം വ്യക്തമാക്കുന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
ഫലസ്തീന് ഐക്യദാർഢ്യവുമായി സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഐക്യദാർഢ്യവുമായി നിൽക്കുന്ന എല്ലാവരെയും അണിനിരത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11 ന് കോഴിക്കോട് പരിപാടി നടക്കും. റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും ലീഗ് ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാമെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഫലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ നടത്താനൊരുങ്ങുകയാണ് സിപിഎം.
ഫലസ്തീൻ വിഷയം സിപിഎം രാഷ്ട്രീയവത്കരിച്ചെന്ന കോൺഗ്രസിന്റെ ആരോപണത്തിനും എം.വി ഗോവിന്ദൻ മറുപടി നൽകി. 'ലീഗിനെ ക്ഷണിക്കുന്നതിൽ സിപിഎമ്മിന് ഒരു പ്രശ്നവുമില്ലായിരുന്നു. അവസരവാദ നിലപാടല്ല സിപിഎം സ്വീകരിച്ചത്. അഴകൊഴമ്പൻ നിലപാടുള്ള കോൺഗ്രസിനെ ഏക സിവിൽ കോഡ് സമരത്തിലും പങ്കെടുപ്പിച്ചിരുന്നില്ല. കോൺഗ്രസ് വിലക്കാണ് ലീഗിന് തടസം. എന്താണ് കോൺഗ്രസ് നിലപാടെന്ന് അന്വേഷിച്ച് പുറത്തു പോകേണ്ട. ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട വാർത്ത തന്നെ ഉദാഹരണമാണ്. ആര്യാടൻ ഷൗക്കത്തിനെ പോലെ വ്യത്യസ്ത നിലപാടുള്ള കോൺഗ്രസുകാർക്ക് സിപിഎം പരിപാടിയിൽ പങ്കെടുക്കാം'- എം.വി ഗോവിന്ദൻ പറഞ്ഞു.
അഴകൊഴമ്പൻ നിലപാടുള്ള കോൺഗ്രസിനെ സിവിൽ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്. അവസരവാദ നിലപാട് സിപിഎമ്മിന് ഇല്ല. മുസ്ലിം ലീഗിന് റാലിയിൽ പങ്കെടുക്കാതിരിക്കാനുള്ളത് സാങ്കേതികപരമായ കാരണമാണ്. ഹിന്ദുത്വ അജണ്ടക്ക് എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവിൽ കോഡ് പ്രക്ഷോഭത്തിന് വിളിച്ചിരുന്നു.
ഇടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതിൽ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാൽ ആ സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്കാണ്. ആര്യാടൻ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ ഫലസ്തീൻ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോൺഗ്രസുകാരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന്റെ അണികളെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സമസ്തയുടെ പങ്കാളിത്തത്തോടെ ലീഗ് അണികളെ എത്തിക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു. യുഡിഎഫിന്റെ മെല്ലെപ്പോക്കിൽ കോൺഗ്രസിന് മുന്നറിയിപ്പ് നൽകാൻ പുതിയ വിവാദം വഴിയൊരുക്കിയെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കോൺഗ്രസിനാകട്ടെ, ലീഗ് ഇടതിനോട് അടുക്കുമെന്ന അങ്കലാപ്പൊഴിഞ്ഞ ആശ്വാസവും.
ഫലസ്തീൻ വിഷയത്തിൽ വ്യക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ഇതിൽ ലീഗ് അണികളിൽ അതൃപ്തി ഉണ്ടെന്നും സിപിഐഎം വിലയിരുത്തുന്നു. അത് മുതലെടുക്കണമെന്നും സിപിഐഎം യോഗത്തിൽ അഭിപ്രായമുയർന്നു. റാലിയിൽ ലീഗ് പങ്കെടുക്കുന്നില്ലെങ്കിലും വിഷയം രാഷ്ട്രീയ ചർച്ചയാക്കി ഉയർത്തിയത് ഗുണകരമായെന്നും സിപിഐഎം വിലയിരുത്തലുണ്ട്.
അതേസമയം ഫലസ്തീൻ വിഷയം സിപിഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ആത്മവിശവാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ലീഗിന്റെ പുറകെ നടക്കുന്നത്. സിപിഐഎം റാലിയിൽ ഒരു ലീഗുകാരൻ പോലും പങ്കെടുക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.
സിപിഎമ്മിനേക്കാൾ ശക്തമായി പ്രവർത്തിക്കുന്ന കേഡർ പാർട്ടിയാണ് ലീഗ്. ലീഗ് ഒരു തീരുമാനമെടുത്താൽ താഴത്തട്ടിലുള്ള അണികൾ പോലും ആ തീരുമാനത്തിനൊപ്പം നിൽക്കും. ലീഗിന്റെ തീരുമാനം ധിക്കരിച്ച് ഒരു ലീഗുകാരനും സിപിഐഎം റാലിയിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് മുൻപും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ജനപിന്തുണ ഗണ്യമായി താഴേക്ക് പോവുകയാണെന്ന് ഇടത് മൂന്നാനി തിരിച്ചറിഞ്ഞു. ഇടതുമുന്നണിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ലീഗിന് പിന്നാലെ നടക്കുന്നത്. കോൺഗ്രസിൽ ആശങ്കയില്ല. ലീഗിന് ഒരു ക്ഷണം ലഭിക്കുകയും മുതിർന്ന നേതാക്കൾ അടക്കം ചർച്ച ചെയ്തു മണിക്കൂറുകൾക്കകം തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ജാള്യത മറയ്ക്കാനാണ് അനാവശ്യ കാര്യങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.
ഫലസ്തീൻ വിഷയത്തോടുള്ള സിപിഎമ്മിന്റെ ആത്മാർത്ഥതയും ഇതോടെ പുറത്തുവന്നു. രാഷ്ട്രീയ ലക്ഷ്യമാണ് സിപിഐഎമ്മിനുള്ളത്. ഫലസ്തീനെ അനുകൂലിക്കാൻ വേണ്ടിയല്ല പരിപാടി നടത്തുന്നത്. രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുക, അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അക്ഷരാർത്ഥത്തിൽ ഫലസ്തീൻ വിഷയം സിപിഐഎം ദുരുപയോഗം ചെയ്യുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ