- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സുധാകരന് യാതൊരു അതൃപ്തിയുമില്ല, വെറുതെ വാര്‍ത്തകള്‍ പടച്ചുവിടുന്നു; പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ നിന്ന് അദ്ദേബഹം വിട്ടുനിന്നിട്ടില്ല; വ്യക്തിപരമായ ആവശ്യമുള്ളതിനാല്‍ എറണാകുളത്ത് പോയതാണ്; വിശദീകരണവുമായി കെ സി വേണുഗോപാല്‍
കെ.സുധാകരന് യാതൊരു അതൃപ്തിയുമില്ല, വെറുതെ വാര്‍ത്തകള്‍ പടച്ചുവിടുന്നു

കൊച്ചി: പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ നിന്ന് കെ സുധാകരന്‍ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വെറുതെ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. അദ്ദേഹത്തിന് ഒരു അതൃപ്തിയും ഇല്ല. വ്യക്തിപരമായ ആവശ്യമുള്ളതിനാല്‍ എറണാകുളത്ത് പോയതാണെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പറയുന്നതുപോലെ ആയിരിക്കില്ല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. കേരളം മുഴുവന്‍ സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് സുധാകരന്‍ ഇറങ്ങിപ്പോയത് ചര്‍ച്ചയായിരുന്നു.
സ്വന്തം ജില്ലയായ കണ്ണൂരില്‍, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിലും സുധാകരന്‍ എത്തിയിട്ടില്ല. അതിനിടെ വിശദാകരണവുമായി സുധാകരന്‍ തന്നെ രംഗത്ത് എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാല്‍ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.
അതിനിടെ പുതുയുഗ യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചിരിക്കെ പ്രധാന സ്വീകരണ വേദിയിലും പൊടിക്കുണ്ട് മുതല്‍ താണ വരെയുള്ള പാതയോരങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എം.പിയുമായ കെ. സുധാകരന്റെ ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ാപിച്ചു. കെ. സുധാകരന്‍ തുടരും, അധികാരത്തിന്റെ ചില്ലു മേടയിലല്ല ജന ഹൃദയങ്ങളിലാണ് സുധാകരന്റെ സ്ഥാനം, കെ.എസ്.കണ്ണൂരിന്റെ കരുത്തനായ നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
പുതുയുഗ യാത്ര നയിക്കുന്ന വി.ഡി സതീശന്റെയും മറ്റു യു ഡി. എഫ് നേതാക്കളുടെയും ചിത്രങ്ങള്‍ ബോര്‍ഡിന്റെ അടിയിലാണ്. ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമല്ല കണ്ണൂരില്‍ കെ. സുധാകരന്റെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് കാണിക്കുന്നതിനാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ക സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കുന്നതിനായി താന്‍ മത്സരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഈ കാര്യം ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്നും കെ. സുധാകരന്‍ എം.പി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കടന്നപ്പള്ളിക്കെതിരെ സുധാകരനെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം എന്നാല്‍ എം.പിമാര്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നാണ് കെ. പി. സി. സി യുടെ നിലപാട്.
എന്നാല്‍ കെ പി സി സി അദ്ധ്യക്ഷ പദവി ഒഴിയുമ്പോള്‍ കെ.സുധാകരന് നിയമസഭയില്‍ മത്സരിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സുധാകരന് പുറമേ മുന്‍ മേയര്‍ ടി ഒ മോഹനന്‍, കെ.എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്, ഡി. സി. സി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, അമൃതാ രാമകൃഷ്ണന്‍ എന്നിവരാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.


