- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബത്തേരിയില്‍ പ്രിയങ്കയ്ക്ക് ഒപ്പം റോഡ്‌ഷോയില്‍ രാഹുല്‍; ചേലക്കരയില്‍ യു ആര്‍ പ്രദീപിനൊപ്പം കെ രാധാകൃഷ്ണന്‍; റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമായി കൊട്ടിക്കലാശത്തിന് ഒരുങ്ങി വയനാടും ചേലക്കരയും; അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചാരണം
വയനാടും ചേലക്കരയിലും കൊട്ടികലാശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
തൃശൂര്‍: വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമാകും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണം നടക്കും. 13-നാണ് വോട്ടെടുപ്പ്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.ഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍.ഡി.എഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ചേലക്കരയില്‍ എല്‍.ഡി.എഫിനായി യു.ആര്‍ പ്രദീപും യു.ഡി.എഫിനായി രമ്യ ഹരിദാസും എന്‍.ഡി.എയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20-ലേക്ക് നീട്ടി.പാലക്കാട് 18-നാണ് പരസ്യപ്രചാരണം അവസാനിക്കുക.
ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ ശേഷിക്കെ വയനാടും ചേലക്കരയിലും വാശിയേറിയ പ്രചാരണത്തിലാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. ഇരു മണ്ഡലങ്ങളും കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോള്‍ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി വയനാട്ടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറുകയാണ്.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി റോഡ്‌ഷോയില്‍ പങ്കെടുത്തു. പ്രിയങ്കയുടെ കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. വൈകിട്ട് തിരുവമ്പാടിയിലെ കൊട്ടിക്കലാശത്തിലായിരിക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുക.
ഐലവ് വയനാട് എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മറ്റു യുഡിഎഫ് ഘടകകക്ഷികളുടെയും പതാകകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും അവസാനവട്ട പ്രചാരണവുമായി മണ്ഡലത്തില്‍ സജീവമാണ്.
പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തില്‍ രണ്ടു പൊതുറാലികള്‍ വയനാട്ടില്‍ നടക്കുന്നുണ്ട്. സുല്‍ത്താന് ബത്തേരിയിലെ റാലിയില്‍ പ്രിയങ്കയോടൊപ്പം കെ.എസി. വേണുഗോപാലുമെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ പ്രിയങ്കയ്ക്കായി എത്തും. പ്രിയങ്കയ്ക്ക് ഒപ്പം മകനും റാലിയില്‍ കൂടെയുണ്ട്.
തിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നി മത്സരമാണിത്. ബത്തേരിയില്‍ നടന്ന റോഡ് ഷോയില്‍ വലിയ ജനപങ്കാളിത്തമുണ്ട്. അസംഷന്‍ ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചിരിക്കുന്നത്. ബത്തേരി ബസ് സ്റ്റാന്‍ഡിനടുത്ത് റോഡ് ഷോ അവസാനിക്കും. ശേഷം തിരുവമ്പാടിയില്‍ റോഡ് ഷോ നടക്കും. അവിടെയാണ് കൊട്ടിക്കലാശം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്‌ഷോകളില്‍ പങ്കെടുക്കും. സുല്‍ത്താന്‍ ബത്തേരിയിലാണ് എന്‍ഡിഎയുടെ കൊട്ടിക്കലാശം.
ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ റോഡ് ഷോയില്‍ കെ രാധാകൃഷ്ണന്‍ എംപിയും പങ്കെടുത്തു. റോഡ് ഷോയും ഗൃഹസന്ദര്‍ശനവുമൊക്കെയായി സജീവമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തികഞ്ഞ വിജയ പ്രതീക്ഷയാണ് പങ്കുവെച്ചത്. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശമാകുന്നത്.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ,വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.
ബിജെപിയും പ്രചാരണത്തില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിനും കൊട്ടിക്കലാശത്തില്‍ അണിനിരക്കും.
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും സമാപനമാകും.വൈകുന്നേരം നാലരയോടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ചേലക്കര ബസ്റ്റാന്‍ഡ് പരിസരത്തെത്തും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും. ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വിവാദങ്ങളില്‍ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള ഇടതുമുന്നണി പ്രചാരണരീതി. ഭരണവിരുദ്ധ വികാരം എടുത്തുകാട്ടി നേതാക്കള്‍ മുഴുവന്‍ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുമായിരുന്നു യു.ഡി.എഫ് ക്യാമ്പ് പ്രവര്‍ത്തിച്ചത്.
പാലക്കാട് ട്രാക്ടര്‍ റാലി
പാലക്കാട് ട്രാക്ടര്‍ റാലികള്‍ നടത്തി യുഡിഎഫും ബിജെപിയും പ്രതിഷേധിച്ചത്. കല്‍പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ലേക്ക് നീട്ടിവെച്ചതോടെ പരസ്യ പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കും. പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് യുഡിഎഫും എന്‍ഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തിയത്.
രാവിലെ യുഡിഎഫ് നേതൃത്വത്തില്‍ കണ്ണാടിയില്‍ നിന്ന് ആരംഭിച്ച കര്‍ഷകരക്ഷാ ട്രാക്ടര്‍ മാര്‍ച്ച് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നെല്ലിന്റെ സംഭരണം പാളിയതടക്കം കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. ഇതിനുപിന്നാലെ ഉച്ചയോടെ ബിജെപിയുടെ നേതൃത്വത്തിലും കര്‍ഷക വിഷയങ്ങള്‍ ഉന്നയിച്ചുള്ള ട്രാക്ടര്‍ മാര്‍ച്ച് നടത്തി. കണ്ണാടി പാത്തിക്കലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നടന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമാപന സമ്മേളനത്തിലും പങ്കാളിയാകും.