തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കം സജീവമാക്കി സിപിഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രേംകുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് താന്‍ കഴക്കൂട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്ല പങ്കുവഹിച്ചിരുന്നു ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് നിലവില്‍ മനസിലാകുന്നത് അവയ്ക്ക് പരിഹാരം ഉണ്ടാകാനാണ് താന്‍ ശ്രമിക്കുന്നത്. അദ്ദേഹം രാത്രി വീട്ടില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത് അത് കണക്കാക്കിയാണ് എത്തിയത്, എന്നാല്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെന്ന് കടകംപള്ളി പ്രതികരിച്ചു. പ്രേംകുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കടകംപള്ളി അനുനയനീക്കവുമായി രംഗത്ത് എത്തിയത്.

അതേസമയം, ഇടതിനോട് ഇടഞ്ഞുനില്‍ക്കുന്ന പ്രേംകുമാറിനെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമെന്ന് സൂചിപ്പിക്കുന്ന പ്രതികരണമാണ് പ്രേംകുമാറില്‍ നിന്ന് ഉണ്ടായത്. കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇല്ലെങ്കിലും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു എന്ന കാര്യം പ്രേംകുമാര്‍ സ്ഥിരീകരിച്ചിരുന്നു. പക്ഷെ അതൊരു സൗഹൃദ സംഭാഷണം മാത്രമാണെന്നാണ് വിശദീകരണം.

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് പൊടുന്നനെ തന്നെ മാറ്റിയതിലെ അതൃപ്തി പരസ്യമാക്കി, സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പതിറ്റാണ്ടുകള്‍ നീണ്ട ഇടതു സഹയാത്രികനെന്ന വിശേഷണം പ്രേംകുമാര്‍ ഉപേക്ഷിക്കുമോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നുള്ള പ്രേംകുമാറിന്റെ മാറ്റം സ്വാഭാവിക നടപടിയാണെന്ന് മന്ത്രി സജി ചെറിയാന്‍ തന്നെ വ്യക്തമാക്കുമ്പോഴും, സര്‍ക്കാറിന്റെ കീഴിലുള്ള എത്ര അക്കാദമികളില്‍ ഈ സ്വാഭാവിക നടപടികള്‍ നടക്കുന്നു എന്നായിരുന്നു പ്രേംകുമാറിന്റെ മറുചോദ്യം.

നടത് തുടര്‍ഭരണം പാടില്ലെന്ന്, പരസ്യ വിമര്‍ശനം ഉന്നയിച്ച സാഹിത്യകാരന്‍ കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷന്‍ സ്ഥാനത്തുനിന്ന് മാറ്റാത്തതിനെ പ്രേംകുമാര്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന്റെത് ഇരട്ട നീതിയാണെന്നും കുറ്റപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് പ്രേം കുമാര്‍ കോണ്‍ഗ്രസ്സിലേക്ക് വരുകയാണെങ്കില്‍ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെയാണ് വാഗ്ദാനം.