- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തരിയില്‍ കല്ലുകടിക്കുന്നോ? കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി; കെ സി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്ന് ആക്ഷേപം; വിമര്‍ശനങ്ങള്‍ വകവെക്കാതെ മുന്നോട്ടു നീങ്ങാന്‍ നേതൃത്വവും; പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു; ഡിസിസിയിലും അഴിച്ചുപണി ഉടന്‍
പുത്തരിയില്‍ കല്ലുകടിക്കുന്നോ? കെപിസിസി പുനഃസംഘടനയില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തി കൊണ്ട് ഒരു തീരുമാനം എടുക്കുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യമാണ്. മുന്‍കാലങ്ങളില്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു എങ്കില്‍ ഇപ്പോള്‍ പരസ്യ തമ്മിലടി കുറവാണെന്ന് മാത്രം. എന്നാല്‍, ഒരു വശത്ത് മുറുമുറുപ്പിന് കുറവില്ല താനും. കെപിസിസി പുനസംഘടനയില്‍ അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നുവെന്നാണ് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍. ഇന്നലെ എംപിമാരില്‍ ചിലര്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തില്ല. ഇതിലേക്ക് നയിച്ചത് ഇപ്പോള്‍ പുറത്തുവരുന്ന തീരുമാനത്തിലെ അതൃപ്തിയാണെന്നാണ് റിപ്പോട്ടുകള്‍.
കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കണ്‍വീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ വിമര്‍ശനം. കെസി വേണുഗോപാല്‍ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്നും പരാതിയുണ്ട്. അതേസമയം ഇത്തരം പരാതികളൊന്നും ഗൗനിക്കാതെ മുന്നോട്ടു പോകാനാണ് ഹൈക്കമാന്‍ഡ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്ന കാര്യം. പുതുതായി നിയമിതരായ കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി പുതിയ ടീം ചര്‍ച്ചനടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കേരളത്തില്‍നിന്നുള്ള വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് ക്ഷണം. വ്യക്തികേന്ദ്രീകൃത നേതൃത്വം എന്നതിനെക്കാളുപരി ഒരു ടീം എന്നനിലയിലാണ് ഹൈക്കമാന്‍ഡ് പുതിയ നേതൃസംവിധാനം വിഭാവനംചെയ്തിരിക്കുന്നത്.
ഇതിന്റെ തുടര്‍ച്ചയായി കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തലങ്ങളിലും മാറ്റംവരാം. മുഴുവന്‍ ഭാരവാഹികളെയും മാറ്റുമോ അതോ കുറച്ചുപേരെ മാത്രം മാറ്റി ഭാഗികപുനഃസംഘടനയാണോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. വര്‍ക്കിങ് പ്രസിഡന്റായി ഒരു വര്‍ഷം തികയുംമുന്‍പ് ടി.എന്‍. പ്രതാപനെ മാറ്റിയ സ്ഥിതിക്ക് സമ്പൂര്‍ണ പുനഃസംഘടനയാകും ഉദ്ദേശിക്കുകയെന്ന് കരുതുന്നു.
നിലവില്‍ 32 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും കെപിസിസിക്കുണ്ട്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കൂടുതല്‍ ഭാരവാഹികളെ നിയമിക്കാനും സാധ്യതയുണ്ട്. ട്രഷറര്‍സ്ഥാനത്തും ഒഴിവുണ്ട്. പുനഃസംഘടനയ്ക്കുള്ള ഒരു ബ്ലൂ പ്രിന്റ് സംസ്ഥാനനേതൃത്വത്തിന്റെ മനസ്സിലുണ്ട്. അതിന് എഐസിസിയുടെ അംഗീകാരംവാങ്ങി മുന്നോട്ടുനീങ്ങാനാണ് സാധ്യത. ഡിസിസി പ്രസിഡന്റുമാരിലും ഉടനടി മാറ്റത്തിനാണ് സാധ്യത. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് എഐസിസിയുടെ മേശപ്പുറത്തുണ്ട്.
ഇന്നലെ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നടന്ന ചടങ്ങിലാണ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി ചുമതലയേറ്റത്. കെ സുധാകരനില്‍ നിന്നാണ് ചുമതല ഏറ്റുവാങ്ങിയത്. സുധാകരനും കെസി വേണുഗോപാലും വിഡി സതീശനും ചെന്നിത്തലയും ഉള്‍പ്പെടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. താന്‍ കെപിസിസി അധ്യക്ഷനായി ഇരിക്കുന്ന കാലത്തുണ്ടായ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു സ്ഥാനമൊഴിഞ്ഞ കെ സുധാകരന്റെ പ്രസംഗം. സിയുസി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അത് സണ്ണിയെ ഏല്‍പ്പിക്കുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു. തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം ഉണ്ടാക്കാന്‍ കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്‌നമല്ല. പ്രവര്‍ത്തകര്‍ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാന്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
കെപിസിസിക്ക് പുതിയ ഭാരവാഹികളെത്തുമ്പോള്‍ ഭരണമാറ്റമുണ്ടാക്കുക എന്ന ഒറ്റലക്ഷ്യമാണ് കോണ്‍ഗ്രസിനു മുന്‍പിലുള്ളത്. അതിനുവേണ്ട സംഘടനാസംവിധാനം ഒരുക്കണമെന്ന നിര്‍ദേശം എഐസിസി നല്‍കിയിട്ടുണ്ട്. ടീമിനെ ശക്തമാക്കാന്‍ ഏതുതലത്തില്‍ ഏതുരീതിയിലുള്ള മാറ്റത്തിനും സണ്ണിജോസഫിന് നടപടി സ്വീകരിക്കാമെന്ന ക്ലീന്‍ചിറ്റ് എഐസിസി നല്‍കിയിട്ടുണ്ടെന്ന് സംഘടനാചുമതലയുള്ള ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ സ്ഥാനാരോഹണച്ചടങ്ങില്‍ വ്യക്തമാക്കി. ഒന്നിച്ചുനിന്നാല്‍ ജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍വരുമെന്ന് ഞങ്ങള്‍ വാക്കുതരുന്നു -ഇതായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മറുപടി. ''ശക്തമായ ഒരു രണ്ടാംനിരയുണ്ട്. അവരെയെല്ലാം അണിനിരത്തി മുന്നോട്ടുപോകും.'' -സതീശന്‍ പറഞ്ഞു. ''നിങ്ങള്‍ ഒന്ന് ഒരുമിച്ച് നില്‍ക്ക്'' എന്നാണ് ജനങ്ങള്‍ക്ക് പറയാനുള്ളതെന്ന ആത്മവിമര്‍ശനമായിരുന്നു രമേശ് ചെന്നിത്തലയുടേത്. ഒരുമിച്ചുപോകും. അത് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാതെ വിജയത്തിലെത്താനാവില്ലെന്നും അതിന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ലക്ഷ്യം, നൂറു സീറ്റുനേടിയ 2001 ആവര്‍ത്തിക്കലാണെന്ന് ഷാഫി പറമ്പിലാണ് പ്രഖ്യാപിച്ചത്. ഒരുമിച്ചുള്ള യാത്ര തുടങ്ങിയെന്ന് പി.സി. വിഷ്ണുനാഥും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് തുടങ്ങുകയാണെന്ന് കെ.പി. അനില്‍കുമാറും പറഞ്ഞു.
എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രവര്‍ത്തനമായിരിക്കും തന്റേതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയിപ്പിക്കുക എന്നതാണ് ദൗത്യം. - സണ്ണി ജോസഫ് പറഞ്ഞു. കര്‍ഷക കുടുംബത്തില്‍നിന്നാണ് പൊതുരംഗത്തേക്ക് വന്നത്. സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിയും. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഇന്ന് പയറ്റുന്നത് ബിജെപിയാണ്. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ. -സണ്ണി ജോസഫ് പറഞ്ഞു.