- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചെറ്റത്തരം' എന്ന വാക്ക് എന്നാണ് അശ്ലീലമായത്? ജി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല; 'രാഷ്ട്രീയ ചെറ്റത്തരം' എന്ന വാക്ക് കേരളത്തില്‍ പറയാത്ത ഒരു വാചകമാണോ? പിണറായി വിജയന്റെ വാക്ക് വളരെ മോശമായിപ്പോയിരിക്കുന്നു എന്ന് ചിത്രീകരിക്കാന്‍ നോക്കിയിട്ട് കാര്യമില്ലല്ലോ? വാവിട്ട വാക്കിനെ ന്യായീകരിച്ചു മുഖ്യമന്ത്രി
'ചെറ്റത്തരം' എന്ന വാക്ക് എന്നാണ് അശ്ലീലമായത്? ജി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല

ഇടുക്കി: സിപിഎം വിട്ടു അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം കാട്ടിയത് രാഷ്ട്രീയ ചെറ്റത്തരമാണെന്നാണ് പറഞ്ഞത്. അത് ദശാബ്ദങ്ങളായി താന്‍ കേരളത്തിലെ പൊതുവേദികളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വാചകമാണെന്നും മുഖ്യമന്ത്രി ഇടുക്കിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് പിണറായിയുടെ ന്യായീകരരണം.
'ജി.സുധാകരനെ ഞാന്‍ ചെറ്റയെന്ന് വിളിക്കണമെന്ന് നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ ചെറ്റയെന്ന് വിളിക്കുകയോ പേരെടുത്ത് ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല.' സുധാകരന്‍ കാട്ടിയത് നിലപാടുകളുടെ വഞ്ചനയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
'ഞാന്‍ സുധാകരനെ ചെറ്റ എന്ന് വിളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ വിളിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതെന്താണ്? ചെറ്റത്തരമാണ് കാണിച്ചത്. രാഷ്ട്രീയ ചെറ്റത്തരം! 'ചെറ്റത്തരം' എന്ന വാക്ക് എപ്പൊഴാണ് ഇത്രമാത്രം അശ്ലീലവും അണ്‍പാര്‍ലമെന്ററിയും ആയി മാറിയത് എന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ വളരെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാചകമുണ്ട്. അത് നിങ്ങളുടെ മുന്നിലും പറഞ്ഞിട്ടുണ്ടാകും, കേരളത്തിലാകെയും പറഞ്ഞിട്ടുണ്ടാകും. ചില്ലറ വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതിന്റെ അര്‍ഥം ഞങ്ങള്‍ എല്ലാവരും ചെറ്റകളാണെന്നാണോ? ഞങ്ങളെപ്പറ്റിയാണത് പറഞ്ഞത്.
എത്രയോ കാലമായി, ദശാബ്ദങ്ങളായി കേരളത്തിലെ പൊതുവേദികളില്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. സാധാരണ പറയുന്നതല്ലേ ഇത്. ചെറ്റത്തരം കാണിച്ചാല്‍ ചെറ്റത്തരം എന്ന് പറയില്ലേ? അതല്ലേ ഉണ്ടായത്? അതിന്റെ അര്‍ഥം അയാളെ ചെറ്റ എന്ന് വിളിച്ചെന്നാണോ? അയാളുടെ പേര് മാറ്റി വിളിച്ചുവെന്നാണോ? അയാളെ വ്യക്തിപരമായി പേരെടുത്ത് ആക്ഷേപിക്കുന്ന നിലയുണ്ടായോ? പക്ഷേ നിലപാടുകളുടെ വഞ്ചനയല്ലേ? വഞ്ചന കാണിച്ചുവെന്ന് പറയുമ്പോള്‍, വര്‍ഗവഞ്ചകന്‍ എന്ന് പറയുമ്പോള്‍ എന്താണ് അതിന്റെ അര്‍ഥം? അതൊക്കെ നിലപാടുകളുടെ ഭാഗമായി പറയുന്ന കാര്യമല്ലേ? സ്വാഭാവികമായി പറയില്ലേ? അത്രയേ അതിനെ കാണേണ്ടതുള്ളു.'
ചെറ്റത്തരം എന്നത് പറയാന്‍ പാടില്ലാത്ത കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 'കേരളത്തില്‍ പറയാത്ത ഒരു വാചകമാണോ അത്? ആവര്‍ത്തിച്ച് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമല്ലേ? മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അത് യുഡിഎഫ് ഏറ്റെടുത്തിട്ടുണ്ടാകും. പക്ഷേ നാട്ടുകാര്‍ അവരുടെ കൂടെ വേണ്ടേ? അതിന് നിങ്ങള്‍ എന്തിനാണ് വേവലാതിപ്പെടുന്നത്? അതിന് പിണറായി വിജയന്റെ വാക്ക് വളരെ മോശമായിപ്പോയിരിക്കുന്നു എന്ന് ചിത്രീകരിക്കാന്‍ നോക്കിയിട്ട് കാര്യമില്ലല്ലോ?' പിണറായി പറഞ്ഞു.
വീട്ടില്‍ പോയി ചോദിച്ചോയിലും വിശദീകരണം
വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തിലും മുഖ്യമന്ത്രി വിശദീകരിച്ചു. ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. വാര്‍ത്താസമ്മേളന വേദി അല്ലല്ലോ? പൊതുയോഗത്തിന് പൊതുയോഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയില്‍ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ 'വീട്ടില്‍ പോയി ചോദിക്ക്' എന്ന പ്രയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'സാധാരണ നമ്മള്‍ ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാല്‍ പ്രതികരണവും അതിനനുസരിച്ച് വരും. അവിടെ ആരെങ്കിലും എല്‍ഡിഎഫിനെയോ എന്നെയോ എതിര്‍ക്കാന്‍ വന്നവരല്ല. ചില ഘട്ടങ്ങളില്‍ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ ആരോ സംസാരിക്കട്ടേ, അത് ഇഷ്ടമില്ലെങ്കില്‍ കേള്‍ക്കണ്ട, യോഗത്തില്‍ നിന്ന് പോകണം. ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതി', മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് കാണുന്നുണ്ടല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം കോന്നിയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ സദസില്‍ നിന്ന് ഒരു ചോദ്യമുണ്ട് എന്ന ശബ്ദം ഉയരുകയായിരുന്നു. ഇയാളോട് വീട്ടില്‍ പോയി ചോദിക്ക് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവം വലിയ വിവാദമായിരുന്നു.
കപ്പിലെ 'ലവ് യു ടു ദ മൂണ്‍ ആന്‍ഡ് ബാക്ക്' വാചകത്തെ കുറിച്ചും അദ്ദേഹം വിശദീകരണം നല്‍കി. കപ്പിലെ വാചകം യാദൃശ്ചികമാണെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ സമീപനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടത്തിലും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
'ഞങ്ങള്‍ എല്ലാ ഘട്ടത്തിലും അവളോടൊപ്പമായിരുന്നു. ഞാനും ആ നിലയാണ് സ്വീകരിച്ചത്. അവനോടൊപ്പം നിന്നവരാരാണ്. പ്രതിപക്ഷ നേതാവടക്കമുള്ള ആളുകള്‍ എന്താണ് ചെയ്തത്. അവനെ പവിത്രീകരിക്കാനുള്ള ശ്രമം നടത്തിയില്ലേ. വലിയ ഇടപെടല്‍ നടത്തി സംരക്ഷിക്കുന്നു. ആ ഘട്ടത്തില്‍ അവളെ പറ്റി ചിന്തിച്ചോ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മൊത്തമായും ചില്ലറായായും സൈബര്‍ പട ആകെ അവള്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ടു. അതല്ലേ നമ്മള്‍ കണ്ടത്. ഇപ്പോഴും അതല്ലേ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ മാറ്റം വരുത്തിയിട്ടില്ല. ഞങ്ങള്‍ അന്നും അവളോടൊപ്പമാണ്, ഇന്നും അവളോടൊപ്പമാണ്. ഇനി ആര്‍ക്കെങ്കിലും അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ അവരോടൊപ്പം നില്‍ക്കുന്നതും ഞങ്ങളുടെ നിലപാടാണ്', മുഖ്യമന്ത്രി പറഞ്ഞു.


