തൃശൂര്‍: ശശി തരൂര്‍ വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തരൂര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ശശി തരൂര്‍ മറ്റൊരു കെവി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞഉ.

സിപിഎമ്മിനെ പിന്തുണച്ചത് ബോധപൂര്‍വമായ കളം ആണെന്ന് കരുതുന്നില്ല. അദ്ദേഹം അഭിപ്രായം പറഞ്ഞ് കുടുക്കില്‍ വീണുപോയതാണെന്നാണ് കരുതുന്നത്. തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല. തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ. അതു തിരുത്തിയാല്‍ മതി. എ കെ ബാലന്റെ ചൂണ്ടയിലൊന്നും കൊത്തില്ല. ഭരണമുണ്ട്, സ്ഥാനമാനങ്ങളുണ്ട്, കൊടുക്കാന്‍ എന്തും അവരുടെ കയ്യിലുണ്ട്. എന്നിട്ടും ഒരു പൂച്ചപോലും പോയിട്ടില്ലല്ലോയെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് പ്രകോപനമുണ്ടാക്കി, എന്തിനെയും ഏതിനെയും എതിര്‍ക്കാനും കരുത്തുപകരാനും വഴിമരുന്നിടുന്ന പാര്‍ട്ടി പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നാണ് താന്‍ കരുതുന്നത്. കേരളത്തില്‍ നേതൃപ്രതിസന്ധിയുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സുധാകരന്റെ പ്രതികരണം ഇങ്ങനെ. എന്റെ ലീഡര്‍ഷിപ്പിന്റെ കപ്പാസിറ്റി വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലെയുള്ള നേതാക്കളാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയെങ്കില്‍ അതില്‍ പരാതി പറയാന്‍ പറ്റില്ലല്ലോ. നന്നാകാന്‍ നോക്കണം. സുധാകരന്‍ പറഞ്ഞു.

തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. എന്തു പ്രശ്നമുണ്ടെങ്കിലും അദ്ദേഹത്തിന് ദേശീയ നേതൃത്വവുമായി സംസാരിക്കാം. എന്തു മാറ്റം വേണമെങ്കിലും നിര്‍ദേശിക്കാം. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് താന്‍ കരുതുന്നത്. കെപിസിസി നോക്കേണ്ട കാര്യമല്ല അത്. അദ്ദേഹത്തിന് തന്നെ അത് തിരുത്താനും സാധിക്കുന്ന ആളാണ്. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂരിനെപ്പൊലെ ഒരാള്‍ പൊതുവേദിയില്‍ പ്രതികരിച്ചത് യുക്തമായില്ല എന്നാണ് തന്റെ അഭിപ്രായം.

പരസ്യമായി മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയല്ല. പാര്‍ട്ടി വേദിയിലാണ് കാര്യങ്ങള്‍ പറയേണ്ടത്. ശശി തരൂരിനെ എല്ലാക്കാലത്തും പിന്തുണച്ച ആളാണ് താന്‍. ഇപ്പോഴും താന്‍ പിന്തുണയ്ക്കുന്നു. പക്ഷെ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ട്. അത് പറയാന്‍ നാലുതവണ ഫോണ്‍വിളിച്ചെങ്കിലും കിട്ടിയില്ല. അത് അദ്ദേഹത്തോട് പറയും. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോകുമെന്ന് ഒരിക്കലും കരുതുന്നില്ല. തരൂരിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് കരുത്തു പകരുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിയെടുക്കാനുള്ള അവസരത്തിന് തന്റെ സന്നദ്ധത സൂചിപ്പിച്ചാണ് തരൂര്‍ രംഗത്തുവന്നിരിക്കുന്നത്. എല്ലാവര്‍ക്കുമായി കേരളം മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നു. അതിനായി രാഷ്ട്രീയം പരിഗണിക്കാതെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ചെറുപ്പക്കാര്‍ക്ക് ജീവിക്കാന്‍ ഉതകുന്നിടമായി കേരളത്തെ മാറ്റണം. ചെറുപ്പക്കാര്‍ നാടുവിടുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ മുന്നിലുണ്ടെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചതായിട്ടായിരുന്നു ഇന്ത്യന്‍ എക്സ് പ്രസിലെ വാര്‍ത്ത. തന്നെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശം ജനം അംഗീകരിച്ചതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ട്. പാര്‍ടി അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പാര്‍ടിക്കൊപ്പം ഉണ്ടാകും. ഇല്ലെങ്കില്‍, എനിക്ക് എന്റെതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി കോണ്‍ഗ്രസിന്റെ അടിത്തറ വികസിപ്പിക്കേണ്ടതുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. 'എന്റെ സംസാരവും പെരുമാറ്റവും ആളുകള്‍ക്ക് ഇഷ്ടമാണ്. കോണ്‍ഗ്രസിനെ പൊതുവെ എതിര്‍ക്കുന്നവര്‍ പോലും എനിക്ക് വോട്ട് ചെയ്തു. രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിയെക്കുറിച്ച് താന്‍ എപ്പോഴും നിര്‍ഭയമായി തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയക്കാരനെപ്പോലെ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് ഒരിക്കലും ഇടുങ്ങിയ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടായിട്ടില്ല. എനിക്ക് ബോധ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനുമുമ്പ് രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ എതിരാളികളായ സര്‍ക്കാരുകളുടെയോ പാര്‍ടികളുടെയോ നല്ല സംരംഭങ്ങളെ ഞാന്‍ പ്രശംസിക്കുന്നത്.' തരൂര്‍ പറഞ്ഞു.

ഒരു സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുകയും തെറ്റായ നടപടികള്‍ക്ക് വിമര്‍ശിക്കുകയും ചെയ്യുമെന്ന് പറഞ്ഞ തരൂര്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് ശക്തമായ സംഘടനാ സംവിധാനം വേണമെന്നും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വോട്ടുകൊണ്ടു മാത്രം കേരളത്തില്‍ ജയിക്കില്ലെന്നും പറഞ്ഞു. ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ അഭിമുഖത്തില്‍. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായതെന്നും തരൂര്‍. പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍. വിശദീകരിച്ചതായിട്ടായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത.

പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി അതിന്റെ അടിത്തറ തന്നെ വികസിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും എടുത്തു പറഞ്ഞു. പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ക്കപ്പുറത്തുള്ള പിന്തുണ പാര്‍ട്ടിക്ക് കിട്ടേണ്ടതുണ്ട്. ലഭിക്കുന്നത് അത്തരത്തിലൊരു പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്. ഇനിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ഇതേക്കാര്യം യു.ഡി.എഫിലെ മറ്റ് കക്ഷികളും തന്നോട്ട് പറഞ്ഞിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ല. എങ്കിലും പാര്‍ട്ടിക്ക് മുമ്പാകെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ്.

'ഞാനാണ് നേതാവാകാന്‍ യോഗ്യനെന്ന് പല സ്വതന്ത്ര ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണമെങ്കില്‍ എന്നെ ഉപയോഗിക്കാം. അല്ലെങ്കില്‍ എനിക്ക് സ്വന്തമായ വഴിയുണ്ട്. എനിക്ക് മറ്റുവഴികളില്ലെന്ന് ചിന്തിക്കണ്ട. പുസ്തകമെഴുത്ത പ്രസംഗം തുടങ്ങി തനിക്ക് മറ്റ് പല വഴികളുമുണ്ട്' ശശി തരൂര്‍ പറഞ്ഞു. ഇടുങ്ങിയ രാഷ്ട്രീയചിന്താഗതിയല്ല തനിക്കുള്ളത് എന്നായിരുന്നു നരേന്ദ്ര മോദിയേയും പിണറായി വിജയനേയും പ്രശംസിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തരൂരിന്റെ ന്റെ മറുപടി. രാഷ്ട്രീയ പ്രത്യാഘാതം ആലോചിച്ചല്ല താന്‍ പ്രസ്താവന നടത്താറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ബോധ്യമുള്ള കാര്യമാണെങ്കില്‍ അഭിപ്രായം പറയാരാണ് പതിവ്. മാത്രമല്ല, കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ല. നല്ലത് ചെയ്താല്‍ നല്ലതെന്നും മോശമായത് കണ്ടാല്‍ മോശമെന്നും പറയാന്‍ അവര്‍ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.