മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള യുഡിഎഫ് നീക്കത്തില്‍ സമസ്തക്കുള്ളില്‍ വിമര്‍ശനം ശക്തമാണ്. ഉമര്‍ ഫൈസി മുക്കം നേരത്തെ ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഹമീദ് ഫൈസി അമ്പലക്കടവും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തി.

'ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ലെന്നു ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവര്‍ സ്വീകരിക്കുമെന്നും സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്താല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ബഹുദൈവ വിശ്വാസിയായിത്തീരുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അതേ ഭരണ വ്യവസ്ഥിതിയില്‍ പങ്കാളികളാവാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നുവെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു.

സുന്നികള്‍ ഭൂരിപക്ഷമുള്ള ഒരു മഹല്ലില്‍ ജമാഅത്തെക്കാര്‍ കയറിയാല്‍ മഹല്ലും വാര്‍ഡും അവര് സ്വന്തമാക്കുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് കുറിച്ചു. മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ജമാഅത്ത്-ബ്രദര്‍ഹുഡ് ആശയങ്ങള്‍ക്ക് മുസ്ലീങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വഴിയൊരുക്കി കൊടുക്കലായിരിക്കും ഇത് എന്ന കാര്യം ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അതിനിടെ ലീഗുമായി സീറ്റ് ധാരണ ഉണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് സമസ്ത രംഗത്തുവന്നതോടെ കാളമ്പാടിയില്‍ ലീഗ് പി്‌ന്നോട്ടുപോയി. സീറ്റ് വിഭജനമാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചത്. സമസ്ത നേതാക്കളുടെ ജന്മനാട്ടില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സീറ്റ് കൊടുക്കാന്‍ ലീഗ് ശ്രമിച്ചു. സമസ്ത കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കാനുള്ള നീക്കം ലീഗ് ഉപേക്ഷിച്ചു. ഒടുവില്‍ കാളമ്പാടിയില്‍ ലീഗ് തന്നെ മത്സരിക്കാമെന്ന് ധാരണയായി.

കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ല്യാര്‍, കോട്ടുമല അബൂക്കര്‍ മുസ്ല്യാര്‍ എന്നിവരുടെ ജന്മനാടാണ് കാളമ്പാടി. സമസ്ത മുന്‍ അധ്യക്ഷന്റെ നാട്ടില്‍ വെല്‍ഫയര്‍ പാര്‍ടിക്ക് സീറ്റ് നല്‍കാന്‍ ശ്രമിച്ചതാണ് എതിര്‍പ്പിന് പിന്നിലെ മുഖ്യ കാരണം. കാളമ്പാടിക്ക് പകരം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് നല്‍കിയെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു.