തിരുവല്ല: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയതിന് പിന്നാലെ സി.പി.എം പ്രാദേശിക നേതാക്കളില്‍ നിന്നടക്കം മാനസിക പീഡനം നേരിടുന്നുവെന്ന പരാതിയുമായി യു.ഡി.എഫ് വനിത സ്ഥാനാര്‍ഥി രംഗത്ത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പൊടിയാടി ഡിവിഷനില്‍നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആശമോള്‍ ടി.എസ് ആണ് താന്‍ നേരിടുന്ന ഭീഷണി തുറന്നു പറഞ്ഞ് രംഗത്തുവന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ ആറാം വാര്‍ഡിലെ എ.ഡി.എസ് പ്രസിഡന്റ് കൂടിയായ തനിക്കുമേല്‍ മത്സര രംഗത്തുനിന്നും പിന്മാറുന്നതിനായി സി.പി.എം വനിതാ നേതാക്കളടക്കം ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തുകയാണെന്നാണ് ആശയുടെ പരാതി.

പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യം ഉല്‍പാദിപ്പിക്കുന്ന യൂണിറ്റിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ആശ. ആശ ഉള്‍പ്പെടെ 28 പേര്‍ അടങ്ങുന്ന സി.ഡി.എസ് അംഗങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ താല്‍ക്കാലിക ജീവനക്കാരാണ്. ആശ മത്സരരംഗത്ത് ഉറച്ചുനിന്നാല്‍ 28 പേര്‍ അടങ്ങുന്ന യൂണിറ്റിനെ പിരിച്ചുവിടുകയും പുതിയ നിയമനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്യും എന്ന് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ നേതാവും പ്രാദേശിക നേതാവും ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ എത്തി താല്‍ക്കാലിക വനിത ജീവനക്കാരുടെ യോഗം വിളിച്ചുകൂട്ടി അറിയിച്ചിരുന്നു.

കോണ്‍ട്രാക്ട് റദ്ദാക്കി പുതിയ ടെന്‍ഡര്‍ ഇടുമെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി. ഇതിന് പിന്നാലെയാണ് താല്‍ക്കാലിക ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ശബ്ദ ശബ്ദ സന്ദേശമായും ഫോണിലൂടെ നേരിട്ടും മാനസിക സമ്മര്‍ദ്ദത്തിലാക്കും വിധം വോയിസ് മെസ്സേജുകള്‍ അയക്കുകയും വിളിക്കുകയും ചെയ്യുന്നതായി ആശ പരാതിപ്പെട്ടത്. നോമിനേഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ എല്ലാവരുടെയും ജോലിയെ ബാധിക്കുമെന്നും അതിന് ആശ ഉത്തരം പറയണമെന്നുമാണ് സന്ദേശങ്ങളില്‍ പറയുന്നത്. പത്രിക സമര്‍പ്പിച്ചപ്പോള്‍ തന്നെ സി.പി.എം നേതാക്കള്‍ പല തടസവാദങ്ങളും ഉന്നയിച്ചതായി ആശ പറയുന്നു. താന്‍ ഉള്‍പ്പെടെയുള്ള 28 പേരുടെ കഞ്ഞികുടി മുട്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ആശ ആരോപിച്ചു.

പത്രിക പിന്‍വലിക്കണം എന്നതാണ് തനിക്ക് മേല്‍ ഇപ്പോള്‍ നേതാക്കളും ഇടതുപക്ഷ അനുകൂലികളായ സഹപ്രവര്‍ത്തകരും ഉയര്‍ത്തുന്ന സമ്മര്‍ദ്ദം എന്നും ആശ പറഞ്ഞു. അതേസമയം കണ്ണൂര്‍ മോഡല്‍ ഗുണ്ടാ രാഷ്ട്രീയം തിരുവല്ലയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ആശ മോള്‍ക്കെതിരെയുള്ള മാനസിക പീഡനം എന്നും ഇത് ഒരുതരത്തിലും വെച്ച് പൊറുപ്പിക്കാനാവില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും നാമനിര്‍ദേശ പത്രിക നല്‍കിയ സ്ഥാനാര്‍ഥിയെ ഭീഷണിയിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നത്. പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണ് ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നതെന്നും പ്രതിപക്ഷ നേതവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

''സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സി.പി.എം ക്രിമിനലുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിന് എന്തൊരു അപമാനമാണിത്? ബംഗാളിലും ത്രിപുരയിലും ഇതിനേക്കാള്‍ വിലയ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നെന്നത് സി.പി.എം മറക്കരുത്. ബംഗാളിലെ അവസാനകാലത്തുണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യ വിരുദ്ധമായും മാഫിയാ സംഘമായുമാണ് കേരളത്തില്‍ സി.പി.എം പ്രവര്‍ത്തിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സി.പി.എം ഫാക്ഷന്‍ പോലെ ഒരുസംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. സി.പി.എം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്ര കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.