- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതൃമാറ്റമെങ്കില്‍ രണ്ട് പേരെയും മാറ്റണമെന്ന് ദീപ ദാസ്മുന്‍ഷിയോട് പറഞ്ഞ് നേതാക്കള്‍; സതീശന്റെ കടുംപിടുത്തതിനെതിരെ പരാതികള്‍; പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചിട്ടും തന്റെ മാത്രം പ്രശ്നമെന്ന ചിത്രീകരണത്തില്‍ കെ സുധാകരനും അമര്‍ഷം; ഈഗോ മാറ്റിവെച്ച് നേതാക്കള്‍ ഒന്നിച്ചു നിന്നേ മതിയാകൂവെന്ന് ഹൈക്കമാന്‍ഡ്; നേതൃമാറ്റ ചര്‍ച്ചകള്‍ സങ്കീര്‍ണം
നേതൃമാറ്റമെങ്കില്‍ രണ്ട് പേരെയും മാറ്റണമെന്ന് ദീപ ദാസ്മുന്‍ഷിയോട് പറഞ്ഞ് നേതാക്കള്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇന് ഒന്നര വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്. പാര്‍ട്ടിയില്‍ രണ്ട് ധ്രുവങ്ങളിലായാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്നോട്ടുപോകുന്നത്. ഇതിനിടെ പാര്‍ട്ടിയില്‍ അപ്രമാദിത്തം കിട്ടാന്‍ വേണ്ടിയാണ് കെപിസിസി അധ്യക്ഷനെ നീക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ശക്തമാക്കിയത്. എന്നാല്‍, ഈ അഭിപ്രായം ശക്തമാക്കിയാല്‍ പ്രതിപക്ഷ നേതാവിനും സ്ഥാനചലനമുണ്ടാകുമെന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. നേതൃമാറ്റ ആവശ്യത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയുമായി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തുമ്പോഴും സതീശനും കാര്യങ്ങള്‍ എളുപ്പമാകുന്നില്ല. മാറ്റമെങ്കില്‍ രണ്ടും പേരും മാറട്ടെ എന്ന അഭിപ്രായവും ശക്തമാണ്. ഇതോടെ നേതൃമാറ്റ ചര്‍ച്ചകളും സങ്കീര്‍ണമായി തുടരുകയാണ്.
സംസ്ഥാന കോണ്‍ഗ്രസ് തലപ്പത്ത് കെ.സുധാകരനും വി.ഡി.സതീശനും വേണ്ടത്ര ഐക്യത്തോടെയും ഏകോപനത്തോടെയും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. സുധാകരനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുമ്പോള്‍ സതീശന്‍ പിന്തുടരുന്ന കര്‍ക്കശ രീതി ചില ഘട്ടങ്ങളിലെങ്കിലും ഗുണകരമല്ലെന്ന വിലയിരുത്തലുണ്ട്. കെപിസിസി അധ്യക്ഷനെ കേള്‍ക്കാന്‍ പോലും സതീശന്‍ തയ്യാറാകുന്നില്ല. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുകയും ചെയ്യുന്നതായാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. ഇതിനിടെയാണ് ഹൈക്കമാന്‍ഡ് നടത്തിയ ഐക്യശ്രമങ്ങളും ലക്ഷം കാണാതെ പാളുന്നത്.
രാഷ്ട്രീയകാര്യ സമിതി നേരത്തേ മാറ്റിവച്ചതും കഴിഞ്ഞ ദിവസം സംയുക്ത വാര്‍ത്താസമ്മേളനം നടത്താന്‍ ഇരു നേതാക്കളും തയാറാകാതിരുന്നതും അനൈക്യത്തിന്റെ തെളിവായി ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, അഭിപ്രായവ്യത്യാസം പരിഹരിച്ച് നേതാക്കള്‍ ഒന്നിച്ചുനിന്നേ മതിയാകൂവെന്നാണു നേതൃത്വത്തിന്റെ നിലപാട്. തന്റെ മാത്രം പ്രശ്‌നമായി ചിത്രീകരിക്കുന്നതില്‍ കെ സുധാകരന് നീരസമുണ്ട്. അദ്ദേഹത്തിനെതിരെ നീക്കം നടക്കുന്നതില്‍ അനുയായികളിലും കടുത്ത അതൃപ്തിയുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ വലിയ ജനസ്വാധീനമുള്ള നേതാവാണ് സുധാകരന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിച്ചു ഇറക്കിവിടാന്‍ ഹൈക്കമാന്‍ഡും ഭയക്കുന്നു.
മാറ്റുന്നെങ്കില്‍ 2 പേരെയുമെന്ന് ചിലര്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ നിര്‍ദേശിക്കുക വരെ ചെയ്തു. കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് ദീപ ദാസ്മുന്‍ഷി ദേശീയ നേതൃത്വത്തിനു കൈമാറും. ആരെ മാറ്റണം, ആരെ നിലനിര്‍ത്തണം എന്നീ കാര്യങ്ങളിലുള്ള അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം സമ്മര്‍ദം ചെലുത്തേണ്ടെന്നുമാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.
പാര്‍ട്ടിക്കുള്ളില്‍ ഐക്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷവും നേതൃതലത്തിലെ ഭിന്നത തുടരുന്നതില്‍ ദീപ ദാസ്മുന്‍ഷി അമര്‍ഷത്തിലാണ്. പോരടിക്കുന്നവര്‍ക്കിടയില്‍ റഫറിയെ പോലെ നില്‍ക്കേണ്ട അവസ്ഥയിലാണു താനെന്ന പരിഭവത്തിലാണ് അവര്‍. ഐക്യമില്ലെങ്കില്‍ താന്‍ ചുമതലയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ തുറന്നടിച്ച അവര്‍, പിന്നീട് നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്കു കണ്ടപ്പോഴും അതൃപ്തി പ്രകടമാക്കി.
തിരഞ്ഞെടുപ്പുകള്‍ക്കു പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഈ മാസമവസാനമോ ഫെബ്രുവരിയിലോ ഏകദിന ശില്‍പശാല വിളിച്ചുചേര്‍ക്കാന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായിരുന്നു. അക്കാര്യമടക്കം അറിയിക്കാനാണു സംയുക്ത വാര്‍ത്താസമ്മേളനം നിശ്ചയിച്ചത്. എന്നാല്‍, നേതാക്കള്‍ ഒന്നിച്ചിരിക്കാന്‍ തയാറാകാത്തതിനാല്‍, തീരുമാനം ഔദ്യോഗികമായി അറിയിക്കാന്‍ പോലും പാര്‍ട്ടിക്കായിട്ടില്ല. എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി ചേരണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം നിലവിലെ സ്ഥിതിയില്‍ പാലിക്കപ്പെടാനുള്ള സാധ്യതയും വിദൂരം.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്നാണ് സതീശന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയെയാണ് നിലപാട് അറിയിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് സുധാകരന്‍ ദീപ ദാസ് മുന്‍ഷിയെ അറിയിച്ചിട്ടുണ്ട്.
അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കെ സുധാകരന്‍ അയോഗ്യനാണെന്ന് വി ഡി സതീശന്‍ നേതൃത്വത്തെ അറിയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷനെ വിശ്വാസത്തില്‍ എടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരന് ഉള്ള പിന്തുണയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെന്നിത്തല പരസ്യമാക്കി.
പ്രതിപക്ഷ നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് കെ സുധാകരന്‍ ദീപ ദാസ് മുന്‍ഷിയെ അറിയിച്ചു.സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാല്‍ സാമുദായിക സമവാക്യങ്ങളില്‍ വിള്ളല്‍ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട് .
അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ ആന്റോ ആന്റണിയും നീക്കം സജീവമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയോടെയാണ് ഈ നീക്കം എന്നാണ് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും അവകാശവാദം ഉന്നയിച്ചു. അതേസമയം തിരുവനന്തപുരം നഗരസഭയുടെ ഭരണം തിരിച്ചു പിടിച്ചതിനു ശേഷം അക്കാര്യം പരിഗണിക്കാം എന്നായിരുന്നു എഐസിസി പ്രതിനിധികളുടെ മറുപടി. വി എസ് ശിവകുമാര്‍, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കളും അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി.
ഇതിനിടെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയില്ലെന്ന് കെ.സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇതൊരു ആഢംബരമോ അലങ്കാരമോ അല്ല. ആര്‍ക്കും ഏത് പ്രസിഡന്റിനേയും വെക്കാം. ആ പ്രസിഡന്റിന് സഹകരണം കൊടുക്കും. പാര്‍ട്ടില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അത്തരം ചര്‍ച്ചകള്‍ക്ക് ആരും എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വലിയ സ്വപ്നമല്ല. മുഖ്യമന്ത്രി സ്ഥാനം പോലും സ്വപ്നമല്ല. ഞാന്‍ അതിനൊന്നും ശഠിക്കാന്‍ പോകുന്നില്ല. എന്റെ രാഷ്ട്രീയം സിപിഎമ്മിനെതിരായ കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ആറ് വയസുമുതല്‍ സിപിഎമ്മിനെതിരേ പോരാടുന്നയാളാണ്. ആ പോരാട്ടം തുടരും. അതിന്റെ ഭാഗമായി പിണറായി വിജയനെ വീണ്ടും അധികാരത്തില്‍ എത്തിക്കാതിരിക്കുകയാണ് ലക്ഷ്യം.- സുധാകരന്‍ പറഞ്ഞു.
എല്ലാവര്‍ക്കും ആവശ്യമുണ്ടെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റായി തുടരാന്‍ സമ്മതിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റായിയില്ലെങ്കില്‍ വായുവില്‍ പറന്നു പോകില്ല. ഞാന് ജനമനസിലുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുണ്ടാകും പക്ഷേ, മത്സരിക്കാന്‍ താല്പര്യമില്ല. നേതൃമാറ്റ ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നില്ല. അങ്ങനെ ഒരു ചര്‍ച്ച വന്നാലും അതിന് ആരും എതിരല്ല. ന്യായാന്യായം നോക്കി യുക്തമായ തീരുമാനം കേന്ദ്ര നേതൃത്വത്തിന് എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.