തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും കരകയറാന്‍വേണ്ടി പലവിധത്തിലുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റാന്‍ പോകുന്നത്. ഇടതു മുന്നണിയില്‍ നിന്നും ഒലിച്ചുപോയ ന്യൂനപക്ഷ വോട്ടുകളും മറ്റു സമുദായ വോ്ട്ടുകളും തിരിച്ചു പിടിക്കാനും സര്‍ക്കാറിന്റെ അടിത്തറ വിപുലപ്പെടുത്താനും ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവോത്ഥാനസമിതി വഴി സമുദായ സംഘടനകളിലേക്ക് പാലമിടാന്‍ സിപിഎ ഉന്നമിടുന്നു.

വിവിധ പട്ടികജാതി, പിന്നാക്ക സംഘടനകളെ ഒപ്പംനിര്‍ത്തുകയാണ് ലക്ഷ്യം. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. സോമപ്രസാദ്, നവോത്ഥാനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഡിഎഫ് നേതാവുമായ പി. രാമഭദ്രന്‍ എന്നിവര്‍ക്ക് ഇതിന്റെ ചുമതല നല്‍കി. ഇടതുമുന്നണിയുമായി ഇടഞ്ഞുനില്‍ക്കുന്ന കെപിഎംഎസ് നേതൃത്വത്തെ ഒപ്പംനിര്‍ത്താന്‍ ചര്‍ച്ച നടത്തും.

സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിലൂടെ, നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ക്കു പകരം വോട്ട് ബാങ്ക് സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍. സി.കെ. ജാനുവിന്റെ പാര്‍ട്ടിയും ഫോര്‍വേഡ് ബ്ലോക്ക് വഴി ചില സമുദായ സംഘടനകളും യുഡിഎഫുമായി സഹകരിക്കുന്ന പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗം തേടണമെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്.

പി. രാമഭദ്രന്റെ നേതൃത്വത്തില്‍ വിവിധ സമുദായ സംഘടനകളെ ചേര്‍ത്ത് അടുത്തിടെ ആരംഭിച്ച സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ഫെഡറേഷനെ രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റുന്നതിനുള്ള ശ്രമമവും നടക്കുന്നുണ്ട്. ദളിത് ആദിവാസി മഹാസഖ്യം, ചില മുസ്‌ലിം സംഘടനകള്‍ എന്നിവരെയും പുതിയ പാര്‍ട്ടിയുമായി സഹകരിപ്പിക്കാന്‍ ചര്‍ച്ച നടക്കുകയാണ്.

മുഖ്യമന്ത്രിയുമായും സിപിഎം, സിപിഐ നേതൃത്വവുമായും അടുപ്പമുള്ള പി. രാമഭദ്രന്‍ ഇടതുമുന്നണിയുമായി സഹകരിച്ചാണ് പോകുന്നത്.നവോത്ഥാനസമിതിയുടെ ചില നേതാക്കളെ ഇടതു സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്. പി. രാമഭദ്രന്‍, മലയരയ ഐക്യസമിതി നേതാവ് പി.കെ. സജീവ്, സാംബവ മഹാസഭ നേതാവ് രാമചന്ദ്രന്‍ മുല്ലശ്ശേരി തുടങ്ങിയവരെ മത്സരിപ്പിക്കാനാണ് ആലോചന

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തില്‍ കുറ്റപ്പെടുത്തല്‍ ഒഴിവാക്കി എല്‍ഡിഎഫിലെ ഘടകകക്ഷികള്‍. അമിത ആത്മവിശ്വാസം വിനയായെന്നും കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വീഴ്ചപരിഹരിച്ച് ഭരണത്തുടര്‍ച്ച നേടാനാകൂവെന്നുമാണ് യോഗത്തിന്റെ പൊതുവിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഇടതുപക്ഷത്തിനെതിരേ കാര്യമായി പ്രതിപക്ഷം ഉപയോഗിച്ചു. ഇത് വോട്ടര്‍മാരെ സ്വാധീനിച്ചു. അത് നേരിടുന്നതിനുള്ള ബദല്‍പ്രചാരണം ശക്തമാക്കണമെന്നും കക്ഷിനേതാക്കള്‍ ചൂണ്ടിക്കാട്ടി. അണികളില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ വേണ്ടിയാണ് ശ്രമങ്ങള്‍ വേണ്ടതെന്നാണ ഉയര്‍ന്ന നിര്‍ദേശം.

സര്‍ക്കാരിന്റെ പോരായ്മയും മുഖ്യമന്ത്രിയുടെ മനോഭാവവും ഇടതുപക്ഷത്തിന് ദോഷം ചെയ്തുവെന്ന് സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ സ്വന്തംനിലയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അതൊന്നും ഇടതുമുന്നണിയോഗത്തില്‍ ആരും ഉന്നയിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുമായി ഇടതുമുന്നണി മൂന്ന് മേഖലാ ജാഥകള്‍ നടത്താനും തീരുമാനമായി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാജാഥ ഫെബ്രുവരി ഒന്നിന് മഞ്ചേശ്വരത്തുനിന്ന് തുടങ്ങും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായി തെക്കന്‍മേഖലാജാഥ ഫെബ്രുവരി നാലിന് തൃശ്ശൂര്‍ ചേലക്കരയില്‍നിന്നും മധ്യമേഖലാ ജാഥ കേരളാകോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ആറിന് അങ്കമാലിയില്‍നിന്നും തുടങ്ങുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേ ഫെബ്രുവരി 12-ന് നടത്തുന്ന രാജ്യവ്യാപക സമരത്തിന് എല്‍ഡിഎഫ് പിന്തുണ നല്‍കും. കേന്ദ്രത്തിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരായി ഈ മാസം 12-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും രക്തസാക്ഷിമണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ സത്യാഗ്രഹം നടത്തുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍നേട്ടങ്ങളെ മറികടക്കാന്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വര്‍ഗീയ ധ്രുവീകരണം നടത്തിയെന്നും ടി.പി. രാമകൃഷ്ണന്‍ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയവിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.