ആലപ്പുഴ: സിപിഎം പ്രായപരിധി മാനദണ്ഡത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. പാര്‍ട്ടി നേതാക്കളില്‍ പലരും പ്രായം മറച്ചുവെച്ച് സ്ഥാനങ്ങളില്‍ ഇരിക്കുന്നു എന്ന വിമര്‍ശനമാണ് ജി സുധാകരന്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രായപരിധി മാനദണ്ഡം ബാധകമല്ലാതെ അധികാരത്തിലും പാര്‍ട്ടി ഫോറങ്ങളിലും തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് സുധാകരന്റെ വിമര്‍ശനം.

പാര്‍ട്ടിയിലെ പലരും പ്രായം മറച്ചുവെച്ചാണ് പല സ്ഥാനങ്ങളിലും ഇപ്പോഴും ഇരിക്കുന്നത്. പാര്‍ട്ടി നിര്‍ദേശിച്ച പ്രായപരിധി മാനദണ്ഡം പല നേതാക്കളും മറികടന്നു .75 വയസ് എപ്പോള്‍ തികയുന്നു അപ്പോള്‍ സ്ഥാനം ഒഴിയുന്നതാണ് മാനദണ്ഡം. അത് മനസ്സിലാക്കിയാണ് താന്‍ സ്വയം ഒഴിഞ്ഞത് ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്. എന്നാല്‍ അവരെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്ക് 78 വയസുവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തുടരാന്‍ സാധിക്കും. പക്ഷെ താന്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരിക്കെയാണ് 75 വയസെന്ന പ്രായപരിധിക്ക് മുന്നേ തന്നെ സ്ഥാനം ഒഴിഞ്ഞത്. ബ്രാഞ്ചില്‍ പ്രവര്‍ത്തിച്ചാണ് ഇതുവരെ വന്നത് അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രി ആയാല്‍ സന്തോഷം മാത്രമാണ് ഉള്ളതെന്നും സുധാകരന്‍ പറഞ്ഞു. പിണറായി തന്നെ ഭരിക്കണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതില്‍ ഒരു വിയോജിപ്പും തനിക്ക് ഇതുവരെ തോന്നിയിട്ടില്ല ജി സുധാകരന്‍ വ്യക്തമാക്കി. അതേസമയം, സിപിഐഎമ്മില്‍ പ്രായപരിധി അനിവാര്യമെന്നാണ് പ്രായപരിധി മാനദണ്ഡത്താല്‍ കമ്മറ്റികളില്‍ നിന്നും പുറത്തുപോകേണ്ടി വന്ന എ കെ ബാലന്‍ പ്രതികരിച്ചത്.

പ്രായപരിധി 70 ആക്കണമെന്നാണ് ആഗ്രഹം. പുതുതലമുറ വന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. ഒഴിഞ്ഞ് പോകുന്നവരെ ഭരണഘടനപരമായി ചേര്‍ത്ത് നിര്‍ത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റില്‍ മൂന്ന് അംഗങ്ങളുടെ ഒഴിവാണ് ഉണ്ടായത്. ഉചിതമായി തോന്നിയതിനാലാണ് എം വി ജയരാജനേയും സി എന്‍ മോഹനനേയും ഉള്‍പ്പെടുത്തിയതെന്നും എ കെ ബാലന്‍ പറഞ്ഞു.

അതേസമയം പ്രായപരിധിക്ക് അപ്പുറത്തും സിപിഎമ്മില്‍ ചില ഒഴിവാക്കലുകള്‍ നടന്നിട്ടുണ്ട്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കളുടെ അപ്രമാദിത്വം ഉറപ്പിക്കുമ്പോഴും ജില്ലയിലെ മുതിര്‍ന്ന നേതാവായ പി.ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതെ തഴഞ്ഞതില്‍ അമര്‍ഷം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. കണ്ണൂരിലെ പാര്‍ട്ടിയുടെ നിര്‍ണായക ചാലകശക്തികളായിരുന്നു ജയരാജന്മാര്‍ എന്നറിയപ്പെട്ടിരുന്നു ഇ.പി.ജയരാജന്‍, പി.ജയരാജന്‍, എം.വി.ജയരാജന്‍ എന്നിവര്‍. ഇതില്‍ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിച്ചാല്‍ ഇ.പിക്ക് തൊട്ടുതാഴെ പി.ജയരാജനാണ്. അദ്ദേഹത്തിന് സെക്രട്ടേറിയറ്റ് പ്രതിനിധി എന്ന പദവി എന്നന്നേക്കുമായി അന്യമാകുകയാണ്.

75 വയസാണ് പാര്‍ട്ടിയുടെ നേതൃപദവികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. ഇതനുസരിച്ചാണ് സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കളായ എ.കെ.ബാലന്‍, ആനാവൂര്‍ നാഗപ്പന്‍, പി.കെ.ശ്രീമതി തുടങ്ങിയവരെ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കുന്നത്. ജനുവരി ഒന്ന് കണക്കാക്കി പ്രായപരിധി മാനദണ്ഡം നടപ്പാക്കിയത് കൊണ്ടുതന്നെ മെയ് മാസത്തില്‍ 75 പൂര്‍ത്തിയാകുന്ന ഇ.പി.ജയരാജന്‍, ജൂണില്‍ 75-ല്‍ എത്തുന്ന ടി.പി. രാമകൃഷ്ണന്‍ എന്നിവരെ ഒരുതവണ കൂടി സെക്രട്ടേറിയറ്റ് അംഗങ്ങളായി തുടരാന്‍ അനുവദിക്കുകയായിരുന്നു.

പി.ജയരാജനെ സംബന്ധിച്ച് സി.പി.എം. സംസ്ഥാന സമിതി അംഗം എന്ന മേല്‍വിലാസത്തില്‍ തന്നെ തുടരാനാണ് പാര്‍ട്ടി വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ 72 വയസുള്ള പി.ജയരാജന് അടുത്ത സമ്മേളന കാലഘട്ടമാകുന്നതോടെ 75 വയസ് പിന്നിടുകയും ചെയ്യും. പ്രായപരിധി മാനദണ്ഡം കര്‍ശനമായി തുടരുമെന്ന പാര്‍ട്ടി നിലപാട് ആവര്‍ത്തിക്കുന്നത് കൊണ്ടുതന്നെ സി.പി.എം. സംസ്ഥാന സമിതിയില്‍ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലേക്കുള്ള ഒരു പ്രമോഷന്‍ അദ്ദേഹത്തിന് ഇനി ലഭിക്കില്ലെന്ന് ഉറപ്പാണ്.

ജയരാജന്മാരിലെ സീനിയോരിറ്റി പരിഗണിച്ചാല്‍ ഇ.പി. ജയരാജന്‍ കഴിഞ്ഞാല്‍ പിന്നെ പി.ജയരാജനാണ്. എന്നാല്‍, മൂന്നാം സ്ഥാനത്തുള്ള എം.വി.ജയരാജന്‍ ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രതിനിധിയായി എത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി പരിഗണിക്കുന്നതിന് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടും സമ്മേളന പ്രതിനിധികളായവരും സംസ്ഥാന സമിതിയിലേയും എല്ലാവരെയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാനാവില്ലല്ലോയെന്ന ഒഴുക്കന്‍ മറുപടിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നല്‍കിയത്.

പി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന വേളയില്‍ അദ്ദേഹത്തെ പുകഴ്ത്തി പുറത്തിറങ്ങിയ ഒരുപാട്ട് ആണ് അദ്ദേഹത്തിന്റെ രാഷ്ട്രിയ ഭാവിയുടെ ഗതി മാറ്റിവിട്ടതെന്ന് പറയാം. ആ പാട്ടിനെ ഒരു വ്യക്തിപൂജയായി കണക്കാക്കിയ പാര്‍ട്ടി ഇത് സി.പി.എമ്മിന്റെ രീതികള്‍ക്ക് വിരുദ്ധമാണെന്നാണ് നിലപാട് എടുത്തത്. പിന്നീട് രാഷ്ട്രിയ കേരളം ചര്‍ച്ച ചെയ്ത പല പ്രസ്താവനകളും വെളിപ്പെടുത്തലുകളും ഒന്നിന് പുറകെ ഒന്നായി വന്നതും പാര്‍ട്ടിയില്‍ അദ്ദേഹത്തെ അപ്രിയനാക്കി. പാര്‍ട്ടിയില്‍ പി.ജയരാജന്‍ ഒതുക്കപ്പെടുന്നുവെന്ന വികാരം ഉയര്‍ന്നതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആളുകളും പി.ജെ.ആര്‍മി എന്ന പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ പൊതുവിടങ്ങളും പ്രത്യക്ഷപ്പെട്ടതും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു.