തിരുവനന്തപുരം: എ ഡി ജി പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എ ഡി ജി പിക്കെതിരായി ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

പി.ശശിക്കെതിരെ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. അത് ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫില്‍ പ്രതിസന്ധിയില്ല. ഘടകകക്ഷികള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി യോഗത്തില്‍ ഒറ്റക്കെട്ടായി എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുത്തത്.

ഇക്കാര്യത്തില്‍ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കും. എ ഡി ജി പി വിവാദത്തില്‍ സര്‍ക്കാറിന് ഒരു പ്രതിസന്ധിയുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന എല്‍ ഡി എഫ് യോഗത്തില്‍ എ.ഡി.ജി.പിക്കെതിരെ നടപടിയെടുക്കണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍, അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.