- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്‍
സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി ഡോ. ജിന്റോ ജോണ്‍
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ കുടുംബത്തെയും ജീവിതപങ്കാളിയെയും വലിച്ചിഴച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഡോ. ജിന്റോ ജോണ്‍. താന്‍ പരാതിപ്പെട്ടാല്‍ കേരളാ പോലീസ് അതിവേഗത്തില്‍ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കാമോ എന്ന് അദ്ദേഹം ചോദിച്ചു. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് താന്‍ ഡോക്ടറേറ്റ് നേടിയതെന്ന് ഡോ. ജിന്റോ ജോണ്‍ ഓര്‍മ്മിപ്പിച്ചു. തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണോ എന്ന് അദ്ദേഹം ചോദിച്ചു.
കെ.ജെ. ഷൈനിന്റെ പരാതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കേരള പൊലീസ് തന്റെ ജീവിത പങ്കാളി പരാതി നല്‍കിയാല്‍ അതേ വേഗതയില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്ന് ജിന്റോ ചോദ്യമുയര്‍ത്തുന്നു. അതല്ലെങ്കില്‍ ഷൈനിന്റെ സ്ത്രീപക്ഷ നിലപാട് കപടമാണെന്ന് കേരളം ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ സാഹചര്യങ്ങളില്‍ ആക്രമിക്കപ്പെടുന്ന മറ്റു സ്ത്രീകള്‍ക്ക് ലഭിക്കാത്ത പരിഗണന ഷൈനിന് മാത്രം ലഭിക്കുന്നുണ്ടെങ്കില്‍, നിയമനടപടികളുടെ അതിവേഗത മറ്റു കാര്യങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെബര്‍ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും ഒളിക്യാമറകളെയും ബൈനോക്കുലറുകളെയും ഭയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കൂട്ടത്തിലുള്ളത് ഞങ്ങളുടെ മക്കളായ ദാവീദ് ജോണ്‍, ഇസഹാഖ് ജേക്കബ്, സൈബര്‍ സഖാക്കളേ, ഇനി കാര്യത്തിലേക്ക് വരാം. നിങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്റെയൊരു രാഷ്ട്രീയ അഭിപ്രായത്തിന്റെ പേരില്‍ ഇതിന്റെയൊന്നും ഭാഗമല്ലാത്ത എന്റെ പങ്കാളിയുടേയും മക്കളുടേയും ചിത്രങ്ങള്‍ വച്ചുകൊണ്ട് പറഞ്ഞു പരത്തുന്ന വൃത്തികേടുകള്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണോ? ഞാന്‍ ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അതിവായന ചെയ്ത കെ.ജെ.ഷൈന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പറഞ്ഞ അഭിപ്രായമാണ് 'സ്ത്രീയേയും പുരുഷനേയും ഏതൊരു മനുഷ്യനേയും മോശമായി ചിത്രീകരിക്കാന്‍ പാടില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും അത് ചെയ്യാന്‍ പാടില്ല' എന്ന്. അതിനായി നെഹ്‌റു, ഗാന്ധി, ലെനിന്‍ എന്നിവരുടെയെല്ലാം പുസ്തകങ്ങള്‍ പരാമര്‍ശിച്ച അവരോട് എനിക്കൊന്ന് ചോദിക്കാനുണ്ട്. താങ്കള്‍ക്ക് അവകാശപ്പെട്ടതെന്ന് കരുതുന്ന അതേ അവകാശം എന്റെ ജീവിതപങ്കാളിക്കും ഉണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ താങ്കളുടെ പരാതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കേരള പൊലീസ് എന്റെ ജീവിതപങ്കാളി ഒരു പരാതി കൊടുത്താല്‍ അതേ വേഗതയില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് തരാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അങ്ങനെ അല്ലാത്തപക്ഷം താങ്കളുടെ സ്ത്രീപക്ഷ നിലപാട് കപടമാണെന്ന് കേരളം വിചാരിക്കേണ്ടിവരും. സമാനമായി അക്രമിക്കപ്പെടുന്ന മറ്റൊരു സ്ത്രീക്കും കിട്ടാത്ത പരിഗണന താങ്കള്‍ക്ക് മാത്രം കിട്ടുന്നുണ്ടെങ്കില്‍ ആ നിയമനടപടിയുടെ അതിവേഗത മറ്റ് എന്തൊക്കെയോ മറച്ചു പിടിക്കാനാണെന്ന് സംശയിച്ചു പോയേക്കാം.
എന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ എവിടെയെങ്കിലും താങ്കളുടെ പേര് പരാമര്‍ശിക്കുന്ന ഏതെങ്കിലും ഭാഗം ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? വിവാദങ്ങളെ വഴിതിരിച്ചു വിടാന്‍ എന്റെ പേര് കൂടി ഉന്നയിച്ചപ്പോഴും താങ്കള്‍ക്കെതിരെ വ്യക്തിപരമായി അഭിപ്രായം പറയാതിരുന്നത് താങ്കളുടെ അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടല്ല, താങ്കളും ഒരു സ്ത്രീ ആണെന്നുള്ളതുകൊണ്ട് തന്നെയാണ്. പക്ഷേ, എന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തിടത്തോളം താങ്കളിലെ സ്ത്രീപക്ഷം കപടമണെന്ന് ഞാന്‍ വിചാരിക്കേണ്ടിവരും. എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരിടത്ത് പോലും താങ്കളുടെ പേര് പരാമര്‍ശിക്കാത്തപ്പോഴും അത് താങ്കളെ കുറിച്ചാണെന്ന് ആരെങ്കിലും പറഞ്ഞപ്പോഴെങ്കിലും എന്റെ പോസ്റ്റ് പരിശോധിച്ചിട്ടുണ്ടോ? എവിടെയെങ്കിലും നിങ്ങളെ പരാമര്‍ശിച്ചത് കണ്ടോ? എങ്കില്‍ ഏതു ഭാഗത്താണത്? താങ്കളെയാണ് ഉദ്ദേശിച്ചത് എന്ന് എങ്ങനെയാണ് മനസ്സിലായത്? ഇനി അങ്ങനെ കണ്ടില്ലെങ്കില്‍ ആര് പറഞ്ഞിട്ടാണ് താങ്കളെ ഞാന്‍ ആക്ഷേപിച്ചു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ പറയാന്‍ കാരണമായത്? എന്റെ ഫേസ്ബുക്ക് അഭിപ്രായങ്ങളുടെ താഴെ എന്നേയും മക്കളേയും ജീവിതപങ്കാളിയേയും മോശമായി ചിത്രീകരിച്ച് എഴുതി പിടിപ്പിക്കുന്ന സിപിഎം നേതാക്കളടക്കമുള്ള സൈബര്‍ സഖാക്കന്മാര്‍ക്കെതിരെ ഒരു വാക്ക് ഉരിയാടാന്‍ താങ്കള്‍ക്ക് പറ്റുമോ? ഇല്ലെങ്കില്‍ കാപട്യം കൊണ്ട് ഉത്തരമുണ്ടാക്കാന്‍ ശ്രമിക്കരുത്.
ഞാനാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് നേരത്തെ അറിഞ്ഞിട്ടുകൂടി, അര മണിക്കൂറോളം ചര്‍ച്ചയില്‍ പങ്കെടുത്തതിനു ശേഷം, ആരെയോ അധിക്ഷേപിച്ചു എന്ന് അതിവായന നടത്തിക്കൊണ്ട്, എന്റെ കൂടെ ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് 'ഇറങ്ങിപ്പോകല്‍ നാടകം' കളിച്ച സിപിഎമ്മിന്റെ മാധ്യമ വക്താക്കള്‍ക്ക് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുണ്ടോ? സ്വന്തം പേര് വെളിപ്പെടുത്താതെ ഒളിവില്‍ ഇരുന്ന് (ചിലരൊക്കെ സ്വന്തം പേരില്‍ തന്നെയും) ആക്ഷേപിക്കുന്ന സൈബര്‍ സഖാക്കള്‍ ഒരു കാര്യം ഓര്‍ക്കണം. സ്വന്തം പേര് മറച്ചുവച്ചും പ്രൊഫൈല്‍ ലോക്ക് ചെയ്തു കൊണ്ടും ഏത് മനുഷ്യരേയും ആക്ഷേപിക്കുന്ന വൃത്തികെട്ട സംസ്‌കാരമുള്ള നിങ്ങള്‍ തന്നെയാണ് കേരളത്തിലെ കപട സദാചാരവാദത്തിന്റെ മൊത്തക്കച്ചവടക്കാരും. നിങ്ങളെ തൊടാത്ത ഈ സര്‍ക്കാര്‍ നിലപാടില്‍ ആവേശം കൊണ്ട് മറ്റുപക്ഷങ്ങളില്‍ ചെറിയ രീതിയില്‍ എങ്കിലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നതിന്റെ കാരണക്കാരും നിങ്ങള്‍ തന്നെയാണ്. സ്വന്തം പേരും പ്രൊഫൈലും ധൈര്യമായി പുറത്ത് കാണിക്കാന്‍ പറ്റാത്തത്ര മലിന മനസ്സുള്ളവരോട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്.
എന്റെ ജീവിതപങ്കാളി , എന്റെ രാഷ്ട്രീയ നിലപാടുകളുടെ ഉത്തരവാദിയാകുന്നില്ല. അങ്ങനെയങ്കില്‍ നിങ്ങള്‍ എഴുതുന്നതിന്റെ ഉത്തരവാദിത്തവും നിങ്ങളുടെ വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടി ഉണ്ടാകണ്ടേ? ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. എനിക്ക് ഡോക്ടറേറ്റ് കിട്ടിയത് സാമ്പത്തിക ശാസ്ത്രത്തില്‍ ആണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിലുമാണ്. പ്രയാസങ്ങളിലൂടേയും പട്ടിണിയിലൂടേയും കടന്നുവന്നതുകൊണ്ട് തന്നെ വിഷയം ഭക്ഷ്യസുരക്ഷ ആയതാണ്.
ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാര്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ പതിറ്റാണ്ടുകളോളമായി സിന്‍ഡിക്കേറ്റും സെനറ്റും അടക്കിവാഴുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഞാന്‍ ഡോക്ടറേറ്റ് നേടിയത്. പിഎച്ച്ഡിയുടെ എന്‍ട്രന്‍സില്‍ ഒന്നാം റാങ്കോട് കൂടിയാണ് പ്രവേശനം നേടിയത്. ഞാന്‍ ഡോക്ടറേറ്റ് നേടിയത് പങ്കാളിയെ കൂട്ടിക്കൊടുത്തു കൊണ്ടല്ല, കുത്തിയിരുന്ന് പഠിച്ചും ഗവേഷണം നടത്തിയുമാണ്. നിങ്ങളുടെ വൃത്തികെട്ട വാദത്തില്‍ ഇനിയും ഉറച്ചു നില്‍ക്കുന്നവരോട്, അവിടെ സിന്‍ഡിക്കേറ്റും സെനറ്റുമൊക്കെ ഭരിക്കുന്ന സഖാക്കന്മാര്‍ക്ക് സ്ത്രീകളെ കാഴ്ചവയ്ക്കുമ്പോഴാണ് ഡോക്ടറേറ്റ് കൊടുക്കുന്നതെങ്കില്‍ ആദ്യം തിരുത്തേണ്ടത് ആ സഖാക്കന്മാരെയല്ലേ?
സ്ത്രീകളെ കൂട്ടിക്കൊടുത്തും വിവരങ്ങള്‍ കട്ടെടുത്തും പിഎച്ച്ഡി നേടാമെന്നുള്ളത് സ്വന്തം സഖാക്കന്മാരുടെ അനുഭവത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നുന്നതാകാം. അതില്‍ ഞാന്‍ എങ്ങനെ കുറ്റക്കാരനാകും. കേരളത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് സമ്പാദിക്കുന്ന മുഴുവന്‍ ആളുകളും ഇത്തരത്തിലുള്ളതാണ് എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട.
പിന്നെ, ഞങ്ങളുടെ മക്കളെ പന്നിക്കുട്ടികള്‍ എന്ന് ആക്ഷേപിച്ചവരോട് പറയാനുള്ളത് അവരെ കണ്ടിട്ട് ഞങ്ങള്‍ക്ക് മനുഷ്യക്കുട്ടികള്‍ ആയിട്ടാണ് തോന്നുന്നത് എന്നാണ്. ഞങ്ങളുടെ കുട്ടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ സ്‌കൂളിലെ മറ്റു മനുഷ്യ കുട്ടികളോടൊപ്പമാണ് പഠിക്കുന്നത്. അവിടെ ഒരുപാട് സാധാരണ സഖാക്കന്മാരുടെ മക്കളും പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ വകുപ്പില്‍ കേരളത്തിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ മനുഷ്യക്കുട്ടികളോടൊപ്പം പന്നിക്കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്ന പരിപാടി ഉണ്ടോ എന്ന് സൈബര്‍ സഖാക്കന്മാര്‍ മറുപടി പറയണം.
സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാടക്കം പറയുന്നത് ഞങ്ങളുടെ കുട്ടികള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുഖമാണ് എന്നാണ്. എനിക്കും എന്റെ ജീവിതപങ്കാളിക്കും അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇനി ഞങ്ങളുടെ കുട്ടികളുടെ മുഖച്ഛായ കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് സ്വന്തം മക്കള്‍ക്ക് ഭാര്യയുടെയും ഭര്‍ത്താവിന്റേയും മുഖച്ഛായ അല്ല എന്ന് തോന്നുമ്പോള്‍ ആ കുട്ടി മറ്റൊരാളുടേതാണ് എന്ന് സംശയം തോന്നുന്ന അധപതിച്ചവരുടെ മനസ്സാണ്. ആ മനസ്സില്ലാത്തത് കൊണ്ടുതന്നെ ഞങ്ങള്‍ക്ക് നിങ്ങളുടെ മക്കളുടെ പിതൃത്വത്തില്‍ സംശയവുമില്ല.
മക്കളുടെ പിതൃത്വം സംശയിച്ചുകൊണ്ട് ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ട ഗതികേട് നിങ്ങളുടെ കൂട്ടത്തിലൊരുവന് ബിഹാറില്‍ എവിടെയോ സംഭവിച്ചത് പോലെ ഞങ്ങള്‍ക്കില്ല. അത്തരം സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പറ്റാതെ വരുമ്പോള്‍ പാര്‍ട്ടിക്കാര്‍ ബക്കറ്റ് പിരിവെടുത്തതില്‍ നിന്നുപോലും കോമ്പന്‍സേഷന്‍ കൊടുക്കേണ്ട കോടതിവിധി സമ്പാദിച്ചവരുടെ പിന്തുണക്കാര്‍ ഈ ഒളിഞ്ഞുനോട്ട പണി ഇനിയെങ്കിലും അവസാനിപ്പിക്കണം.
നിങ്ങളുടെ നിലവാരത്തിന് ചേരും വിധമുള്ള സൈബര്‍ ആക്രമണത്തില്‍ ഒരിക്കല്‍ പോലും ഭയമുണ്ടായില്ല. ഉണ്ടാകുകയുമില്ല. നിങ്ങള്‍ക്ക് ശരിക്കും ആളുമാറി. നിങ്ങള്‍ വരയ്ക്കുന്ന സദാചാരത്തിന്റെ ചതുരവടിവില്‍ നില്‍ക്കണമെന്നുള്ള പേടിയില്ലാത്ത, ഇതുവരെയുള്ള ജീവിതത്തില്‍ ഭയമില്ലാത്ത, നിങ്ങളുടെ ഒളിക്യാമറകളും ബൈനോക്കുലറുകളും ഇനിയും പേടിക്കാന്‍ ഉദ്ദേശമില്ലാത്ത എന്നെ വിരട്ടാന്‍ ഇതുകൊണ്ടൊന്നും ആകില്ല'.