- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ സഭകളുടെ നിലപാടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പാതയില്‍; യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും; നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമാകവേ മുഖ്യമന്ത്രിയുടെ സമരത്തില്‍ ജോസ് കെ. മാണി ഇല്ല; പങ്കെടുക്കാതെ വിട്ടു നിന്നു എം വി ശ്രേയാംസ്കുമാറും; ജോസ് വിഭാഗം വീണ്ടും മുന്നണി മാറുമോ?
ക്രൈസ്തവ സഭകളുടെ നിലപാടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പാതയില്‍
തിരുവനന്തപുരം: യുഡിഎഫ് വിപുലീകരണത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടിരിക്കയാണ് വി ഡി സതീശനും സംഘവും. ഇതില്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ എത്തിക്കാനാണ്. മുസ്ലിംലീഗ് അടക്കം ഈ വിഷയത്തില്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എത്താതിരുന്നതോടെ സംസ്ഥാനത്ത രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തമായി.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകളാണ് വീണ്ടും സജീവമാകുന്നത്. മന്ത്രി റോഷി അഗ്സ്റ്റിന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് തുടങ്ങിയ നേതാക്കള്‍ സമരപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും പങ്കെടുക്കാതിരുന്ന ജോസ് കെ. മാണി, ഇന്ന് സത്യഗ്രഹത്തിനും വരാതിരുന്നതോടെ മുന്നണി ബന്ധം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്ന അഭ്യൂഹത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ മേഖലാ ജാഥയില്‍ മധ്യമേഖലയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ജോസ് കെ.മാണിയെയാണ്. എന്നാല്‍ എന്‍.ജയരാജിനെ ക്യാപ്റ്റന്‍ സ്ഥാനം എല്‍പ്പിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഫെബ്രുവരി 6ന് അങ്കമാലിയില്‍ ആരംഭിച്ച് 13ന് ആറന്മുളയില്‍ സമാപിക്കുന്ന തരത്തിലാണ് മധ്യമേഖലാ ജാഥ നിശ്ചയിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് മറ്റു ജാഥകളെ നയിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ യുഡിഎഫിലേക്കു തിരിച്ചുപോകുന്നതു സംബന്ധിച്ച് വലിയ സമ്മര്‍ദമാണ് പാര്‍ട്ടി നേതൃത്വം നേരിടുന്നത്. പരമ്പരാഗതമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന പല പ്രബല വിഭാഗങ്ങളും മുന്നണിമാറ്റം സജീവമായി പരിഗണിക്കണമെന്ന ആവശ്യമാണ് നേതൃത്വത്തിനു മുന്നില്‍ വച്ചിരിക്കുന്നത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു വിരുദ്ധ മനോഭാവത്തിന്റെ സൂചനകളാണ് ഉണ്ടായതെന്നും ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേചനബുദ്ധി കാട്ടണമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തോട് ഇക്കൂട്ടര്‍ പറയുന്നത്. 2021ല്‍ ഇടത് അനുകൂല സാഹചര്യം നിലനിന്നപ്പോള്‍ പോലും 12 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചിടത്തു മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഇതു കണക്കിലെടുക്കുമ്പോള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും മുന്നണിമാറ്റത്തെ അനുകൂലിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നു.
അതേസമയം, പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തള്ളിപ്പറയുന്നത് അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തിയായി വിലയിരുത്തപ്പെടുമെന്നാണ് മറുവാദം. എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കണമെന്നാണ് എംഎല്‍എമാരില്‍ ചിലരുടെ നിലപാട്. പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് മറ്റ് എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. 16ന് ചേരുന്ന നേതൃയോഗത്തില്‍ ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചയാവും നടക്കുക.
കേരളാ കോണ്‍ഗ്രസ് എമ്മിനെ തിരിച്ചു കൊണ്ടുവരുന്നതിനെ അനുകൂലിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ലീഗും ഇതിന് അനുകൂലമാണ്. ഭരണമാറ്റം ഉറപ്പിക്കാനുള്ള ഒരു സാധ്യതയും ഇക്കുറി തള്ളിക്കളയരുതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതേ സമയം, ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പും സീറ്റ് തര്‍ക്കങ്ങളുമാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ പത്തു സീറ്റാണ് ജോസഫ് വിഭാഗത്തിനു യുഡിഎഫില്‍ നല്‍കിയത്. രണ്ടു സീറ്റില്‍ മാത്രമായിരുന്നു ജയം. കേരളാ കോണ്‍ഗ്രസ് (എം) തിരിച്ചെത്തിയാല്‍ തങ്ങളുടെ സീറ്റ് കുറയുമെന്ന ആശങ്കയാണ് ജോസഫ് വിഭാഗത്തിനുള്ളത്. വരും ദിവസങ്ങളില്‍ എല്‍ഡിഎഫില്‍ സീറ്റു ചര്‍ച്ചകള്‍ സജീവമാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്ന വികാരം കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വികാരം നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളോട് അടുപ്പമുള്ള സമുദായ നേതൃത്വം വഴി ഇക്കാര്യം യുഡിഎഫിനെ ധരിപ്പിച്ചതായും സൂചനയുണ്ട്.
സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും പിന്തുണച്ചു പോന്ന വിഭാഗങ്ങളുടെയും സമുദായ നേതൃത്വത്തിന്റെയും ഉറച്ച സഹായം ലഭിച്ചാലേ ജയിക്കാനാകൂവെന്നും പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ കരുതുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈസ്തവ സഭകള്‍ കുറച്ചുകാലമായി ഇടതു മുന്നണിയുമായി ഉടക്കി നില്‍ക്കുന്ന സമീപനത്തിലാണ്. ദീപിക അടക്കം സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണി മുഖ്യമന്ത്രിയുടെ സമരപന്തലില്‍ എത്താതിരുന്നത്.




