തൃശ്ശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്പെന്‍ഷന്‍ മാതൃകയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു പരാതിപോലും ഇല്ലാതെ രാഹുലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാന്‍ ആകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ മാത്രമാണ് രാഹുലിനെക്കുറിച്ചുള്ള പരാതി ഉയര്‍ന്നത്. നേരിട്ട് പാര്‍ട്ടിയിലോ പൊലീസിലോ പരാതി ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ നിലയ്ക്കാണ് പാര്‍ട്ടി തീരുമാനം എടുത്തതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിനെതിരെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആരുടേയും സ്വാധീനത്തെ തുടര്‍ന്ന് എടുത്ത തീരുമാനമല്ല. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. സസ്പെന്‍ഷന്‍ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ഭാവിയില്‍ പരാതി വന്നാല്‍ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്നും ആരോപണങ്ങള്‍ പുകമറയെന്ന് തെളിഞ്ഞാല്‍ സസ്പെന്‍ഷന്‍ അവസാനിപ്പിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ രാഹുലിന് തടസ്സങ്ങളുണ്ടായേക്കാം. പാലക്കാട്ടെ കാര്യങ്ങള്‍ നോക്കാന്‍ അവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന എംപിയുണ്ട്. കൂടെ ഷാഫി പറമ്പിലും ഉണ്ട്. അദ്ദേഹം അവിടുത്തെ നാട്ടുകാരനാണ് എന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഉമാ തോമസ് എംഎല്‍എ നേരിടുന്ന സൈബര്‍ ആക്രമണത്തിലും കെ മുരളീധരന്‍ പ്രതികരിച്ചു. സൈബര്‍ ആക്രമണം നടത്തുന്നവര്‍ മൂടുതാങ്ങികള്‍. ഇവരോട് പുച്ഛം മാത്രം. ഇവര്‍ പാര്‍ട്ടിക്കായി ഒരു ജോലിയും ചെയ്യുന്നില്ല. ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെ എസ് യുവില്‍ ഉണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.