തളിപ്പറമ്പ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍. ഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ സി.പി.എമ്മിന്റെ അനുമതി വേണ്ടെന്നും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രപിതാവിന്റെ 100 സ്തൂപങ്ങള്‍ സ്ഥാപിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളിലെല്ലാം ഗാന്ധി സ്തൂപങ്ങള്‍ സ്ഥാപിക്കുമെന്നും അതിനെ സംരക്ഷിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

അക്രമങ്ങള്‍ കാണിക്കുന്നത് വിവരംകെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പതനമാണ്. ഗാന്ധി സ്തൂപങ്ങള്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും തന്റേടവും നട്ടെല്ലുമുള്ള കോണ്‍ഗ്രസുകാര്‍ കണ്ണൂരിലുണ്ട്. 'മറന്നുകളിച്ചാല്‍ ആ മറവി നിങ്ങള്‍ക്ക് ദോഷം ചെയ്യു'മെന്ന് അണികളെയും ഗുണ്ടകളെയും പ്രോത്സാഹിപ്പിക്കുന്ന സി.പി.എം നേതാക്കളെ ഓര്‍മിപ്പിക്കുകയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

നിസാര കാരണത്തില്‍ കണ്ണൂര്‍ ജില്ല മുഴുവന്‍ സി.പി.എം അക്രമങ്ങള്‍ വ്യാപിപ്പിക്കുകയാണ്. എന്താണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് അറിയില്ല. സംസ്ഥാന നേതൃത്വം അറിഞ്ഞു കൊണ്ടാണോ അക്രമം നടത്തുന്നതെന്ന് സി.പി.എം വ്യക്തമാക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കോട്ടയായിരുന്ന കണ്ണൂരില്‍ കോണ്‍ഗ്രസ് ത്രിവര്‍ണ പതാക പാറിപ്പിച്ചതാണ്. കോണ്‍ഗ്രസ് കണ്ണൂരില്‍ അധികാരത്തില്‍ വന്നിട്ടുണ്ടെന്ന ഓര്‍മ സി.പി.എമ്മിനുണ്ടാകണം.

കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുന്ന പാര്‍ലമെന്റ്, നിയമസഭ മണ്ഡലങ്ങള്‍ ജില്ലയിലുണ്ട്. കോണ്‍ഗ്രസ് വളര്‍ന്നു വരുന്നതിന്റെ തെളിവാണിത്. വളര്‍ന്നു വരുന്ന കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് സി.പി.എം കരുതുന്നുവെങ്കില്‍ അതിന്റെ മുമ്പില്‍ ആത്മഹൂതി ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാണ്. ഭയപ്പെടാന്‍ നോക്കേണ്ട.

സംസ്‌കാരവും സാമൂഹിക-രാഷ്ട്രീയ ബോധവുമില്ലാത്ത അല്‍പന്മാരായ ഒരു വിഭാഗം നേതാക്കള്‍ സി.പി.എമ്മിനെ നശിപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. അതിന്റെ ഭാഗമായാണോ അക്രമങ്ങളെന്ന് സംശയിക്കുന്നു. സി.പി.എം നേതൃത്വം അടിയന്തരമായി ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

അക്രമം നടത്തിയ പാര്‍ട്ടിക്കാരെ നടപടിക്ക് വിധേയമാക്കാന്‍ സി.പി.എം തയാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് ചെയ്യേണ്ടി വരുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തളിപ്പറമ്പില്‍ ആക്രമണം നടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

കെ സുധാകരന്‍, സിപിഎം, വിമര്‍ശനം