- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ നേതാവ് കടക്ക് പുറത്ത്! വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനം; കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി സെക്രട്ടറിയേറ്റ് നടപടി; പുറത്താക്കല്‍ നേരത്തെ പ്രതീക്ഷിച്ചത്, താന്‍ മാറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്ന് കുഞ്ഞികൃഷ്ണന്‍
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ നേതാവ് കടക്ക് പുറത്ത്!

കണ്ണൂര്‍: പയ്യന്നൂര്‍ ധന്‍രാജ് രക്താസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തല്‍ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാര്‍ട്ടി ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ നേതൃത്വവുമായി പരസ്യമായി ഇടഞ്ഞുനില്‍ക്കുന്ന കുഞ്ഞികൃഷ്ണന്‍ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ആരോപണ വിധേയനായ ടി മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത ശേഷം പുറത്താക്കല്‍ നടപടിയില്‍ അന്തിമ തീരുമാനമുണ്ടാകും. പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി വെളിപ്പെടുത്തിയതില്‍ കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനും സൂചന നല്‍കിയിരുന്നു. ഇരുവരും നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പുറത്താക്കല്‍ നടപടി നേരത്തെ പ്രതീക്ഷിച്ചതാണെന്നും താന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നു കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടികക് പുറത്തുനിന്ന് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് ഉപയോഗിക്കുന്നതെന്ന് വി കുഞ്ഞികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ കുറ്റക്കാരനാക്കാനാണ് ശ്രമം. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ കൃത്യമായ തെളിവുണ്ട്. അത് പുറത്തുവിടണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാല്‍ ചില കാര്യങ്ങള്‍ പറയാന്‍ സാധിക്കും. ധനരാജിന്റെ വീടിനായി മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ ചെലവഴിച്ചു എന്നാണ് പറയുന്നത്. അതില്‍ ചില സംശയങ്ങളുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട ചെക്ക് പരിശോധിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതേ കാല്‍ ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായി വ്യക്തമായി. ഇതേ അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഡെബിറ്റ് ചെയ്ത് സിപിഐഎം ഏരിയാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായും കണ്ടെത്തി. അത് ഒരു കണക്കിലും പെടുത്തിയിട്ടില്ല. ഇതിന് പുറമേ ഒരു രണ്ട് ലക്ഷം രൂപയുടെ കണക്കും കാണാം. ഇത് എന്തിന് ചെലവഴിച്ചു എന്ന് വ്യക്തമല്ല. ആ ഇടപാട് നടന്നിരിക്കുന്നതും ചെക്ക് വഴിയാണ്. ചെക്ക് പരിശോധിച്ചപ്പോള്‍ അന്നത്തെ ഏരിയാ സെക്രട്ടറിയുടെ പേഴ്സണല്‍ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റായതെന്ന് മനസിലായി. അത് പിന്നീട് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
2022ലാണ് ധനരാജ് ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ചിലര്‍ക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം വരുന്നത്. ആ സമയം താന്‍ ജില്ലാ കമ്മിറ്റി അംഗമല്ല. ജില്ലാ കമ്മിറ്റിയില്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെയാണ് തെറ്റ് ഏറ്റ് പറഞ്ഞു എന്ന് പറയുകയെന്ന് കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് താന്‍ അംഗീകരിച്ചു എന്ന് പറയുന്നത് കളവാണ്. തന്നെ കുറ്റക്കാരനാക്കികൊണ്ടുള്ള വിശദീകരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം കഴിയുന്നതുവരെ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നുമാണ് താന്‍ പറഞ്ഞത്.
എട്ട് മാസം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് താന്‍ മാറി നില്‍ക്കുകയാണ് ചെയ്തതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വാദിയെ പ്രതിയാക്കാനാണ് പാര്‍ട്ടി കമ്മീഷന്‍. പരാതി കൊടുത്താല്‍ പരാതി കൊടുത്തയാളെ കുറ്റവാളിയാക്കാനാണ് ശ്രമിക്കുന്നത്. മെറിറ്റല്ല, വ്യക്തികളാണ് കമ്മീഷനുകള്‍ക്ക് പ്രധാനം. മനു തോമസിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്നതും ഒരു കമ്മീഷന്റെ കണ്ടെത്തല്‍ കൊണ്ടാണെന്നും കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഒരു നയാ പൈസപോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പാര്‍ട്ടി പറയുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ ഉപയോഗിച്ച രസീറ്റ് ഇതുവരെ പൂര്‍ണമായി തിരിച്ചുവന്നിട്ടില്ല. അത് തിരിച്ചുവരാതെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് എങ്ങനെ പറയാന്‍ പറ്റുമെന്ന് കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. എം വി ജയരാജന്‍ പറയുന്നത് ശരിയല്ല. നാല് വര്‍ഷമായി താന്‍ ഇക്കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയുകയാണ്. യാതൊരു ഫലവുമില്ലാത്തതിനാലാണ് തുറന്നുപറഞ്ഞത്. അത് പിന്നെ എങ്ങനെയാണ് പാര്‍ട്ടിയെ തകര്‍ക്കലാകുകയെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.


