തൃശൂര്‍: കണ്ണൂരില്‍ മത്സര സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി അതൃപ്തി തുടരുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വിഷയത്തില്‍ ്പ്രതികരിച്ചു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തുവന്നു. പരിഭവവും പിണക്കവും എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സുധാകരന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കെ സുധാകരന്‍ ബിജെപിയില്‍ പോകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിന് വെറെ ആളെ നോക്കണമെന്നായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി. ചില എംപിമാര്‍ക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ഇക്കാര്യത്തില്‍ യഥാസമയം തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെ സുധാകരന്‍ പരിഭവമായാണ് നാട്ടിലേക്ക് വന്ന് അത് എന്ന് തോന്നുന്നില്ല. സുധാകരന്റെ എഫ് ബി പോസ്റ്റ് കണ്ണൂരിനോടും പാര്‍ട്ടിയോടമുള്ള സ്‌നേഹമാണ് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നത് മഹാപരാധമല്ല. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി പോകുന്ന ആളാണ് സുധാകരന്‍ എന്ന് തോന്നുന്നില്ല. താന്‍ മത്സരരംഗത്ത് ഉണ്ടാകില്ല എന്ന് പലതവണ ആവര്‍ത്തിച്ചതാണ്. എല്ലാ വശങ്ങളും ആലോചിച്ചേ പാര്‍ട്ടി തീരുമാനമെടുക്കു.ജയസാധ്യത പരിഗണിച്ചു കൊണ്ടുള്ള കാര്യങ്ങളാണ് തീരുമാനിക്കുക. ജനങ്ങളെ നിരാശപ്പെടുത്താന്‍ ഒരു കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തിക്കില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് രംഗത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കഴിയുമോ എന്ന ചിന്തയില്‍ നിന്നുള്ള മലക്കം മറച്ചിലായേ ശബരിമലയിലെ യുവതി പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാട് മാറ്റം കാണാനാകു. ഈ നിലപാട് നേരത്തെ എടുക്കേണ്ടത് ആയിരുന്നുഎങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സുപ്രീംകോടതിവിധി ഉടന്‍ വന്ന ഉടന്‍ തന്നെ സമവായത്തിലേക്ക് പോയി വിധി നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ട് സുപ്രീംകോടതിയെ അറിയിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഭക്തജനങ്ങള്‍ക്ക് പ്രയാസമുണ്ടാവുമായിരുന്നില്ല. നാശങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒരുപാട് പേര്‍ക്ക് കേസുമായി നടക്കേണ്ടി വരുമായിരുന്നില്ല. സിപിഎമ്മിന്റെ വിശ്വാസവിരുദ്ധ നിലപാട് മൂലമാണ് ഇത് ഉണ്ടായത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സമയം വേണ്ടിവന്നു വിശ്വാസ വിരുദ്ധ നിലപാട് മാറ്റിയിട്ട് മലക്കം മറിയാന്‍. കേരള സമൂഹം ഇത് തിരിച്ചറിയും.ഇപ്പോഴെങ്കിലും തീരുമാനമെടുത്തത് നന്നായി. ജനവിരുദ്ധ നിലപാടുകള്‍ മാറ്റാന്‍ രണ്ടു മാസങ്ങള്‍ക്കകം പുതിയ യുഡിഎഫ് സര്‍ക്കാര്‍ വരും. ഇപ്പോഴത്തെ തീരുമാനം തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.