ഇടുക്കി: ബിജെപിയില്‍ ചേര്‍ന്ന, സിപിഎമ്മിന്റെ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണമെന്നും പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും എം.എം. മണി മൂന്നാറില്‍ നടന്ന പൊതുയോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞു.

'പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ എന്തു ചെയ്യണമെന്ന് എന്റെ ഭാഷയില്‍ പറഞ്ഞാല്‍...' എന്നു പറഞ്ഞ ശേഷം, തീര്‍ത്തുകളയണം എന്ന രീതിയില്‍ കൈ കൊണ്ടുള്ള ആംഗ്യവും മണി കാണിച്ചു. 'രാജേന്ദ്രന്‍ ബിജെപിയുടെ ഓഫീസില്‍ പോയി മെമ്പര്‍ഷിപ്പ് എടുത്തിരിക്കുകയാണ്. അതിന് ഞങ്ങള്‍ക്കെന്ത് സംഭവിക്കാനാ. അയാളെവിടെ പോയി തുലഞ്ഞാലും ഞങ്ങള്‍ക്ക് എന്തേലും പ്രശ്നമുണ്ടോ? അയാളെവിടെ പോയി ചേര്‍ന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ബാധിക്കുന്ന പ്രശ്നമല്ല. ബിജെപിയില്‍ കേറിയെന്ന് കരുതി മെക്കട്ട് കയറാനാണ് രാജേന്ദ്രന്റെ ശ്രമമെങ്കില്‍ പണ്ട് ചെയ്യാന്‍ മടിച്ചതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നാണ് പറയാനുള്ളത്.' രാജേന്ദ്രനോട് തര്‍ക്കിക്കാനൊന്നും ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണെന്നും മണി പറഞ്ഞു.

പാര്‍ട്ടിക്കെതിരെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ തല്ലിക്കൊല്ലണമെന്നാണ് എനിക്ക് പറയാനുള്ളത്. വെറുതെ വിടാന്‍ പാടില്ല. നന്ദികേട് കാണിക്കാന്‍ പാടുണ്ടോ? ചുമ്മാതല്ല, പെന്‍ഷന്‍ മേടിച്ച് ഞണ്ണാം രാജേന്ദ്രന്. എംഎല്‍എ ആയിരുന്നാല്‍ ഞണ്ണാം. ജനിച്ചത് മുതല്‍ രാജേന്ദ്രനെ എംഎല്‍എ ആയി ചുമക്കേണ്ട ബാധ്യത എന്താണുള്ളത്? അയാള്‍ എവിടെ പോയി ചേര്‍ന്നാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ നേരിടും. മണി കൂട്ടിച്ചേര്‍ത്തു.

മൂന്നു തവണ ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലെത്തിയതിനാല്‍ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മണിയുടെ നേരത്തെയുള്ള പ്രതികരണം.