- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതില്‍ നിരാശ; മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല; തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷി; അവര്‍ ആരുടെയോ കയ്യിലെ കളിപ്പാവ; സണ്ണി ജോസഫ് തന്റെ നോമിനിയല്ല; കെപിസിസി പ്രസിഡന്റിനെ മാറ്റിയപ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റിയില്ല; നേതൃമാറ്റത്തില്‍ പൊട്ടിത്തെറിച്ച് കെ സുധാകരന്‍
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയതില്‍ നിരാശ
കണ്ണൂര്‍: കെപിസിസി നേതൃമാറ്റത്തിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് കെ.സുധാകരന്‍. താന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. ഹൈക്കമാന്‍ഡ് നേതൃത്വത്തിലുള്ള നേതാക്കള്‍ക്കെതിരായാണ് അദ്ദേഹം ആഞ്ഞടിച്ചു രംഗത്തുവന്നത്. തന്നെ മാറ്റിയ നേതൃത്വം പ്രതിപക്ഷ നേതാവിനെ മാറ്റാത്തത് എന്തുകൊണ്ടാണെന്നും സുധാകരന്‍ ചോദിച്ചു. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും സുധാകരന്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു.
ഡല്‍ഹിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ നേതൃമാറ്റം ചര്‍ച്ചയായില്ല. നേതൃമാറ്റ തീരുമാനത്തിന് പിന്നില്‍ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയെന്നും സുധാകരന്‍ പറഞ്ഞു. ദീപാ ദാസ് മുന്‍ഷിക്കെതിരെ സുധാകരന്‍ ആഞ്ഞടിച്ചു. തന്നെ മാറ്റണമെന്ന് നിര്‍ബന്ധം പിടിച്ചത് ദീപ ദാസ് മുന്‍ഷിയാണ്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി'. ദീപാ ദാസ് മുന്‍ഷി ആരുടെയോ കയ്യിലെ കളിപ്പാവയാണെന്നും സുധാകരന്‍ ആരോപിച്ചു.
തന്നെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടന്നിരുന്നു എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും കെ സുധാകരന്‍ തുറന്നടിച്ചു. എനിക്ക് കിട്ടുന്ന ചില വിവരങ്ങള്‍ അങ്ങനെയാണ്. എന്നാല്‍ അതൊരു വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വാര്‍ഥ താത്പര്യമുള്ള ചില നേതാക്കളാണ് തന്നെ മാറ്റിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായ ചില ലക്ഷ്യങ്ങളുള്ളവരുടെ നീക്കമാണിത്. നിരാശ മറച്ചുവെക്കേണ്ട കാര്യമില്ല കെ സുധാകരന്‍ പറഞ്ഞു.
പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തന്റെ നോമിനിയാണെന്ന പ്രചരണങ്ങളും സുധാകരന്‍ തള്ളിക്കളഞ്ഞു. സണ്ണി ജോസഫ് തന്റെ നോമിനി അല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. 'സണ്ണിയെ കോണ്‍ഗ്രസില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് താനാണ്. അദ്ദേഹവുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്. സണ്ണിയും ഞാനും തമ്മിലുള്ള ബന്ധം പലരും ഇപ്പോഴാണ് എല്ലാവരും മനസിലാക്കുന്നത്. സണ്ണി വന്നതില്‍ മറ്റാരെങ്കിലും വന്നതിനേക്കാള്‍ സന്തോഷമുണ്ട്. സണ്ണി ക്രൈസ്തവ സഭയുടെ പ്രതിനിധിയല്ല. എന്നാല്‍ തന്നെ അനുനയിപ്പിക്കാനല്ല സണ്ണിയെ പ്രസിഡന്റാക്കിയത്. കെപിസിസി പ്രസിഡന്റിനെ മാറ്റുമ്പോള്‍ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ്. എന്നാല്‍ അത് ഉണ്ടായില്ല തനിക്ക് അങ്ങനെയൊരു ആവശ്യവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനിയും മത്സരിക്കും. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍ കഴിവുള്ളവരാണ്. അതുപോലൊരു ടീം തനിക്ക് ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയുമായിരുന്നെന്നും കെ.സുധാകരന്‍ പറഞ്ഞു. 'തന്റെ നേതൃത്വം കേരളത്തില്‍ ആവശ്യമായിരുന്നു. തന്നെപ്പോലെ സിപിഎമ്മുമായി ഫൈറ്റ് ചെയ്ത മറ്റ് ഏത് അധ്യക്ഷന്‍ ഉണ്ട്? ആ അംഗീകാരം എങ്കിലും തനിക്ക് ലഭിക്കുമെന്ന് കരുതി, പക്ഷെ തെറ്റി, പിണറായിയോട് നേരിട്ട് ഫൈറ്റ് ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ വേറെ ഏത് നേതാവുണ്ടെന്നും സുധാകരന്‍ ചോദിച്ചു.
പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്തതിനാലാണ് ഡല്‍ഹിയില്‍ പോകാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു. തന്നെ മാറ്റിയതില്‍ അണികള്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നത്. പറയണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പ്രധാന നേതാക്കളെ അറിയിച്ചിരുന്നു. അദ്ദേഹം വ്യക്തമാക്കി. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും കെ സുധാകരന്‍ പറഞ്ഞു. എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് തനിക്ക് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. തനിക്കെതിരായ നീക്കത്തിന് പിന്നിലുള്ളവരെയൊന്നും കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലെന്നും കാരണം ശത്രുക്കളെയുണ്ടാക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
നേരത്തെ കെ സുധാകരനും കെ മുരളീധരനും അടക്കമുള്ളവര്‍ ഡല്‍ഹി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഡല്‍ഹിയില്‍ ഹൈകമാന്‍ഡ് വിളിപ്പിച്ച യോഗത്തില്‍ നിന്ന് കെ. സുധാകരന്‍ വിട്ടുനിന്നതിനു പിന്നില്‍ സമ്മര്‍ദതന്ത്രമെന്ന് വിലയിരുത്തല്‍. സുധാകരനൊപ്പമുള്ള ചിലരുടെ നീക്കങ്ങളാണ് യാത്ര ഒഴിവാക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുമായാണ് പുതിയ ഭാരവാഹികളെയും മുന്‍ ഭാരവാഹികളെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
സ്ഥാനമൊഴിഞ്ഞെങ്കിലും പിണറായി സര്‍ക്കാറിനെതിരെയുള്ള പോരാട്ടത്തില്‍ താന്‍ പടക്കുതിരയായി മുന്‍നിരയിലുണ്ടാകുമെന്ന് തിങ്കളാഴ്ച സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച വൈകീട്ട് വരെ ഡല്‍ഹി യാത്ര ഉറപ്പിച്ചിരുന്ന സുധാകരന്‍, അവസാന നിമിഷമാണ് തീരുമാനം മാറ്റിയത്. താന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കിടയാക്കുമെന്നും പുനഃസംഘടനയില്‍ അതൃപ്തി എന്ന നിലയില്‍ ചര്‍ച്ചകളുണ്ടാകുമെന്നും കൃത്യമായി ധാരണയുള്ള നേതാവാണ് സുധാകരന്‍. ഈ സാധ്യതയാണ് സുധാകരനെ കരുവാക്കി ഒപ്പമുള്ളവര്‍ പ്രയോജനപ്പെടുത്തിയത്.
ഹൈകമാന്‍ഡ് യോഗത്തിലെ അസാന്നിധ്യം സ്വാഭാവികമായും ഇനിയുള്ള ചര്‍ച്ചകളില്‍ സുധാകരന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും വാക്കുകള്‍ക്ക് വില കല്‍പിക്കുന്നതിനുമിടയാക്കും. കെ.പി.സി.സിയിലെ ശേഷിക്കുന്ന ചുമതലകളിലേക്കുള്ള പുനഃസംഘടനയിലും ഡി.സി.സി ഭാരവാഹിമാറ്റത്തിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുമെല്ലാം പിടിവള്ളിയാക്കാമെന്നാണ് സുധാകരപക്ഷത്തിന്റെ വിലയിരുത്തല്‍.