തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനം തിരുവനന്തപുരം ജില്ലയിലേക്ക് എത്തുമ്പോള്‍ നേതാക്കള്‍ക്ക് വിമര്‍ശനങ്ങളും പരിഹാസങ്ങളും. മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പുകള്‍ക്കും എതിരെ വിമര്‍ശനം ഉയരുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെയും സമ്മേളന പ്രതിനിധികള്‍ നിര്‍ത്തിപ്പൊരിച്ചത്. എം വി ഗോവിന്ദന്റെ കുമാരപിള്ള ശൈലിക്കെതിരെയാണ് പരിഹാസം ഉയര്‍ന്നത്. നേതൃതലത്തിലുള്ളവര്‍ക്കെതിരെയെല്ലാം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വേദിയിലിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് രംഗത്തുവന്നത് സമ്മേളനത്തിലെ വനിതാ പ്രതിനിധിയാണ്. പോലീസിനെ വിമര്‍ശിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശൈലിയെ ഇവര്‍ പരിഹസിച്ചത്. ഗോവിന്ദന്‍ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അര്‍ത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കുമാണെന്നും അവര്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി വേദിയിലിരിക്കവെയായിരുന്നു ആഭ്യന്തര വകുപ്പിനും നേരെയുള്ള വിമര്‍ശനം. ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചു എന്നതും ശ്രദ്ധേയമാണ്. പോലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയില്‍ വനിതകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വനിതകളെ പാര്‍ട്ടി പദവികളില്‍ തഴയുന്നു. നിശ്ചിത പാര്‍ട്ടി പദവികളില്‍ സ്ത്രീകളെ പരിഗണിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കാനുള്ള ആര്‍ജ്ജവം ഉണ്ടോ എന്ന ചോദ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു.

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ കൂടുതല്‍ പേര് തയ്യാറാകുന്നു എന്നത് പ്രധാന വിഷയം തന്നെയാണ്. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ സംഘടനയില്‍ നിന്നും പിണറായി വിജയന് ഇത്രയേറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നില്ല. എ്ന്നാല്‍ എംവി ഗോവിന്ദന്‍ സെക്രട്ടറിയായപ്പോള്‍ കഥമാറുകയാണ്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അടക്കം സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശമുണ്ട്. ഇതിനൊപ്പമാണ് സമ്മേളനത്തിലെ വിമര്‍ശനവും. പാര്‍ട്ടി ര്‍ട്ടി നേതൃത്വം അടിമുടി തിരുത്തലിന് തയാറാകണമെന്നും ഭരണത്തിന്റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യൂതി സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായി.

പാര്‍ട്ടി വിട്ട മധു മുല്ലശേരി ബിജെപിയോട് അടുത്തിട്ടും നേതാക്കള്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തിനോട് റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എം.ആര്‍. അജിത് കുമാറിനെ ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തരുതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭ്യന്തര വകുപ്പിന് പുറമെ തദ്ദേശ, ടൂറിസം വകുപ്പുകളെയും സംഘനടാ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. പിണറായി വിജയന്‍ വേദിയിലുള്ളപ്പോഴും വിമര്‍ശനം ഉയര്‍ന്നുവെന്നതും ശ്രദ്ധേയമായി.

പോലീസില്‍ ഡിജിപിയായുള്ള എം.ആര്‍. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് ആഭ്യന്തരവകുപ്പിനുനേരേ ആഞ്ഞടിച്ച് സി.പി.എം. തിരുവനന്തപുരം ജില്ലാസമ്മേളന പ്രതിനിധികള്‍ രംഗത്തു വന്നു. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് അന്വേഷണം നേരിടുന്ന അജിത് കുമാറിന് ഡി.ജി.പി. റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ സര്‍ക്കാര്‍ കീഴടങ്ങിയെന്ന പ്രതീതിയാണുണ്ടാക്കിയതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഈ വിമര്‍ശനം.''എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ ഡി.ജി.പി. റാങ്കിലേക്ക് ഉയര്‍ത്താന്‍ പാടില്ലായിരുന്നു. നിയമപ്രകാരം അവകാശമുണ്ടെങ്കില്‍ അത് കോടതിയില്‍പോയി വാങ്ങിവരട്ടേ എന്ന നിലപാടെടുക്കണമായിരുന്നു'' -പ്രതിനിധികള്‍ പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ സി.പി.എം. നേതാക്കളെക്കാള്‍ സ്വീകരണം ലഭിക്കുന്നത് ബി.ജെ.പി.-കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടായില്ലെങ്കില്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് ഗുണമായിമാറും.

ബി.ജെ.പി.യിലേക്ക് ചേക്കേറിയ മംഗലപുരം ഏരിയാസെക്രട്ടറി മധു മുല്ലശ്ശേരിയെ പോലുള്ളവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. പാര്‍ട്ടിനേതാക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ പരിഹസിച്ചു. ധനവകുപ്പ് സമ്പൂര്‍ണപരാജയമാണ്. കേന്ദ്രം സാമ്പത്തികഞെരുക്കം സൃഷ്ടിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വെറുതേ പരിഭവം പറഞ്ഞ് നടക്കുകയാണ് ധനമന്ത്രി. രണ്ടാം പിണറായിസര്‍ക്കാരില്‍ കിഫ്ബി പോലുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

ആരോഗ്യവകുപ്പില്‍ ഒരു മന്ത്രിയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. പുതിയതലമുറ എന്തുകൊണ്ട് പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്ന് പരിശോധിക്കണമെന്ന് അഭിപ്രായമുയര്‍ന്നു. വൈദ്യുതി, കുടിവെള്ള നിരക്കുകള്‍ കൂട്ടിയതിലും കെട്ടിടനികുതി വര്‍ധിപ്പിച്ചതിലുമെല്ലാം വിമര്‍ശനമുണ്ടായി. തിരുവനന്തപുരത്ത് സഖാക്കള്‍ക്ക് മണ്ണ് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്ഐ വെറുമൊരു ചാരിറ്റി സംഘടനയായി മാറിയെന്നും വിമര്‍ശനമുണ്ട്. തിരുവനന്തപുരം മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളുടെ അംഗത്വത്തിനെതിരെയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. വോട്ടെടുപ്പില്‍ അംഗങ്ങള്‍ പലരെയും കാണാറില്ലെന്നും, ഇത്രയും അംഗത്വം ഉണ്ടോയെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. സംഘടനാ റിപ്പോര്‍ട്ടില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യൂണിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും തെറ്റായ പ്രവര്‍ത്തനം നടക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും നഗരസഭാ ഭരണത്തിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മേയര്‍ ആര്യയെ ഒറ്റതിരിഞ്ഞും പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ന്നു. നഗരത്തിലെ വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നുമാണ് നഗരസഭയ്‌ക്കെതിരെ സി.പി.എം. പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം.

ബിജെപി ശക്തമായ കോര്‍പ്പറേഷനില്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും പ്രതിനിധികള്‍ ഉയര്‍ത്തി. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം വിലയിരുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റോഡുകള്‍, കുടിവെള്ള പ്രശ്‌നം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ പരാതി ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണം. നിലവില്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ ഫണ്ട് ലഭിക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.