തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ താൽപ്പര്യമുണ്ടെന്ന് തുറന്നു പറഞ്ഞ് ശശി തരൂരിനെ പിന്തുണച്ചു കെ മുരളീധരൻ എംപി. തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് പറഞ്ഞു കൊണ്ടാണ് മുരളീധരൻ രംഗത്തുവന്നത്. മറ്റുള്ളവർക്ക് അയോഗ്യത ഉണ്ടെന്ന് അതിന് അർഥമില്ല. തരൂരിനു മതനേതാക്കളുടെ പിന്തുണയുള്ളതു നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആഗ്രഹിച്ചെന്നും പിന്നെ വേണ്ടെന്നു തോന്നിയെന്നും ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മത്സരം നടത്താറില്ലെന്നും നിയമസഭയിലേക്കു കാലാവധി കഴിയാൻ മൂന്നേകാൽ വർഷം ബാക്കിയുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ആദ്യം വരുന്നത്. പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പ്. രണ്ടു കടമ്പയും കടക്കലാണ് ഇപ്പോൾ പാർട്ടിയുടെ ലക്ഷ്യം. ഭൂരിപക്ഷം കിട്ടുമ്പോൾ ആരു മുഖ്യമന്ത്രി എന്ന ചർച്ചയ്ക്ക് ഈ ഘട്ടത്തിൽ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക.

ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്. അതിനർഥം മറ്റുള്ളവർക്ക് അയോഗ്യതയുണ്ടെന്നല്ല. തരൂരിനു കിട്ടുന്ന സ്വീകാര്യതയിൽ ആരും അസ്വസ്ഥരാകേണ്ടതില്ല. എല്ലാ മതവിഭാഗത്തിലുംപെട്ടവർ അദ്ദേഹത്തെ അനുകൂലിക്കുന്നതു നല്ല കാര്യമായി കാണുക. അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. അടുത്ത തവണ സിറ്റിങ് സീറ്റായ വടകരയിൽനിന്നു ലോക്‌സഭയിലേക്കു മത്സരിക്കാനാണു തന്റെ ആഗ്രഹം. എന്നാൽ ആഗ്രഹം പ്രകടിപ്പിക്കാനേ കഴിയൂ. തീരുമാനിക്കേണ്ടതു പാർട്ടിയാണ്. ആഗ്രഹിച്ചതു നിയമസഭയിലേക്കു മത്സരിക്കാനായിരുന്നു. എന്നാൽ എല്ലാവരും കൂടി നിയമസഭയിലേക്കു പോകുമ്പോൾ ലോക്‌സഭയിൽ ജയിക്കില്ലെന്ന തെറ്റായ സന്ദേശം ജനങ്ങളിലെത്തും.

ശശി തരൂർ നിയമസഭയിലേക്കു മത്സരിക്കുമെന്നും പകരം തിരുവനന്തപുരത്ത് ആരെന്നുമൊക്കെയുള്ള ചർച്ചയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല. ഒരാൾ മാറുകയാണെങ്കിൽ പകരക്കാരനെയും ഹൈക്കമാൻഡ് തീരുമാനിക്കും. മത്സരിക്കണോ, മാറിനിൽക്കണോ, സീറ്റ് മാറണോ എന്നതൊക്കെ ഹൈക്കമാൻഡാണു തീരുമാനിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം ലോക്‌സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ശശി തരൂരടക്കമുള്ള എംപിമാരുടെ പ്രതികരണങ്ങൾകെതിരെ എഐസിസി ജനറൽ സെക്രട്ടരി താരിഖ് അൻവർ രംഗത്തു വന്നിരുന്നു. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈകമാന്റാണ്. സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ നടപടി ക്രമം ഉണ്ട്. തരൂർ അഭിപ്രായം പറയേണ്ടത് ഹൈ കമാന്റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തെും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി,

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തോൽവി, നിയമസഭയിൽ മത്സരിച്ച് സർക്കാരിന്റെ ഭാഗമാകാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേ രണ്ട് കാരണങ്ങളാണ് സിറ്റിങ് എംപിമാരിൽ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂർ സജീവമാകുകയും പാർട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങൾക്ക് ആക്കം കൂട്ടുകയാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ടി എൻ പ്രതാപൻ തുടങ്ങിയവർക്ക് നിയമസഭയിലാണ് കണ്ണ്. മറയില്ലാതെ തന്നെ അത് എല്ലാവരും പറയുന്നുമുണ്ട്. കോൺഗ്രസിന്റെ തിരിച്ചുവരവിനാണ് പരിശ്രമമെന്നും എംപിമാരിൽ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകുന്നു.