തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളില്‍ അനിശ്ചിതത്വം മുറുകി. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും തമ്മില്‍ നടന്ന നിര്‍ണായകമായ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. ഇടുക്കി, ഏറ്റുമാനൂര്‍, കുട്ടനാട് എന്നീ മൂന്ന് പ്രധാന സീറ്റുകള്‍ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കേരള കോണ്‍ഗ്രസ് ശക്തമായി തള്ളിയതോടെയാണ് ധാരണയിലെത്താതെ ചര്‍ച്ചകള്‍ വഴിമുട്ടിയത്. കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈയാഴ്ച കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃയോഗം ചേരും.

തിരുവനന്തപുരത്ത് യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ രണ്ട് തവണയാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. തൊടുപുഴ, കടത്തുരുത്തി എന്നീ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ കുട്ടനാട്, ഏറ്റുമാനൂര്‍, ഇരിങ്ങാലക്കുട, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂര്‍, ചങ്ങനാശ്ശേരി, ഇടുക്കി എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഈ സീറ്റുകള്‍ ഇത്തവണയും വേണമെന്നായിരുന്നു അവരുടെ ആവശ്യം.

ആദ്യഘട്ട ചര്‍ച്ചകളില്‍ ഇടുക്കി സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ സമ്മതിച്ചെങ്കിലും, പിന്നീട് നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് കുട്ടനാടും ഏറ്റുമാനൂരും കൂടി ആവശ്യപ്പെട്ടു. ഈ ആവശ്യം രാവിലെ നടന്ന ചര്‍ച്ചയില്‍ പൂര്‍ണ്ണമായും നിരാകരിച്ച കേരള കോണ്‍ഗ്രസ്, പിന്നീട് തൃക്കരിപ്പൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.

കോണ്‍ഗ്രസ് ആവശ്യപ്പെട്ട ഈ മൂന്ന് സീറ്റുകളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഏറെ നിര്‍ണായകമാണ്. ഏറ്റുമാനൂരില്‍ തോമസ് ഉണ്ണിയാടനെയും കുട്ടനാട്ടില്‍ റെജി ചെറിയാനെയും മത്സരിപ്പിക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇരുവരും പ്രാഥമിക പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് ലഭിക്കുന്ന പരിഗണന യുഡിഎഫില്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ജോസഫ് വിഭാഗത്തിന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. മുന്നണിയിലെ ഈ സീറ്റ് വിഭജന തര്‍ക്കം വലിയ തലവേദനയായി മാറുമ്പോള്‍, കോട്ടയത്ത് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനുശേഷമായിരിക്കും പി.ജെ. ജോസഫിന്റെ തുടര്‍നിലപാട് വ്യക്തമാവുക.