കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കമുള്ള വിവാദ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്‍പേ പുന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കന്‍മാരെല്ലാം എടുത്ത തീരുമാനങ്ങളെല്ലാം മുമ്പേ ഫിക്‌സ് ചെയ്‌തോ എന്ന സംശയത്തിലാണ് ഗോവിന്ദന്റെ ഈ നിലപാടില്‍ നിന്നുയരുന്ന സംശയം. ചര്‍ച്ചയ്ക്ക് മുന്‍പോ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയെ സപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ സിപിഎമ്മില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പിണറായി തന്നെ. ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിക്ക് എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങിയിരിക്കുകയാണ്.

വികസനത്തിന് പണം വേണമെന്നും പണമില്ലെന്ന പേരില്‍ വികസനം മുടക്കാനാകില്ലെന്നും നയരേഖയില്‍ പറയുന്ന പ്രത്യേക ഫീസും സെസും സാധാരണക്കാരെ ബാധിക്കില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് ഗോവിന്ദന്‍. നയരേഖ ഇന്ന് സമ്മേളനം ചര്‍ച്ച ചെയ്യും. നാല് മണിക്കൂറാണ് ചര്‍ച്ച. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും സ്വകാര്യ വത്കരണത്തിനും നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ നയരേഖയില്‍ ജില്ല കമ്മിറ്റികള്‍ അഭിപ്രായം അറിയിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ചയില്‍ എംവി ഗോവിന്ദന്റെ മറുപടിയും ഇന്നുണ്ടാകും.

പിണറായിയുടെ നിര്‍ദേശങ്ങള്‍ക്കുളള പിന്തുണ എം വി ഗോവിന്ദന്‍ ഇന്ന് പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആവര്‍ത്തിക്കുന്നു. 'നിരവധി തുടര്‍വികസന ലക്ഷ്യങ്ങളാണ് പിണറായി അവതരിപ്പിച്ച രേഖ മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം പ്രാവര്‍ത്തികമാക്കണമെങ്കില്‍ പണം ആവശ്യമാണ്. കേന്ദ്രമാകട്ടെ കേരളത്തെ അവഗണിക്കുകയാണ്. പണമില്ലെന്ന് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

ഇതിനായി അധിക വിഭവസമാഹരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങള്‍ക്കും നല്‍കേണ്ടതുണ്ടോ എന്നുമുള്ള ചോദ്യം രേഖ ഉയര്‍ത്തുന്നത്. ഈ സന്ദര്‍ഭത്തിലാണ് വരുമാനത്തിന് അനുസരിച്ച് പ്രത്യേക ഫീസ് എന്ന ആശയം മുന്നോട്ടുവച്ചത്. അത് സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതല്ല.

നിലവില്‍ത്തന്നെ ആരോഗ്യമേഖലയിലും മറ്റും വരുമാനത്തിനനുസരിച്ച് സേവനങ്ങളുടെ ഫീസ് എന്ന സമ്പ്രദായം ഉണ്ട്. സാധ്യതകള്‍ ആരായണമെന്നു പറയുന്നതുപോലും എന്തോ തെറ്റാണെന്ന് ധ്വനിപ്പിക്കാനുള്ള മാധ്യമശ്രമം വിലപ്പോകില്ല. കാരണം, നാടിന്റെ വികസനം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ന്യായമായ കാര്യങ്ങളോട് അവര്‍ അനുകൂലമായി പ്രതികരിക്കുമെന്നുതന്നെയാണ് പാര്‍ടി വിശ്വസിക്കുന്നത്. എന്തുതന്നെയായാലും കൊല്ലം സമ്മേളനം നവകേരളത്തെ പുതുവഴിയിലേക്ക് നയിക്കാന്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളുകതന്നെ ചെയ്യും.