- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവില്‍ പച്ചത്തെറി വിളിയില്‍ എത്തിയ വിഭാഗീയത സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു; കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണത; പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് എം വി ഗോവിന്ദന്‍
കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു
കൊല്ലം: നേതാക്കളെ പച്ചക്ക് തെറിവിളിച്ച് അണികള്‍ രംഗത്തിറങ്ങിയ വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മില്‍ നടപടി. വിഭാഗീയത കനത്ത കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മറ്റി പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. ഈ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി പൂര്‍ണമായും പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ഒരു അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടികളില്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സസ്ഥാന സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയ സമ്മേളനം നടക്കുക. വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും ഭിന്നാഭിപ്രായങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അച്ചടക്ക നടപടി ഉടന്‍ വേണമെന്ന് ഒരുപക്ഷം നിലപാടെടുത്തപ്പോള്‍ വിമതര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം എന്നും ആവശ്യം ഉയര്‍ന്നു.
'സേവ് സിപിഎം' എന്ന പ്ലക്കാര്‍ഡുകളും ഏന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഎം' എന്ന പോസ്റ്റര്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ വസന്തനെതിരെയും ആരോപണമുണ്ട്.
കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഈയിടെ നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.
സംസ്ഥാനസമ്മേളനം നടക്കുന്ന കൊല്ലം ജില്ലയിലെ വിഭാഗീയത പോര്‍വിളിയിലേക്കും സംഘട്ടനത്തിലേക്കും നീങ്ങുന്നത് സി.പി.എം. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ടെത്തി താക്കീത് നല്‍കിയിട്ടും തര്‍ക്കവും കൈയാങ്കളിയും തുടരുന്നതാണ് നേതൃത്വത്തിന് തലവേദനയായത്. ലോക്കല്‍ സമ്മേളന വേദിയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുകയും കൂക്കിവിളിക്കുകയും ചെയ്തതിനു പിന്നാലെ വെള്ളിയാഴ്ച പാര്‍ട്ടി ഓഫീസിനുമുന്നില്‍ വിമതര്‍ പരസ്യ പ്രകടനവും നടത്തി. ഇതോടെയാണ് അടിയന്തരമായി എം വി ഗോവിന്ദന്‍ സ്ഥലത്തെത്തിയതും പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടു നിന്നതും.
സി.പി.എം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്കുകീഴില്‍ സമാനതകളില്ലാത്ത വിഭാഗീയതയാണ് അരങ്ങേറുന്നത്. 10 ലോക്കല്‍ സമ്മേളനങ്ങളില്‍ ഏഴെണ്ണവും തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നു. രണ്ടിടത്ത് കൈയാങ്കളി ഉണ്ടായി. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം രണ്ടാമത് വിളിച്ചിട്ടും തര്‍ക്കം തുടര്‍ന്നതിനാല്‍ നടത്താനായില്ല.
സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി ഒരുവശത്തും ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.ആര്‍.വസന്തന്‍ മറുഭാഗത്തുമായുള്ള കിടമത്സരമാണ് കരുനാഗപ്പള്ളിയില്‍ നടക്കുന്നത്. വസന്തന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സി.പി.ഐ. സ്ഥാനാര്‍ഥി തോറ്റതിന്റെപേരില്‍ വസന്തനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വസന്തന്‍ വിരുദ്ധ പക്ഷം കരുക്കള്‍ നീക്കിയത്. പക്ഷേ, പിന്നീട് വസന്തനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു.
സൂസന്‍ കോടി പക്ഷ നേതാക്കള്‍ കഴിഞ്ഞയാഴ്ച ഒരു വീട്ടില്‍ ഗ്രൂപ്പ് യോഗം ചേരുന്നതിന്റെ വീഡിയോ എടുത്തതിന്റെപേരില്‍ പരസ്യമായി രണ്ടു വിഭാഗങ്ങള്‍ ഏറ്റുമുട്ടി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു,