- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിക്ക് 'തൊടുമ്പോള്‍ മാത്രം വേദന'; ആയുധവുമില്ല, മുറിവുമില്ല; വധശ്രമക്കേസ് ചീറ്റി; ജയില്‍ മോചിതരായ കെഎസ് യു നേതാക്കള്‍ക്ക് വീരോചിത സ്വീകരണം; കള്ളക്കേസ് ചമച്ചവര്‍ക്ക് തിരിച്ചടി
ജയില്‍ മോചിതരായ കെഎസ് യു നേതാക്കള്‍ക്ക് വീരോചിത സ്വീകരണം

കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചുവെന്ന കേസില്‍ രണ്ടാഴ്ചയായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന കെഎസ്യു നേതാക്കള്‍ പുറത്തിറങ്ങി. കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി അതുല്‍, അക്ഷയ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ് എന്നിവരാണ് ജയില്‍ മോചിതരായത്.
വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റമായിരുന്നു പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയത്. പ്രതികള്‍ക്ക് വ്യാഴാഴ്ച പ്രിന്‍സിപ്പല്‍ സെഷന്‍സ്'ജഡ്ജ് കെ ടി നിസാര്‍ അഹമ്മദ് ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂര്‍ തെക്കീബസാറിലെ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെഎസ്യു നേതാക്കളെ ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മേയര്‍ അഡ്വക്കറ്റ് പി ഇന്ദിര, മുന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍ , കെ.പി.സി.സി ജന: സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, സുരേഷ് ബാബു എളയാവൂര്‍, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
കഴിഞ്ഞ മാസം 25 ന് നടന്ന സംഭവത്തില്‍ 26 ന് പുലര്‍ച്ചെയാണ് ജില്ലാ പ്രസിഡന്റ് അടക്കമുള്ള കെഎസ് യു പ്രവര്‍ത്തകര്‍ റിമാന്‍ഡിലായത്.
കെ.എസ്. യു. ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍, വി.വി.അക്ഷയ്, സി.എച്ച്. മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരാണ് ജയില്‍ മോചിതരായത്.
അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വാദങ്ങള്‍ പൊളിഞ്ഞതോടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ കോടതിയില്‍ വഴിയൊരുങ്ങിയത്. വീണ ജോര്‍ജിന്റെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
പ്രതികള്‍ കഴുത്തിന് ആക്രമിച്ചതായി ഈ റിപ്പോര്‍ട്ടിലില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിന്റെ പലഭാഗങ്ങളില്‍ തൊടുമ്പോള്‍ വേദന മാത്രമാണ് ഉള്ളത്. എന്നാല്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ ഉണ്ടായിരുന്നത്. ആയുധം ഉപയോഗിച്ചില്ലെന്ന് പോലീസും മൊഴി നല്‍കിയിരുന്നു.
അന്നേ ദിവസം ഉണ്ടായ പ്രതിഷേധത്തില്‍ കഴുത്തിന് പരിക്കേറ്റെന്ന് ആരോപിച്ച് മന്ത്രി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ജില്ലാ ആശുപത്രിയിലെ ആക്‌സിഡന്റ് രജിസ്റ്റര്‍ കം വൂണ്ട് സര്‍ട്ടിഫിക്കറ്റാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനു ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടുന്നാണ് മന്ത്രി കോട്ടയത്തേക്ക് പോയത്.


