പത്തനാപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാല. പൊതുപ്രവര്‍ത്തകന് സ്വഭാവശുദ്ധി നിര്‍ബന്ധമാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് ജ്യോതികുമാര്‍ പറഞ്ഞു. സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയരാകുന്നവരാണ് പൊതുപ്രവര്‍ത്തകര്‍. അങ്ങനെയിരിക്കെ തനിക്ക് എന്തുമാകാമെന്നും 5000 കാമുകിമാര്‍ ഉണ്ട് എന്നുമൊക്കെ പരസ്യമായി ഒരു ജനപ്രതിനിധി പറയുന്നത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്‌കുമാര്‍ ഉള്‍പ്പെട്ട സമീപകാല വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് 5000 ഭാര്യമാരൊന്നുമില്ല. എനിക്കൊരു ഭാര്യയും രണ്ട് മക്കളുമാണ്. നല്ല സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു പോകുന്നു. എന്നെ ഭാര്യ തല്ലിയിട്ടില്ല. എന്നെ നാട്ടുകാരും തല്ലിയിട്ടില്ല. ഞാന്‍ തിരിച്ചും തല്ലിയിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ട അടിസ്ഥാനപരമായ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ട് തന്നെയാണ് ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മള്‍ ആരും പറയേണ്ടതില്ല, ജനങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഫലം വരുമ്പോള്‍ ആളുകള്‍ എന്നെ ചേര്‍ത്തു നിര്‍ത്തുമെന്ന് എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ജയിച്ചാലും ഈ മണ്ഡലത്തില്‍ സജീവമായി ഉണ്ടാകുമെന്ന് കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സജീവമായി മണ്ഡലത്തില്‍ നിന്നയാളാണ്. അവരുടെ സുഖദുഃഖങ്ങളില്‍ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.

അത് അക്ഷരം പ്രതി പാലിച്ചിട്ടുണ്ട്. വിവാഹത്തിന് ക്ഷണിച്ചാല്‍ ഞാന്‍ അവിടെ പോയിട്ടുണ്ട്. മരണവീടുകളില്‍ ബന്ധുക്കളെ ആശ്വസിപ്പിച്ച് അനുശോചനം രേഖപ്പെടുത്തുക എന്നത് പൊതുപ്രവര്‍ത്തകന്‍ അടിസ്ഥാനമായി ചെയ്യേണ്ട ഒരു കര്‍ത്തവ്യമാണ്. പക്ഷേ അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ശവപ്പെട്ടി കച്ചവടക്കാരന്റെ മനസ്സുള്ള ആളെന്നും ശവംതീനി എന്നും എന്തെല്ലാം തരത്തിലാണ് നമ്മുടെ എംഎല്‍എ ആക്ഷേപിച്ചിട്ടുള്ളത്. ഞാന്‍ ഒരു ഘട്ടത്തിലും പ്രതികരിച്ചിട്ടില്ല. അതിനൊക്കെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. മരണവീട്ടില്‍ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് ഞാന്‍ ഇനിയും ആവര്‍ത്തിക്കും.

ഞങ്ങളുടെ മുദ്രാവാക്യം തന്നെ അരികിലുണ്ട് ചാമക്കാല എന്നാണ്. അരികിലോ കയ്യാലപ്പുറത്തോ ഒന്നുമല്ല, ജനങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് ഇന്നലെ എതിര്‍സ്ഥാനാര്‍ഥി പൊതുയോഗത്തില്‍ പറയുന്നത് കേട്ടു. ജനങ്ങളുടെ ഇടയില്‍ ഇല്ല, വേറെ സ്ഥലങ്ങളിലുണ്ട്. എന്നെകൊണ്ട് അത് പറയിക്കാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പായതുകൊണ്ട് ഞാന്‍ മറ്റൊന്നും പറയുന്നില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ, ജനങ്ങളാണ് യജമാനന്മാര്‍. ഞാന്‍ ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്നിട്ടുണ്ട്. ഈ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരെ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. അവര്‍ എന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കും, യുഡിഎഫിനോടൊപ്പം ചേര്‍ന്നു നില്‍ക്കും -അദ്ദേഹം പറഞ്ഞു.

'എനിക്ക് പത്തനാപുരം നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരെ പരിപൂര്‍ണമായ വിശ്വാസമാണ്. കഴിഞ്ഞ തവണ ഞാന്‍ ഈ മണ്ഡലത്തിലേക്ക് കടന്നു വരുമ്പോള്‍ മുന്‍കാല സ്ഥാനാര്‍ഥികളെ പോലെ ഒരു വരത്തനായി വന്ന് അതുപോലെ മടങ്ങി പോകുമെന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും സജീവമായി ഈ മണ്ഡലത്തില്‍ നിന്ന ആളെന്ന നിലയില്‍, ഈ മണ്ഡലത്തിലെ ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ സജീവമായി നിന്ന ആളെന്ന നിലയില്‍ എനിക്ക് അവരില്‍ നല്ല വിശ്വാസമാണ്. അവര്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ യുഡിഎഫിന് അനുകൂലമായ ഒരു വിധിയെഴുത്ത് ഉണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.

വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയും ഒരു തര്‍ക്കവും വേണ്ട. ആര്‍ ബാലകൃഷ്ണ പിള്ള സാറും വി എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ഇല്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ചാണ്ടി സാറുമായി ബന്ധമുള്ള കേരളീയരുടെ വികാരം വ്രണപ്പെടുത്തിയ പ്രതിനിധിയുള്ള മണ്ഡലമാണ് പത്തനാപുരം. ഈ മൂന്ന് മഹാമേരുക്കളുടെ അഭാവത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരോട് നീതി പുലര്‍ത്തണം. പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയോട്. അതിന് ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ സജ്ജരാണ് എന്ന കാര്യത്തില്‍ സംശയമില്ല' -ജ്യോതികുമാര്‍ പറഞ്ഞു.