തിരുവനന്തപുരം: എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നത് വയനാട് കോണ്‍ക്ലേവില്‍ കോണ്‍ഗ്രസ് തീരുമാനിക്കും. അങ്ങനെ വന്നാല്‍ അഞ്ചില്‍ അധികം എംപിമാര്‍ മത്സരിക്കും. അടൂര്‍ പ്രകാശ്, ശശി തരൂര്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കെ സുധാകരന്‍ എന്നിവര്‍ മത്സരിക്കാന്‍ സന്നദ്ധരാണ്. കെസി വേണുഗോപാല്‍ മത്സരിക്കുമോ എന്നതും നിര്‍ണ്ണായകമാണ്. കോന്നിയാലും അടൂര്‍ പ്രകാശിന് മത്സരിക്കാന്‍ ആഗ്രഹം. പാലക്കാട് ഷാഫിയും വൈപ്പിനില്‍ ഈഡനും കണ്ണൂരില്‍ സുധാകരനും മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സാധ്യത തേടുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പകുതിയോടെ പൂര്‍ത്തിയാക്കി പ്രചാരണത്തില്‍ മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ തീര്‍പ്പാക്കി, ജനുവരി 15-ന് ശേഷം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാണ് നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രഖ്യാപന കാലതാമസം പ്രചാരണത്തെ ബാധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ നേരത്തെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. യുഡിഎഫിന്റെ കേരള ജാഥയ്ക്ക് മുമ്പ് തീരുമാനം ഉണ്ടാകും. മിക്കവാറും എല്ലാ സറ്റിംഗ് എംഎല്‍എമാരും മത്സരിക്കും. മുതിര്‍ന്ന നേതാക്കളെ ജയസാധ്യത പരിഗണിച്ച് സ്ഥാനാര്‍ത്ഥികളാക്കും.

പകുതി സീറ്റുകളില്‍ യുവാക്കളെയും വനിതകളെയും ഉള്‍പ്പെടുത്തുക എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിനൊപ്പം പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. നിലവിലെ എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കുമെങ്കിലും പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പുതിയ പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ തുടങ്ങിയവരുടെ പേരുകള്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സജീവമാണെങ്കിലും എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമാകും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്ത 'പ്രാദേശിക സ്വീകാര്യത' എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി മാനിച്ചാകും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ആരംഭിക്കുന്ന നേതൃ ക്യാമ്പില്‍ സ്ഥാനാര്‍ഥി മാനദണ്ഡങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. ലക്ഷ്യം 2026 എന്നാണ് കോണ്‍ക്ലേവിലെ പേര്. 70 സീറ്റുകള്‍ സ്വന്തമായി കോണ്‍ഗ്രസ് നേടുന്ന സാഹചര്യം ഉണ്ടാക്കും. മാധ്യമ പ്രവര്‍ത്തകര്‍ അടക്കം പല അപ്രതീക്ഷിത മുഖങ്ങളും കോണ്‍ഗ്രസ് പട്ടികയിലുണ്ട്. രമേഷ് പിഷാരടിയും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഏറെയാണ്.

ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതുപോലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി പാര്‍ട്ടി കോണ്‍ക്ലേവ് തീരുമാനം എടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയനയവും തന്ത്രവും തയ്യാറാക്കും. ശബരിമല സ്വര്‍ണക്കൊള്ളയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതും സജീവമായിത്തന്നെ നിലനിര്‍ത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ഈ കോണ്‍ക്ലേവില്‍ രൂപീകരിക്കും.

കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തില്‍ ഈ ക്യാമ്പില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് തേടാനും സംയുക്തമായൊരു ശുപാര്‍ശ നല്‍കാനും നേതൃത്വം ലക്ഷ്യമിടുന്നു. നിലവിലെ എം.എല്‍.എമാരുടെ പ്രകടന റിപ്പോര്‍ട്ടും ചര്‍ച്ചയാകും. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികളുമായി നടത്തേണ്ട സീറ്റ് വിഭജന ചര്‍ച്ചകളുടെ രൂപരേഖ ഇവിടെ തയ്യാറാക്കും. ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, വിട്ടുവീഴ്ചകള്‍ എവിടെയൊക്കെ വേണമെന്ന കാര്യത്തില്‍ ധാരണയിലെത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കും. ക്യാമ്പിന് പിന്നാലെ ഔദ്യോഗികമായ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചാരണ തന്ത്രങ്ങള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. വി.ഡി. സതീശനെതിരെയുള്ള അന്വേഷണങ്ങള്‍ രാഷ്ട്രീയമായി എങ്ങനെ നേരിടണമെന്നതും അജണ്ടയിലുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പായി താഴെത്തട്ടിലുള്ള കമ്മിറ്റികളെ (ബൂത്ത്, മണ്ഡലം തലത്തില്‍) സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ക്ലേവ് വിലയിരുത്തും. ഡി.സി.സി അധ്യക്ഷന്മാരും കെ.പി.സി.സി ഭാരവാഹികളും ഉള്‍പ്പെടെയുള്ള ഉന്നത നേതൃത്വം ഈ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.