മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ഫിറോസിന്റേത് റിവേഴ്‌സ് ഹവാല നടത്തുന്ന കമ്പനിയെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന്റെ തുടര്‍ച്ചയായാണ് കെ ടി ജലീലിലിന്റെ വിമര്‍ശനം.

ദുബായിലെ ഫോര്‍ച്യൂണ്‍ ഹൗസിംഗ് എന്ന കമ്പനിയില്‍ ഫിറോസ് അടക്കം മൂന്ന് മാനേജര്‍മാര്‍ മാത്രമാണ് ജീവനക്കാരായി ഉള്ളതെന്നും ഇത് റിവേഴ്‌സ് ഹവാലാ ലക്ഷ്യമിട്ട് നടത്തുന്ന സ്ഥാപനമാണ് എന്നാണ് ജലീല്‍ ആരോപിക്കുന്നത്. ഒളിച്ചിരിക്കാതെ പുറത്തുവന്നു മറുപടി പറയാനും ജലീല്‍ ഫിറോസിനെ വെല്ലുവിളിച്ചു.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

തമ്പീ! പുറത്തു വരൂ! പത്രക്കാര്‍ കട്ട വെയിറ്റിംഗാണ്!

ഫിറോസിന്റെ കമ്പനി നടത്തുന്നത് റിവേഴ്‌സ് ഹവാലയോ?

ദുബായിയില്‍ റജിസ്റ്റര്‍ ചെയ്ത 'Fortune House General Trading L.L.C' എന്ന കമ്പനിയില്‍ ആകെ ഉള്ളത് മൂന്ന് ജീവനക്കാരാണ്. അവര്‍ മൂന്നു പേരും മൂന്നു വിഭാഗത്തിന്റെ മാനേജര്‍മാരുമാണ്.

1) ഫിറോസ് പാലുള്ളക്കണ്ടിയില്‍ മാമു (Sales Manager)

2) റയീസ് മുന്തോട്ടുതറമ്മല്‍ അബ്ദുറഹിമാന്‍ (Office Manager)

3) അരട്ടന്‍കണ്ടി മുഹമ്മദ് അസ്ലം പുതുക്കുടി (Purchasing Manager)

ഒരു എം.ഡിയോ, ക്ലാര്‍ക്കോ, സിസ്റ്റം ഓപ്പറേറ്ററോ, അറ്റന്‍ഡറോ ഇല്ലാത്ത വെറും മൂന്ന് മാനേജര്‍മാര്‍ മാത്രം ജീവനക്കാരായ ലോകത്തിലെ 'ഒരേയൊരു കമ്പനി', യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫിറോസ് സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന കമ്പനിയാവും! കമ്പനിയുടെ ജോലിക്കാരുടെ ലിസ്റ്റ് ഇമേജില്‍.

പി.കെ ഫിറോസ് ഈ കമ്പനിയില്‍ ഏറ്റവും പുതിയ ജോബ് വിസ എടുക്കുന്നത് 21.03.2024-നാണ്. എന്നാല്‍ അതിനും എത്രയോ മുമ്പു മുതല്‍ക്കേ അദ്ദേഹത്തിന് ജോബ് വിസ ഉണ്ട് എന്നാണ് 'Fortune' കമ്പനിയുടെ സൈറ്റിലെ വിവരങ്ങള്‍ പറയുന്നത്. അതിന്റെ രേഖയും ഇമേജിലുണ്ട്. നേരത്തെയുള്ള സെയില്‍സ് മാനേജര്‍ വിസ കാലഹരണപ്പെടുന്നതായി രേഖകളില്‍ ഉള്ളത് 19.05.2024 എന്നാണ്. സ്വാഭാവികമായും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാകണം അദ്ദേഹം ആ വിസ എടുത്തിട്ടുണ്ടാവുക!

ഇനി അറിയേണ്ടത് 2021-ല്‍ ഫിറോസ് നോമിനേഷന്‍ കൊടുക്കുമ്പോള്‍ ഇത്തരം ഒരു വിസ ഹോള്‍ഡര്‍ ആയിരുന്നോ എന്നാണ്. അക്കാര്യവും പരിശോധിക്കുന്നുണ്ട്.

മാനേജര്‍മാര്‍ മാത്രമുള്ള 'Fortune House' കമ്പനി ഇന്ത്യയില്‍ നിന്ന് റിവേഴ്‌സ് ഹവാലയാണ് ചെയ്യുന്നത് എന്ന ആരോപണം ശക്തമാണ്. എത്ര ലീഗ് നേതാക്കള്‍ അവരുടെ കള്ളപ്പണം ഫിറോസിന്റെ കമ്പനി മുഖേന ഗള്‍ഫിലേക്ക് കടത്തിയിട്ടുണ്ടാകും? ഇതിനെല്ലാം വ്യക്തത വരുത്തേണ്ടത് പി.കെ ഫിറോസാണ്. അദ്ദേഹം ഒളിവു ജീവിതത്തില്‍ നിന്ന് പുറത്തു വരണം. മാധ്യമങ്ങളെ കാണണം. വസ്തുതകള്‍ വ്യക്തമാക്കണം. ഒരു ദിവസം നാല് നേരം മാധ്യമങ്ങളെ കണ്ടിരുന്ന ഫിറോസ് ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? തമ്പീ പുറത്തു വരൂ. പത്രക്കാര്‍ കട്ട വെയിറ്റിംഗാണ്.

NB: പണ്ട് ലീഗ് പിളര്‍ന്നപ്പോള്‍ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് നേതാക്കള്‍ കൂടുതലും അണികള്‍ കുറവുമുള്ള അഖിലേന്ത്യാ ലീഗിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഫിറോസിന്റെ മാനേജര്‍ മാര്‍ മാത്രമുള്ള ജോലി ചെയ്യാന്‍ ജീവനക്കാരില്ലാത്ത കമ്പനിയെ സംബന്ധിച്ചും പ്രസക്തമാണ്: ''ഡച്ചു പട്ടാളം പോലെയാണ് വിമതലീഗ്. എല്ലാവരും കമാന്റെര്‍ ഇന്‍ ചീഫുമാരാണ്. യുദ്ധം ചെയ്യാന്‍ പട്ടാളക്കാരില്ല'

കഴിഞ്ഞദിവസം തനിക്ക് പങ്കാളിത്തം ഉണ്ട് എന്ന് ആരോപിച്ച സ്വകാര്യ റസ്റ്റോറന്റില്‍ ജലീല്‍ എത്തിയത്. ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച ഫിറോസ് നന്ദി പറഞ്ഞ് പരിഹസിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ജലീലിന്റെ പുതിയ പോസ്റ്റ്. സമൂഹമാധ്യമത്തിലൂടെ പോസ്റ്റുകളെ ചൊല്ലി ലീഗ് സിപിഎം അണികള്‍ തമ്മില്‍ പൊരിഞ്ഞ പോരാണ് നടക്കുന്നത്. എന്നാല്‍ ജലീലിന്റെ വാദങ്ങള്‍ പി കെ ഫിറോസ് ഏറ്റെടുത്തിട്ടില്ല. ഫിറോസ് വിദേശത്ത് ഒരു പരിപാടിയില്‍ മറുപടി ഒരുതവണ നല്‍കിയെങ്കിലും കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. വിദേശത്ത് നിന്ന് തിരിച്ചെത്തിയശേഷം തുടര്‍ മറുപടികള്‍ ഉണ്ടാകുമെന്നാണ് അറിയിക്കുന്നത്.