കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലില്‍ ഷാഫി പറമ്പില്‍ എംഎല്‍എ വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന ആരോപണം ഉന്നയിച്ച എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിന് മറുപടിയുമായി കെപിസിസി വക്താവ് ജിന്റോ ജോണ്‍. ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും പാര്‍ലമെന്റില്‍ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത് വീതം വയ്ക്കുന്ന കാര്യമല്ലെന്നും ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെയാണെന്നും ജിന്റോ ജോണ്‍ വ്യക്തമാക്കി.

മതവര്‍ഗീയ താല്‍പ്പര്യം മാത്രം ഉന്നംവച്ച് ബിജെപി കൊണ്ടുവന്ന വഖഫ് ബില്ലില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഭിപ്രായമാണ് ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും പറഞ്ഞത്. പാര്‍ട്ടിയുടെ നിലപാട് പറയാന്‍ അവരെയാണ് ഇന്നലെ ചുമതലപ്പെടുത്തിയത്. ഷാഫിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് സത്താര്‍ പന്തല്ലൂരിനൊക്കെ ഈ നട്ടെല്ല് പരിശോധന നടത്താന്‍ പറ്റുന്നതെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോണ്‍ഗ്രസ് നല്‍കിയ ടിക്കറ്റില്‍ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്‌റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് ഷാഫി പറമ്പിലിന് അന്വേഷിക്കാവുന്നതാണ് എന്നായിരുന്നു സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

അസ്ഥാനത്തുള്ള വിമര്‍ശനം നടത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയതിന്റെ പരിണിത ഫലങ്ങളില്‍ ചിലതാണിതെന്ന് ജിന്റോ ജോണ്‍ പറഞ്ഞു. ഷാഫിയുടെ നട്ടെല്ല് പരിശോധന നടത്താന്‍ തിരക്കുള്ള സത്താര്‍ പന്തല്ലൂര്‍ കേരളത്തില്‍ ഈ വിഷയം ഇത്ര കത്തിനില്‍ക്കാന്‍ കാരണമായ മുനമ്പത്തെ വഖഫ് പ്രശ്‌നത്തിന്റ കാരണഭൂതരായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ല് പരിശോധിക്കാന്‍ ആര്‍ജ്ജവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും പാര്‍ലമെന്റില്‍ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത് വീതം വയ്ക്കുന്ന കാര്യമല്ല. മതവര്‍ഗ്ഗീയ താല്‍പ്പര്യം മാത്രം ഉന്നംവച്ച് ബിജെപി കൊണ്ടുവന്ന വഖഫ് ബില്ലില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഭിപ്രായമാണ്. പാര്‍ട്ടിയുടെ നിലപാട് പറയാന്‍ അവരെയാണ് ഇന്നലെ ചുമതപ്പെടുത്തിയത്. ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ. ഷാഫിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് സത്താര്‍ പന്തല്ലൂരിനൊക്കെ ഈ നട്ടെല്ല് പരിശോധന നടത്താന്‍ പറ്റുന്നത്. അസ്ഥാനത്തുള്ള വിമര്‍ശനം നടത്തി കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തിയതിന്റെ പരിണിത ഫലങ്ങളില്‍ ചിലതാണ് ഇതൊക്കെ. മനസ്സിലാക്കിയാല്‍ നല്ലത്.

പിന്നെ, ഷാഫിയുടെ നട്ടെല്ല് പരിശോധന നടത്താന്‍ തിരക്കുള്ള സത്താര്‍ പന്തല്ലൂര്‍ കേരളത്തില്‍ ഈ വിഷയം ഇത്ര കത്തിനില്‍ക്കാന്‍ കാരണമായ മുനമ്പത്തെ വഖഫ് പ്രശ്‌നത്തിന്റ കാരണഭൂതരായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നട്ടെല്ല് പരിശോധിക്കാന്‍ ആര്‍ജ്ജവമുണ്ടോ?

ബിജെപിക്കും കാസക്കും ക്രോസ്സിനും വിളവ് കൊയ്യാന്‍ നിലമൊരുക്കുന്ന പിണറായി സര്‍ക്കാരിന്റെ നട്ടെല്ല് നട്ടെല്ല് പരിശോധിക്കാന്‍ താങ്കള്‍ക്ക് നട്ടെല്ലുണ്ടോ? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് പറയാനുള്ള നട്ടെല്ലെങ്കിലും ഉണ്ടോ? കലക്കവെള്ളത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് വേണ്ടി മത്സ്യ ബന്ധനത്തിന് ഇറങ്ങും മുന്നേ അനാവശ്യ കോണ്‍ഗ്രസ് വിമര്‍ശനമെന്ന രോഗത്തിനുള്ള ചികിത്സ തേടണം. അല്ലെങ്കില്‍ തന്നെ ഈ നട്ടെല്ല് പരിശോധനയൊന്നും അത്രക്ക് പൊളിറ്റിക്കലി കറക്ടുമല്ല.

ആ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പടച്ചുവിട്ടവനെ ഒന്ന് പിടിച്ചു കാണിക്കാന്‍ പിണറായി മുതലാളിയോട് പറയാനുള്ള പാങ്ങുണ്ടോ താങ്കള്‍ക്ക്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ കാരണഭൂതന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണത്തെ കുറിച്ചും ഒന്ന് ചോദിക്കണം ഇടക്ക്. അല്ലെങ്കില്‍ നിങ്ങളെപ്പോലുള്ളവര്‍ കുറുക്കനും ചെന്നായ്ക്കും വേട്ടയാടാന്‍ പാകത്തില്‍ കോഴികളെ തമ്മില്‍ത്തല്ലി തെറ്റിക്കുന്നവരാണെന്ന സമൂഹസംശയം ഉറപ്പാകാന്‍ ഇടയുണ്ട്.