- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് കള്ളപ്പണത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു; നാരോ എസ്കേപ്പ് ആണുണ്ടായത്; കോണ്‍ഗ്രസ് നടത്തിയ നാടകം പൊളിഞ്ഞു; പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തീരെ വകവയ്ക്കുന്നില്ലെന്നും മന്ത്രി എം ബി രാജേഷ്
കോണ്‍ഗ്രസ് നടത്തിയ നാടകം പൊളിഞ്ഞു
പാലക്കാട്: പാലക്കാട്ടെ ഹോട്ടലില്‍, പോലീസ് പരിശോധനയുടെ പേരില്‍ കോണ്‍ഗ്രസ് നടത്തിയ നാടകം പൊളിഞ്ഞെന്ന് മന്ത്രി എം.ബി. രാജേഷ്. പോലീസ് കള്ളപ്പണത്തിന്റെ തൊട്ടടുത്തെത്തിയിരുന്നു. സംഘര്‍ഷമുണ്ടാക്കി പണം സ്ഥലത്തുനിന്ന് മാറ്റിയെന്നും രാജേഷ് പറഞ്ഞു. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് നാടകം നടത്തിയത് കോണ്‍ഗ്രസുകാരാണ്. പരിശോധനയെ ചെറുക്കാന്‍ സ്ത്രീകളെ മുന്നില്‍നിര്‍ത്തി നടത്തിയ നാടകം പൊളിഞ്ഞു. പരിശോധനയ്ക്കെതിരേ നടന്ന അസാധാരണമായ എതിര്‍പ്പിന്റെ കാരണം എന്തായിരുന്നു? പോലീസ് കള്ളപ്പണത്തിന്റെ തൊട്ടടുത്തെത്തിയിരുന്നു. നാരോ എസ്‌കേപ് ആണ് ഉണ്ടായത്. സംഘര്‍ഷത്തിന്റെ മറവില്‍ പണം മാറ്റി. കള്ളപ്പണം കൈകാര്യം ചെയ്യുന്നവര്‍ സ്മാര്‍ട്ട് ആയിരുന്നു എന്നാണ് അനുമാനിക്കാവുന്ന കാര്യം.
പോലീസ് എല്ലാ മുറികളും പരിശോധിച്ചു. സ്ഥലത്തുണ്ടായിരുന്ന രണ്ട് എംപിമാര്‍ അവിടെനിന്ന് പോയിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചെത്തിയത്. സി.സി ടിവി ദൃശ്യങ്ങള്‍ വന്നതോടെ കോണ്‍ഗ്രസ് പരത്തിയ എല്ലാ കള്ളവും ഒന്നിനുപിറകേ ഒന്നായി പൊളിഞ്ഞു. കള്ളപ്പണത്തിന്റെ ഇരട്ടക്കുട്ടികളാണ് കോണ്‍ഗ്രസും ബിജെപിയുമെന്നും രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നേതാവിന് വൈരനിര്യാതന ബുദ്ധിയാണ്. പലതും പകയോടെ മനസ്സില്‍ സൂക്ഷിച്ച് പെരുമാറുന്നതായാണ് മനസ്സിലാകുന്നത്. രാഷ്ട്രീയമായ വിമര്‍ശനങ്ങളെ വ്യക്തിനിഷ്ഠമായെടുത്ത് അധിക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക എന്നൊക്കെയുള്ളത് പ്രതിപക്ഷ നേതാവിന്റെ ശൈലിയാണ്. അദ്ദേഹത്തിന് ആരെയും അധിക്ഷേപിക്കാം, ഭീഷണിപ്പെടുത്താം. പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തീരെ വകവയ്ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടകയില്‍നിന്നും തെലങ്കാനയില്‍നിന്നും കള്ളപ്പണം ഒഴുകുകയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. ഈ പണം തിരഞ്ഞെടുപ്പില്‍ ഒഴുക്കാതിരിക്കാനുള്ള ജാഗ്രത ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാണിക്കും. പണവുമായി കടന്നുചെല്ലാന്‍ കഴിയാത്തവിധം ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാവല്‍നില്‍ക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.