തൃശൂര്‍: കെപിസിസി പുനഃസംഘടനയെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുനഃസംഘടനയില്‍ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതിയായവരുമായ നിരവധി യുവജനങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ടീം കെപിസിസി ആണോ പട്ടിക തയ്യാറാക്കിയതെന്ന ചോദ്യത്തിന് അത് കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പട്ടിക കൂടിയാലോചിച്ചു പ്രഖ്യാപിച്ചതാണോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. കൂടുതല്‍ പറയാനില്ലെന്ന് പറഞ്ഞ് വി.ഡി. സതീശന്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

പുനഃസംഘടനയില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും അതൃപ്തി നിലനില്‍ക്കുന്നുണ്ട്. സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ പ്രധാന പരാതി. സംഘടന തെരഞ്ഞെടുപ്പില്‍ നായര്‍-മുസ്ലീം വിഭാഗങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചതായും ഒരു വിഭാഗം ആരോപണമുയര്‍ത്തുന്നു.

കെ. മുരളീധരനും പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. താന്‍ നിര്‍ദ്ദേശിച്ച ഒരാളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹം അതൃപ്തി അറിയിച്ചു. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേണ്ടത്ര പരിഗണിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റുമാരായിരുന്ന റിജില്‍ മാങ്കുറ്റി, റിയാസ് മുക്കോളി, എന്‍.എസ്. നുസൂര്‍, എസ്.എം. ബാലു എന്നിവരെ ഒഴിവാക്കി കെ.എസ്. ശബരിനാഥനെ മാത്രം പരിഗണിച്ചെന്നതാണ് ഒരു പ്രധാന പരാതി.

കെപിസിസി ഭാരവാഹികളാകുമെന്ന പ്രതീക്ഷയിലുണ്ടായിരുന്ന ചാണ്ടി ഉമ്മന്റെ അനുകൂലികളും പട്ടികയില്‍ ഇടം കിട്ടാത്തതില്‍ അതൃപ്തരാണ്. ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട്റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്റെ പ്രതികരണം ഇതിനോടകം വിവാദമായിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് അപമാനിച്ച് പുറത്താക്കിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എഐസിസി വക്താവ് ഷമ മുഹമ്മദും പുനഃസംഘടനയിലെ നീരസം പരസ്യമാക്കിയിട്ടുണ്ട്. 'കഴിവ് ഒരു മാനദണ്ഡമാണോ?' എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ നീരസം വ്യക്തമാക്കിയത്. എന്നാല്‍, കോണ്‍ഗ്രസ് ഒരു 'ജംബോ പാര്‍ട്ടി' ആണെന്നും അതിന് 'ജംബോ നേതൃത്വം' വേണമെന്നുമാണ് കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചത്.

13 വൈസ് പ്രസിഡന്റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തിയാണ് കെപിസിസി വിപുലമായ പട്ടിക പുറത്തിറക്കിയത്. രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെക്കൂടി അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെയും കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചു.