കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കെ സി വേണുഗോപാലിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ, കെ സി ക്ക് പിന്തുണയുമായി ഷാഫി പറമ്പിലും, രാഹുല്‍ മാങ്കൂട്ടത്തിലും. പിണറായി 3.0 വരുമെന്ന് ചിലര്‍ പ്രചാരണം നടത്തുന്നുവെന്നും മൂന്നാമതും ദുര്‍ഭൂതം വരുമെന്നാണോ പ്രചരിപ്പിക്കുന്നതെന്നുമാണ് കെ.സി വേണുഗോപാലിന്റെ പരിഹാസം. കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പര്‍മാരുടെ സമ്പൂര്‍ണ നേതൃയോഗത്തിലായിരുന്നു കെ.സിയുടെ പരാമര്‍ശം.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും വടകര എംപി ഷാഫി പറമ്പിലും ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.

'കാരണഭൂത'മെന്ന് കേള്‍ക്കുമ്പോള്‍ തിളയ്ക്കാത്തതൊന്നും ദുര്‍ഭൂതമെന്ന് കേള്‍ക്കുമ്പോഴും വേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. പഴയ സഹപ്രവര്‍ത്തകനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച മുഖ്യമന്ത്രിയെ വാഴ്ത്താന്‍ കെ.സി. വേണുഗോപാല്‍ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ല, കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയാണ്. മോദിയേയും മോദി മീഡിയയേയും വകവെക്കാത്തൊരാളെയാണ് നിങ്ങള്‍ ഉടുക്കുകൊട്ടിക്കാട്ടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാന്‍ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി. വേണുഗോപാല്‍ 'ദൈവം തമ്പുരാന്‍' എന്ന് വിളിക്കണോ എന്നാണ് ഷാഫി പറമ്പില്‍ ചോദിച്ചത്. ആശാവര്‍ക്കര്‍മാരെ പട്ടിണിക്കിടുന്ന 'ദുര്‍ഭരണം' ജനങ്ങള്‍ അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്നും ഷാഫി കുറിച്ചു. പിണറായി വിജയന്‍ മുമ്പ് നടത്തിയിട്ടുള്ള വിവാദ പരാമര്‍ശങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ഇരുനേതാക്കളുടേയും പോസ്റ്റ്.

ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ജനങ്ങള്‍ ഹൃദയാംഗീകാരം നല്‍കിയിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനെ 'പരനാറി' എന്നാവര്‍ത്തിച്ച് വിളിച്ചാക്ഷേപിച്ചിട്ടുള്ള,

ഒരു വൈദികനെ 'നികൃഷ്ട ജീവി' ആയി ചിത്രീകരിച്ചിട്ടുള്ള, ഒരു മാധ്യമ പ്രവര്‍ത്തകനെ 'എടോ ഗോപാലകൃഷ്ണാ' എന്നാക്രോശിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിട്ടുള്ള, 52 വെട്ടി ടി.പി യെ കൊന്നു തള്ളിയ ശേഷവും 'കുലം കുത്തി' പ്രയോഗം നടത്തി അരുംകൊലയ്ക്ക് ന്യായം ചമയ്ക്കാന്‍ ശ്രമിച്ചിട്ടുള്ള പിണറായി വിജയനെ കെ.സി വേണുഗോപാല്‍ 'ദൈവം തമ്പുരാന്‍' എന്ന് വിളിക്കണമായിരിക്കും. പാവപ്പെട്ട ആശവര്‍ക്കര്‍മാരുടെ അതിജീവന സമരത്തെ പോലും ആക്ഷേപിച്ച് അവരെ പട്ടിണിക്കിടുന്ന ഈ 'ദുര്‍ഭരണം' ജനങ്ങള്‍ അവസാനിപ്പിക്കുക തന്നെ ചെയ്യും.


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിലെ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തകനും പാര്‍ലമെന്ററിയനുമായ ശ്രീ എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച, ഒരു മതമേലധ്യക്ഷനായ താമരശ്ശേരി ബിഷപ്പ് ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവി എന്ന് വിളിച്ച, ഒരു മാധ്യമപ്രവര്‍ത്തകനെ 'എടോ ഗോപാലകൃഷ്ണ' എന്ന് വിളിച്ച, കൊല്ലപ്പെട്ട ഒരു പഴയ സഹപ്രവര്‍ത്തനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയെ വാഴ്ത്താന്‍ ശ്രീ കെ സി വേണുഗോപാല്‍ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ല, കോണ്‍ഗ്രസ്സിന്റെ സംഘടന ജനറല്‍ സെക്രട്ടറിയാണ്.

മോദിയെയും മോദിമീഡിയയെയും വകവയ്ക്കാത്തയൊരാളെയാണ് നിങ്ങളീ ഉടുക്ക് കൊട്ടിക്കാട്ടുന്നത്. കാരണഭൂതമെന്ന് കേട്ടപ്പോള്‍ തിളയ്ക്കാത്തതൊന്നും ദുര്‍ഭൂഭതമെന്നു കേള്‍ക്കുമ്പോഴും വേണ്ട.