തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് 'മാറ്റു' കുറയാതെ നിലനില്‍ക്കുന്നത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ വിവാദം ശമിക്കുമെന്ന് കരുതിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിവാദം കത്തുമെന്ന കാര്യം ഉറപ്പായതോടെ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി.

ശബരിമല സ്വര്‍ണക്കേസ് നേരിടാന്‍ പന്തളം മുനിസിപ്പാലിറ്റിയിലെ എല്‍ഡിഎഫ് വിജയം ആയുധമാക്കിയുള്ള പ്രചാരണതന്ത്രമാണ് സിപിഎം കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ശബരിമല ഉള്‍പ്പെട്ട വാര്‍ഡിലും പെരുനാട് പഞ്ചായത്തിലും എല്‍ഡിഎഫ് വിജയിച്ചെന്ന് തിരഞ്ഞെടുപ്പ് അവലോകനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയത് ഈ പ്രചരണം ഊര്‍ജ്ജിതമാക്കുമെന്ന സൂചനയാണ്. എന്നാല്‍, കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ അറസ്റ്റിലാകുന്നത് തിരിച്ചടിയാണ് താനും.

ഗുരുവായൂരിലെയും കൊടുങ്ങല്ലൂരിലെയും എല്‍ഡിഎഫിന്റെ മികച്ച പ്രകടനംകൂടി ഉയര്‍ത്തിക്കാട്ടി ശബരിമല തിരിച്ചടിയായില്ലെന്നു സ്ഥാപിക്കുകയാണ് സിപിഎം തന്ത്രം. ശബരിമല പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെങ്കിലും പ്രതിപക്ഷം ആഗ്രഹിച്ചപോലെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്റെ വിശദീകരണം. വോട്ടുചോര്‍ന്നില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാധ്യമങ്ങള്‍ക്ക് എന്തും വ്യാഖ്യാനിക്കാമെന്നായിരുന്നു മറുപടി.

തിരഞ്ഞെടുപ്പില്‍ പണക്കൊഴുപ്പിന്റെ സ്വാധീനമുണ്ടായെന്നും പണം നല്‍കി വോട്ടുവാങ്ങുന്ന പ്രവണത വളര്‍ന്നുവരുന്നെന്നുമാണ് സിപിഎം വിലയിരുത്തല്‍. ബിജെപിയുടെ ഹിന്ദുത്വവര്‍ഗീയതയും മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയെയും ഉപയോഗിച്ചുള്ള ന്യൂനപക്ഷവര്‍ഗീയതയും കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്കായി ഉപയോഗിച്ചെന്നും വിലയിരുത്തി. ഏതുനിമിഷവും ഏതു കോണ്‍ഗ്രസുകാരനും ബിജെപിയിലേക്കു ചേക്കേറാന്‍ അതിര്‍വരമ്പുകളില്ലെന്ന് മറ്റത്തൂര്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലക്കേസില്‍ അറസ്റ്റിലായ നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തിരുന്നെങ്കില്‍ 'സ്വര്‍ണക്കൊള്ളയ്ക്ക് പാര്‍ട്ടി നടപടി' എന്നു മാധ്യമങ്ങള്‍ തലക്കെട്ടു നല്‍കുമായിരുന്നില്ലേയെന്നും ഗോവിന്ദന്‍ ചോദിച്ചു. ഞങ്ങളുടെ തീരുമാനത്തിന്റെ ഭാഗമായി പ്രചാരണം നടത്താന്‍ മാധ്യമങ്ങള്‍ക്കു സൗകര്യം കിട്ടിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കൊള്ളക്കാരെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്നൊരു തോന്നലുണ്ടാവില്ലേ എന്ന ചോദ്യത്തിന് ഇത്രയുംകാലം അതല്ലേ നിങ്ങള്‍ പറഞ്ഞതെന്നും അതിനു ഞങ്ങളെന്തു ചെയ്യുമെന്നായിരുന്നു മറുചോദ്യം. അറസ്റ്റിലായ രണ്ടുനേതാക്കള്‍ക്ക് ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബന്ധമുണ്ടെന്നോ ഗൗരവക്കുറവുണ്ടായോ എന്നൊക്കെ കുറ്റപത്രം വന്നാലേ മനസ്സിലാക്കാനാവൂ. അതില്‍ വ്യക്തത വന്നാലേ പാര്‍ട്ടിക്കു നടപടിയെടുക്കാനാവൂവെന്നും ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള വന്‍പദ്ധതികളുമായി സിപിഎം മുന്നോട്ടു നീങ്ങുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.

അമിത ആത്മവിശ്വാസവും സംഘടനാ ദൗര്‍ബല്യങ്ങളും പ്രാദേശിക വീഴ്ചകളും തിരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇത് പരിഹരിക്കാന്‍ വലിയ സമരപരിപാടികളും മറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റത്തൂരിലെ കൂറുമാറ്റം അടക്കം ആയുധമാക്കി കോണ്‍ഗ്രസിനെതിരായും തൊഴിലുറപ്പ് പദ്ധതി ചൂണ്ടിക്കാട്ടി ബിജെപിക്കെതിരായുമുള്ള പ്രചാരണങ്ങളാണ് നടത്തുക.

ജനുവരി 15 മുതല്‍ 22 വരെ കേരളത്തിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തി പാര്‍ട്ടിക്കുണ്ടായ പരാജയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അവതരിപ്പിച്ച് തുറന്ന സംവാദത്തിന് തയ്യാറാകും. പാര്‍ട്ടി നേതൃത്വം മുതല്‍ താഴെ തലം വരെയുള്ള മുഴുവന്‍ ആളുകളും ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കും. ജനുവരി 22-ന് ശേഷം കുടുംബ യോഗങ്ങള്‍ നടത്തും. ഒരു വാര്‍ഡില്‍ ഒരു യോഗം എന്ന രീതിയിലാകും നടത്തുക. ശേഷം ഓരോ ലോക്കല്‍ കമ്മിറ്റിയും പൊതുയോഗം നടത്തും.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തില്‍ പ്രതിഷേധിച്ച് ശക്തിയായ പ്രക്ഷോഭ പരിപാടികളും ഇതോടൊപ്പം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജനുവരി 12-ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സത്യാഗ്രഹ സമരം നടത്തും.

എംഎല്‍എമാരും എംപിമാരും എല്‍ഡിഎഫ് നേതാക്കളും ഇതില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കെതിരായും കേരളത്തിനെതിരായ അവഗണനയ്ക്കെതിരായിട്ടുമാണ് സമരം. മതനിരപേക്ഷത സംരക്ഷിക്കാനുള്ള രാഷ്ട്രീയം ഉന്നം മുന്നോട്ട് വെച്ച് സംസ്ഥാനത്ത് മൂന്ന് വാഹന പ്രചാരണ ജാഥ നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചതായി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയാണ് ജാഥ നടത്തുക.

തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി അഞ്ചാം തീയതി 23000 വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ഈ പരിപാടിയില്‍ രാജ്ഭവനിലേക്കുള്ള മാര്‍ച്ചിന് പ്രഖ്യാപനം നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാകും ഇത്. ജനുവരി 15-നാണ് ഇത് നടത്തുക. ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലുമാണ് പ്രതിഷേധം നടത്തുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.