ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമായിട്ടും പൂര്‍ണമായും വഴങ്ങാതെ മുതിര്‍ന്ന നേതാവ്. പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് നിലപാട് അറിയിച്ചെങ്കിലും അംഗത്വം പുതുക്കുന്ന കാര്യത്തില്‍ കടുംപിടുത്തം തുടരുകയാണ് സുധാകരന്‍. പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരം മുന്‍ എംപി സി.എസ്. സുജാത സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം.

പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. അംഗത്വം പുതുക്കാന്‍ 31 വരെ സമയമുണ്ട്. അനുനയനീക്കം തുടരാനാണ് പാര്‍ട്ടിയുടെ തീരുമാനം. അതേസമയം, സുധാകരനുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

''അതിന്റെ ഭാഗമായി ആയിരിക്കുമല്ലോ കേന്ദ്ര കമ്മിറ്റി അംഗം പോയി കണ്ടത്. പാര്‍ട്ടി നേതൃത്വം വേണ്ട രീതിയില്‍ ഇടപെടുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. നേരത്തെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വമാണ് ഇടപെടല്‍ നടത്തേണ്ടത്. അത് നടത്തുന്നുണ്ട്'' മന്ത്രി പറഞ്ഞു. അതേസമയം ജി സുധാകരനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു രംഗത്തുവന്നേക്കുമെന്നും സൂചനയുണ്ട്.

നാളത്തെ പെരുമ്പളം പാലം ഉദ്ഘാടനത്തിനും സുധാകരന് ക്ഷണമുണ്ട്. ചടങ്ങിലെ മുഖ്യാതിഥിയായി നോട്ടിസില്‍ പേരുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. പിണറായി ജി സുധാകരനെ കാണാന്‍ എത്തുമോ എന്നാണ് അറിയേണ്ടത്. അതേസമയം, സിപിഎം അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം രണ്ടാം ദിവസവും മൗനത്തിലാണ് ജി.സുധാകരന്‍. കാര്യങ്ങള്‍ പരസ്യമായി പറയും എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ്. അനുനയ നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലുംസുധാകരന്‍ വഴങ്ങുന്ന സൂചനകളില്ല.

എം.വി.ഗോവിന്ദന്‍ ഫോണില്‍ സംസാരിച്ചപ്പോഴും തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. സുധാകരനെ പരിഹസിച്ചതല്ലെന്നും മാധ്യമങ്ങളുടെ ചോദ്യം കേട്ട് ചിരിച്ചതാണെന്നുമുള്ള എം.വി.ഗോവിന്ദന്റെ വിശദീകരണം സുധാകരന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ജി സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിക്കുമോ എന്നതും ചോദ്യമായി നിലനില്‍ക്കുന്നു.

തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പരസ്യമായി പ്രഖ്യാപിക്കുമെന്ന് സുധാകരനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടി വിരുദ്ധനാകില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, വ്യക്തിയെന്ന നിലയില്‍ ജനവിധി തേടാനാണ് അദ്ദേഹത്തിന്റെ നീക്കം. സുധാകരന്‍ മത്സരരംഗത്തിറങ്ങിയാല്‍ ആലപ്പുഴ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും അത് ഇടതുമുന്നണിയുടെ വിജയസാധ്യതകളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം.

അതേസമയം, സുധാകരന്‍ ഫാക്ടര്‍ അനുകൂലമാക്കാന്‍ യു.ഡി.എഫും കരുതലോടെ നീങ്ങുകയാണ്. അമ്പലപ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാതെ മാറ്റിവെച്ചിരിക്കുന്നത് സുധാകരന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമാണെന്ന് സൂചനയുണ്ട്. കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം ഈ മണ്ഡലം തല്‍ക്കാലം ഒഴിച്ചിട്ടിരിക്കുകയാണ്. സുധാകരന്‍ സ്വതന്ത്രനായി നിന്നാല്‍ പുറമെ നിന്ന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് ആലോചന. പി.കെ. ശശിയെ പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ സുധാകരനും സമാനമായ രീതിയില്‍ നീങ്ങുന്നത് സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സുധാകരന്റെ മനംമാറ്റത്തിനായി പാര്‍ട്ടി ഇനിയും ശ്രമിക്കുമോ അതോ അദ്ദേഹം രാഷ്ട്രീയ അട്ടിമറിക്ക് തുടക്കമിടുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയില്‍ നേരിടുന്ന കടുത്ത അവഗണനയിലും അച്ചടക്ക നടപടികളിലും മനംനൊന്താണ് അദ്ദേഹം ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. രണ്ടു ദിവസത്തിനകം തന്റെ നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കും. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി തിരഞ്ഞെടുപ്പ് ഗോദയില്‍ നല്‍കാനാണ് സുധാകരന്റെ നീക്കം. 2021-ലെ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ വീഴ്ചയുടെ പേരില്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരെടുത്ത് കുറ്റപ്പെടുത്തിയ ഏക നേതാവ് സുധാകരനായിരുന്നു. എച്ച്. സലാം എംഎല്‍എയുടെ പരാതിയില്‍ 22 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.

പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങളിലേക്ക് അദ്ദേഹത്തെ വിളിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയിലെ ജൂനിയര്‍ നേതാക്കള്‍ പോലും അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതും സുധാകരനെ ചൊടിപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ വിവേചനം: പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ഏകനായി എത്തി പുഷ്പാര്‍ച്ചന നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. എം.എ. ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരോക്ഷമായി തന്നെ പരിഹസിച്ചതും അദ്ദേഹം ഗൗരവത്തോടെയാണ് കാണുന്നത്.