തിരുവനന്തപുരം: പാര്‍ട്ടിക്കകത്ത് മുഖ്യമന്ത്രി പിണറായി വിജയനു നേരെ ചോദ്യങ്ങള്‍ ഉയരുന്ന 'വലിയ മാറ്റ'ത്തിലേക്കു സിപിഎം കടന്നുവെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിഷേധക്കുറിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം നേരിട്ടെന്ന വാര്‍ത്ത പുറത്തുവരികയും അത് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതിന് ശേഷമാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി നിഷേധക്കുറിപ്പ് ഇറക്കിയത്. വി സി നിയമന വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ സെക്രട്ടറിയേറ്റില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു എന്നായിരുന്നു വാര്‍ത്തകള്‍. ആ ആരോപണം പാര്‍ട്ടി നിഷേധിക്കാത്തതതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതോടെയാണ് വാര്‍ത്താ കുറിപ്പ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയയത്.

വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചത്. കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള സാങ്കേതിക സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ താല്‍ക്കാലിക വൈസ് ചാന്‍സിലറെ നിശ്ചയിക്കുന്നതിന് സര്‍ക്കാരിന്റെ അഭിപ്രായം ചാന്‍സിലറായ ഗവര്‍ണര്‍ തേടേണ്ടതാണെന്ന് ഈ സര്‍വ്വകലാശാലകളിലെ ആക്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി താല്‍ക്കാലിക വൈസ് ചാന്‍സിലര്‍മാരെ ചാന്‍സിലറായ ഗവര്‍ണര്‍ നിയമിക്കുകയാണ് ചെയ്തത്.

നിയമവിരുദ്ധമായ ഈ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും സര്‍ക്കാര്‍ നിലപാടിനെ അംഗീകരിച്ചു. ഇതിനെതിരെ ചാന്‍സിലറായ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസില്‍ സ്ഥിരം വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

നിലവിലുള്ള നിയമമനുസരിച്ച് സ്ഥിരം വി സിയെ നിയമിക്കാനുള്ള പൂര്‍ണമായ അധികാരം ചാന്‍സിലര്‍ക്കാണ്. എന്നാല്‍, സുപ്രീംകോടതി സമവായമുണ്ടാക്കാന്‍ ഗവര്‍ണറോടും, സര്‍ക്കാരിനോടും നിര്‍ദേശിച്ചു. വൈസ് ചാന്‍സിലര്‍മാരെ തീരുമാനിക്കാനുള്ള പാനല്‍ തയ്യാറാക്കുന്നതിന് സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയും നിശ്ചയിച്ചു. ഈ കമ്മിറ്റി മൂന്ന് അംഗ പട്ടികകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതില്‍ കോടതി നിര്‍ദേശ പ്രകാരം മുന്‍ഗണനാക്രമം നിശ്ചയിച്ച് മുഖ്യമന്ത്രി ചാന്‍സിലറായ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.

എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിക്കാതെ വിയോജിപ്പ് രേഖപ്പെടുത്തി മറ്റ് രണ്ട് പേരുകള്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ചു. ഗവര്‍ണറും, മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കണമെന്ന് സുപ്രീംകോടതി വീണ്ടും ആവശ്യപ്പെട്ടു. ആദ്യം സമവായത്തിന് തയ്യാറാവാതിരുന്ന ഗവര്‍ണര്‍ കോടതി നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ വിളിച്ച് സമവായത്തിലെത്തുകയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളത്.

വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന അംഗീകരിക്കുകയാണ് ചെയ്തത്. എന്നിട്ടും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഇത്തരം കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന്ും സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം പാര്‍ട്ടിക്കകത്ത് ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന പിണറായിയുടെ പരിവേഷത്തിന് ഇടിവു തട്ടുന്നതാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളെന്ന് മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചോദ്യങ്ങളോ വിമര്‍ശനങ്ങളോ അല്ല, ചില സംശയങ്ങള്‍ ഉന്നയിക്കുക മാത്രമാണുണ്ടായതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ ന്യായീകരണവും വേണ്ട വിധത്തില്‍ വിജയിക്കാതെ പോയതോടെയാണ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.

പിഎം ശ്രീ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച സമയത്തും സമാനമായ അതൃപ്തി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നതാണ്. സിപിഐ വഴങ്ങാതിരുന്നത് മുഖ്യമന്ത്രിക്കു മാത്രമല്ല ക്ഷീണം ചെയ്തത്; സിപിഎം സംസ്ഥാന നേതൃത്വത്തിനു കൂടിയാണ്. സിപിഐയുടെ കേന്ദ്ര കേരള നേതൃത്വങ്ങളുമായി മധ്യസ്ഥ ചര്‍ച്ച നടത്തുകയും പദ്ധതിയില്‍നിന്നു പിന്‍വാങ്ങുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തത് ജനറല്‍ സെക്രട്ടറി എം.എ.ബേബിയായിരുന്നു.

ബേബിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഗവര്‍ണര്‍ക്കു വഴങ്ങിക്കൊടുക്കുന്നതിലെ അനൗചിത്യം ചര്‍ച്ചയായത്. സംഘപരിവാര്‍ നോമിനിയെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സ്വീകരിച്ചുവന്ന നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് ദോഷം ചെയ്യില്ലേ എന്ന സന്ദേഹമാണ് ഉയര്‍ന്നത്. ഒത്തുതീര്‍പ്പിലെത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനാലും തുടര്‍ നിയമോപദേശം അനുസരിച്ചുമാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 2 സര്‍ക്കാര്‍ നോമിനികളെ അംഗീകരിപ്പിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ മറ്റ് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് എടുത്ത ഒരു തീരുമാനത്തിന്റെ കാര്യത്തില്‍ വിയോജിപ്പ് ഉയര്‍ന്നത് പ്രകടമായ മാറ്റമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്കു ശേഷമാണ് അതുണ്ടായതും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്കു ശേഷം ജില്ലകളിലെ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും കൊല്ലം സംസ്ഥാന സമ്മേളനത്തിലൂടെ വീണ്ടും പാര്‍ട്ടിയുടെ നിയന്ത്രണം ഭദ്രമാക്കിയ പിണറായിക്ക് തദ്ദേശ തിരഞ്ഞെടുപ്പു തിരിച്ചടിയും പാര്‍ട്ടിയിലെ ഈ മാറ്റവും ഹിതകരമായ കാര്യങ്ങളല്ല.

എന്നാല്‍, സെക്രട്ടേറിയറ്റിലെ വിമര്‍ശനം ഏതെങ്കിലും സംഘടിത നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കാണുന്നില്ല. അപ്പോഴും ആ വിവരം പുറത്തുവന്നത് യാദൃച്ഛികമാണെന്നും കരുതുന്നില്ല. ബേബിയുടെ പിന്തുണ വിമര്‍ശകര്‍ക്കുണ്ടെന്ന വ്യാഖ്യാനം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ബേബിയുടെ ശൈലി പലര്‍ക്കും പ്രേരണയാണെന്നു കരുതുന്നവരുണ്ട്. ഇത്തരം ചര്‍ച്ചകളിലേക്ക് മാധ്യമങ്ങള്‍ കടക്കവേയാണ് സിപിഎം അതിന് തടയിട്ടു കൊണ്ട് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.